സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നടപടി; പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറന്നു

സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നടപടി; പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറന്നു

വയനാട്: ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറന്നു. കോളജില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരുന്നു. വൈസ് ചാന്‍സലറെ നിയമിച്ചത് സര്‍ക്കാരാണ് .ഇത് സര്‍ക്കാരിനെ അറിയിക്കാത്തതില്‍ മാത്രമാണ് സര്‍ക്കാരിന് എതിര്‍പ്പുണ്ടായത്. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കമന്റേറ്റർ ആയി ഒരിക്കൽ കൂടി ആറ്റിങ്ങൽകാരൻ എത്തുന്നു

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കമന്റേറ്റർ ആയി ഒരിക്കൽ കൂടി ആറ്റിങ്ങൽകാരൻ എത്തുന്നു

ആറ്റിങ്ങൽ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കമന്റേറ്റർ ആയി ഒരിക്കൽ കൂടി ആറ്റിങ്ങൽകാരൻ എത്തുന്നു. പരേതനായ അധ്യാപകൻ ഇ അബ്ദുൽ ബഷീറിന്റെയും ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ നിന്നും റിട്ടയേർഡ് ആയ പ്രൊഫസർ സീനയുടെയും മകനാണു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അജാസ് ബഷീർ. ഇത് രണ്ടാം തവണയാണ് ആറ്റിങ്ങൽ ചലഞ്ചേർസ് ക്ലബ് അംഗം കൂടിയായ അജാസ് ബഷീർ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കമന്റേറ്റർ ആയി എത്തുന്നത്. ഷാർജാ, ഹൈദരാബാദ്, ചണ്ഡീഗഡ്, തിരുവനന്തപുരം, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ ആണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. കേരള സ്‌ട്രൈക്കേഴ്‌സ്, തെലുങ്ക് വാരിയർസ്, ചെന്നൈ റൈനോസ്, കർണാടക ബുൾ ഡോസാർ, പഞ്ചാബ്, ബംഗാൾ ടൈഗേഴ്‌സ്, ഭോജ്പുരി ദബാംഗ് എന്നീ 8 ടീമുകൾ ആണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ആറ്റിങ്ങൽ – അവനവഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ – അവനവഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ – അവനവഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. 2023 -24 സാമ്പത്തിക വർഷത്തെ പ്ലാൻ സ്കീമിൽ ഫണ്ട് ഉൾപ്പെടുത്തിയാണ് 50 ലക്ഷം രൂപ ചെലവിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. 2024 മാർച്ച് 07 രാവിലെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ ഒ.എസ്. അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സംസ്ഥാന സർക്കാരിന്റെ നയപരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി മാറ്റുന്നതെന്നും ഇത് സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മന്ത്രി തൻറെ പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ തിരുവനന്തപുരം അഡിഷണൽ മജിസ്ട്രേറ്റ് പ്രേംജി സ്വാഗതം ആശംസിച്ചു. ശിലാഫലകത്തിന്റെ അനാശ്ചാദനം എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി, വാർഡ് കൗൺസിലർ ലൈല ബീവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ .എസ് . ബാബു , നഹാസ് ആലംകോട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തഹസിൽദാർ ജാസ്മിൻ ജോർജ് നന്ദി പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണാ സമരം സംഘടിപ്പിച്ചു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണാ സമരം സംഘടിപ്പിച്ചു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിദ്ധാർത്ഥന്റെ മരണത്തിൽ യഥാർത്ഥ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം പ്രസിഡൻറ് നഹാസ് ആലംകോടിന്റെ നേതൃത്വത്തിൽ നടത്തിയ ധർണാസമരം യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. ജമീർ പാലാം കോണം സ്വാഗതം പറയുകയും ഹാരിസ് മജീദ് പി കെ, പേരൂർ നാസർ, ജുനൈദ് നഗരൂർ, ഷാജു എന്നിവർ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.

സഫീർ.എഫ് (36) നിര്യാതനായി

സഫീർ.എഫ് (36) നിര്യാതനായി

കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ എസ്. എസ്. വില്ലയിൽ (പുന്നവിള) (സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ, ബി -36) സഫീർ.എഫ് (36) നിര്യാതനായി.

ഭാര്യ: അനൂജ
മകൾ: അഭ്റ ഫാത്തിമ.

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും ഈ ദിവസം തന്നെയാണ് ലോകമെങ്ങും വനിതാ ദിനമായി ആചരിക്കുന്നത്? എന്തിനാണ് സ്ത്രീകൾക്ക് മാത്രമായി ഒരു ദിവസം? വനിതാ ദിനത്തിന്റെ പ്രസക്തി എന്താണ്? എങ്ങനെയാണ് മാർച്ച് 8 വനിതാ ദിനമായത്? എന്താണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം? വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഉൾപ്പടെയുള്ള വിശദാംശങ്ങൾ മനസിലാക്കാം.

