2019ലേതിനേക്കാള്‍ നേരിയ കുറവ്; ആദ്യ രണ്ടുമണിക്കൂറില്‍ 12.26 ശതമാനം പോളിങ്

2019ലേതിനേക്കാള്‍ നേരിയ കുറവ്; ആദ്യ രണ്ടുമണിക്കൂറില്‍ 12.26 ശതമാനം പോളിങ്

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 12.26 ശതമാനം പോളിങ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്ന് വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14.2 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

ഇത്തവണ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലും ആലപ്പുഴയിലുമാണ്. യഥാക്രമം 13.29 ശതമാനം, 13.15 ശതമാനം. മലബാര്‍ മേഖലയിലാണ് കുറവ്. കോഴിക്കോടും വടകരയിലും മലപ്പുറത്തും പോളിങ് 11 ശതമാനം കടന്നിട്ടുള്ളൂ. പലയിടങ്ങളിലും ബൂത്തില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരുംമണിക്കൂറുകളില്‍ പോളിങ് ഉയരുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ.

രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. 2.77 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്തെ വോട്ടിങ് കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

കള്ളവോട്ടിന് ശ്രമം ഉണ്ടായാല്‍ കര്‍ശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 7 ജില്ലകളില്‍ പൂര്‍ണ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

8 വർഷമായി മായാതെ ചൂണ്ടു വിരലിലെ മഷി അടയാളം! വോട്ട് ചെയ്യാനാകാതെ 62കാരി

8 വർഷമായി മായാതെ ചൂണ്ടു വിരലിലെ മഷി അടയാളം! വോട്ട് ചെയ്യാനാകാതെ 62കാരി

പാലക്കാട്: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടു വിരലിൽ പതിച്ച മഷി ഇതുവരെ മായാത്തതിനാൽ നാളെ ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ വോട്ട് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയിൽ 62കാരി. കുളപ്പുള്ളി ​ഗുരുവായൂരപ്പൻ ന​ഗർ പൂളക്കുന്നത് വീട്ടിൽ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളിലാണ് ഇപ്പോഴും കറുത്ത വര മായാതെ നിൽക്കുന്നത്.

കുളപ്പുള്ളി എയുപി സ്കൂളിലാണ് 2016ൽ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല. തുടർന്നു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോയപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ എതിർത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാർട്ടി ഏജന്റുമാർ തർക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞത്.

അടയാളം മായ്ക്കാൻ സോപ്പും ചില ലയനികളുമെല്ലാം ഉപയോ​ഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തിൽ ചെന്നാൽ തർക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉഷ വോട്ട് ചെയ്തില്ല.

കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാ​ഗത്തെ അറിയിച്ചപ്പോൾ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നിൽക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ചർമ രോ​ഗ വിദ​ഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ചിലർക്ക് നഖത്തിനുള്ളിൽ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടർമാർ പറയുന്നു. പരിശോധിച്ചാൽ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവർ വ്യക്തമാക്കി.

മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കുറി 2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍(എംവിപിഎല്‍) നിന്ന് എത്തിച്ചത്.

ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലില്‍ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫീസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാല്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക.

ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടിയിട്ടുണ്ട്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു ഫോര്‍മുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും; ഇടിമിന്നലിനും സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റെ മരണം; ശാസ്ത്രീയ പരിശോധനയ്ക്കായി സിബിഐ സംഘവും ഫൊറന്‍സിക് ഉദ്യോഗസ്ഥരും കോളേജില്‍

സിദ്ധാര്‍ത്ഥന്റെ മരണം; ശാസ്ത്രീയ പരിശോധനയ്ക്കായി സിബിഐ സംഘവും ഫൊറന്‍സിക് ഉദ്യോഗസ്ഥരും കോളേജില്‍

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. സിബിഐ ഡിഐജി, എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദര്‍വേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് സംഘത്തിലുള്ളത്.

സിദ്ധാര്‍ത്ഥന്‍ മരിച്ച ദിവസം സ്ഥലത്തുണ്ടായിരുന്നവര്‍ എല്ലാം ഇന്ന് ഹാജരാകണമെന്ന് സിബിഐ നിര്‍ദേശം നല്‍കിയിരുന്നു. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റും. സിബിഐ ആവശ്യപ്പെടുന്ന എല്ലാ രേഖഥകളും സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ബന്ധുക്കളടക്കം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ വാതില്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാര്‍ത്ഥികളടക്കം മൊഴി നല്കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.

സിബിഐ എസ്പിമാരായ സുന്ദര്‍വേല്‍, എന്‍കെ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗ സിബിഐ സംഘമാണ് വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നത്. ഇതില്‍ രണ്ട് മലയാളി ഉദ്യോഗസ്ഥരുണ്ട്. നേരത്തെ സിദ്ധാര്‍ത്ഥന്റെ ബന്ധുക്കളുടെയും ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റലില്‍ പ്രാഥമിക പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു.

ശബരിമല നട തുറന്നു; വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

ശബരിമല നട തുറന്നു; വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും.

ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക.

14 ന് പുലര്‍ച്ചെ മൂന്നിന് നട തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നീടാണ് ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്‍കുക. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. 18 ന് രാത്രി 10 ന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.