മാർച്ച് എട്ട്, വനിതാ ദിനം
വനിതകൾക്ക് മാത്രമായി എന്തിനാണ് ഒരു പ്രത്യേക ദിവസം എന്ന് ചോദിക്കുന്നവരുണ്ട്. വനിതകളെ ആദരിക്കാൻ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, സ്ത്രീകൾ നേരിടുന്ന അസമത്വങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ പോരാടുന്നതിനും സമൂഹത്തിൽ തുല്യത കൈവരിക്കുന്നതിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനും സ്ത്രീകൾ ഉൾപ്പടെയുള്ള സമൂഹത്തെ പ്രചോദിതരാക്കാനുള്ള ദിവസമാണിത്.

വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
പരസ്പരം ആശംസകൾ കൈമാറാൻ മാത്രമുള്ള ദിവസമല്ല വനിതാ ദിനം. ഓരോ വനിതാ ദിനവും ഒരു ഓർമ്മപ്പെടുത്തലാണ്. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് മാത്രമല്ല, എല്ലാ വർഷവും മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന് പിന്നിലൊരു ചരിത്രമുണ്ട്. അധികമാർക്കും അറിയാത്ത പെൺ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടേയുമൊക്കെ ചരിത്രം. തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ സ്ത്രീ സമൂഹത്തെ ഓർമ്മിക്കുന്ന ദിവസം. ചരിത്രപരമായ ഒരു റാലിയുടെ ഓർമ്മ. അതുകൊണ്ട് തന്നെയാണ് വനിതാ ദിനം ഇത്രയേറെ പ്രാധാന്യത്തോടെ ഇന്നും ആചരിക്കുന്നതും ആഘോഷിക്കുന്നതും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസ്സിലെ സോഷ്യലിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ചരിത്രം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും തങ്ങളുടെ വോട്ടവകാശത്തിനും വേണ്ടി പോരാടിത്തുടങ്ങിയ കാലം. 1908 മാർച്ച് എട്ടിന് തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ (ഏകദേശം 12,000 മുതൽ 15,000 വരെ സ്ത്രീകൾ) ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. കൂടുതൽ നേരം ജോലിയും തുച്ഛമായ വേതനവും അംഗീകരിക്കാനാവുമായിരുന്നില്ല. ഇതിനെതിരെ സ്ത്രീശബ്ദമുയർന്നു. ഇതോടൊപ്പം വോട്ടവകാശത്തിനായും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനായും തൊഴിൽ സാഹചര്യം മികച്ചതാക്കുന്നതിനു വേണ്ടിയും പ്രതിഷേധക്കാർ സ്വരമുയർത്തി.

ഇതിന് ശേഷം 1909 ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. പിന്നീട് 1911-ൽ ജർമ്മനി, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലും വനിതാദിനം ആചരിച്ചു തുടങ്ങി. പതിയെ ഈ ദിനത്തിന്റെ വ്യാപ്തി വർധിച്ചു. 1977 ൽ ഐക്യ രാഷ്ട്ര സംഘടന മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ ഔദ്യോഗിക അംഗീകാരവും നൽകി.

പെൺപോരാട്ടത്തിന്റെ ദിനം, പെൺകരുത്തിന്റെയും

ഓരോ വനിതാ ദിനവും സ്ത്രീത്വത്തിന്റെ ആഘോഷമാണ്. ഇന്ന് ലിംഗ സമത്വം ഉറപ്പാക്കാനും, സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താനും സമൂഹത്തിൽ തുല്യത കൈവരിക്കാനുമെല്ലാം ഊർജ്ജം പകർന്നത് പെൺകൂട്ടത്തിന്റെ ഈ മുൻകാല പോരാട്ടവീര്യമാണ്. ആഗോളതലത്തിൽ വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിക്കുന്നുണ്ട്. ചൈന, റഷ്യ, ക്യൂബ, ജോർജിയ, വിയറ്റ്നാം തുടങ്ങിയ പല രാജ്യങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനം പൊതു അവധിയാണ്.

തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സ്ത്രീകൾ ഇന്ന് സമൂഹത്തിന് മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, സാമ്പത്തികം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ കരുത്തനായി മുന്നേറുകയാണ്. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്നത് ഒരു വെറും പറച്ചിലല്ല, തെളിയിച്ച് കാണിച്ചിരിക്കുന്നു.

എന്നാൽ ഇന്നും വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന ഒരു സ്ത്രീജനത നമുക്കിടയിലുണ്ടെന്ന വാസ്തവം വിസ്മരിക്കാനാവില്ല. എല്ലാ സ്ത്രീകളെയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. ഈ ദിവസം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും ലിംഗ സമത്വം നേടുന്നതിനുമായി ചർച്ചകളും ബോധവൽക്കരണ സെമിനാറുകളും മറ്റു നിരവധി പരിപാടികളുമെല്ലാം സംഘടിപ്പിക്കുന്നു.