ജീവനക്കാരുടെ ബോണസും ഉത്സവബത്തയും; വിതരണം നാളെ മുതല്‍

ജീവനക്കാരുടെ ബോണസും ഉത്സവബത്തയും; വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക.

4,000 രൂപയുടെ ബോണസ് ലഭിക്കാന്‍ അര്‍ഹത 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം വാങ്ങുന്നവര്‍ക്കാണെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ബാക്കിയുള്ളവര്‍ക്ക് ഉത്സവബത്ത ലഭിക്കും. പത്താം ശമ്പള പരിഷ്‌കരണം അനുസരിച്ച് ശമ്പളം വാങ്ങുന്നവരാണെങ്കില്‍ 2024 മാര്‍ച്ച് 31ന് ആകെ വേതനമായി 33,456 രൂപയോ താഴെയോ കൈപ്പറ്റിയവര്‍ക്കാണ് ബോണസ്.

വീട്ടുവാടക ബത്തയും മറ്റു നഷ്ടപരിഹാര ബത്തകളും ഒഴിവാക്കിയാണ് ആകെ ശമ്പളം കണക്കാക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. 20,000 രൂപ വരെ അഡ്വാന്‍സായി കൈപ്പറ്റാം. ആയിരത്തിന്റെ ഗുണിതങ്ങളായിരിക്കണം അപേക്ഷയിലൂടെ ആവശ്യപ്പെടേണ്ടത്. 5 മാസത്തെ തുല്യ ഗഡുക്കളായി ഒക്ടോബറിലെ ശമ്പളം മുതല്‍ തിരികെ പിടിക്കും. പാര്‍ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബാസൂത്രണ വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് 6,000 രൂപയാണ് അഡ്വാന്‍സ്. ഓണം കഴിഞ്ഞാല്‍ വിതരണം പാടില്ല.

ഓണം പ്രമാണിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓണം പ്രമാണിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 7000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ അനുവദിക്കാനും തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.ഇതിനായി 26.67 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

കഴിഞ്ഞദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍,- സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ഓണം ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കിയെന്നും ധനവകുപ്പ് അറിയിച്ചു.

തിരുവോണം ബമ്പര്‍ വില്‍പ്പന തകൃതി, 23 ലക്ഷത്തിലേയ്ക്ക്; പാലക്കാട് ഒരു വള്ളപ്പാട് മുന്നില്‍, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം

തിരുവോണം ബമ്പര്‍ വില്‍പ്പന തകൃതി, 23 ലക്ഷത്തിലേയ്ക്ക്; പാലക്കാട് ഒരു വള്ളപ്പാട് മുന്നില്‍, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് പ്രതീക്ഷകള്‍ പകര്‍ന്ന് ഇക്കുറിയും തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന പൊടിപൊടിക്കുന്നു. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് ഒരു വള്ളപ്പാട് മുന്നില്‍. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെ ആഞ്ഞുതുഴഞ്ഞ് തലസ്ഥാന നഗരിയുമുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളെയാണ്.

20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്‍ക്ക് ), 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ഇതോടെ ഇക്കുറിയുള്ളത് ആകെ അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങള്‍. 500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.

75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബമ്പര്‍ 2024 വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ( ഓഗസ്റ്റ് 1 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്.

അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറുലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. അത്തരത്തില്‍ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു.ഓണം ബമ്പര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ.

ആറ്റിങ്ങൽ ഭീമ ജൂവലറിയെ ഫോളോ ചെയൂ ….നിരവധി സമ്മാനങ്ങൾ നേടൂ

ആറ്റിങ്ങൽ ഭീമ ജൂവലറിയെ ഫോളോ ചെയൂ ….നിരവധി സമ്മാനങ്ങൾ നേടൂ

ആറ്റിങ്ങൽ ഭീമയുടെ പുതിയ ഇൻസ്റ്റാഗ്രാം പേജ് ഫോളോചെയ്യുന്നവർക്ക് സമ്മാനം. എല്ലാ മാസത്തിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ആകർഷകമായ സമ്മാനമാണ് ഭീമ നൽകുന്നത്.

https://www.instagram.com/attingalbhima?igsh=enBhcGhsbHdvZGF6

ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി….ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയി….

ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി….ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയി….

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കയ്യിലുള്ള കാശ് തീര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കല്‍ സ്വദേശിയെ ആണ് കാണാതായത്.

പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി ചെന്നിരുന്നില്ല. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കുട്ടി ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. 9.45 നാണ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ കുട്ടി ഇറങ്ങിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് കുട്ടി വര്‍ക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കൈവശം ഉണ്ടായിരുന്ന 100 രൂപ തീര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞില്ലെന്നും കുട്ടി പറഞ്ഞു. രാത്രി പതിനൊന്നരയോടെ കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ദേശീയ പാത നിർമ്മാണത്തിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കവർച്ച: മൂന്നു പേർ അറസ്റ്റിൽ

ദേശീയ പാത നിർമ്മാണത്തിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കവർച്ച: മൂന്നു പേർ അറസ്റ്റിൽ

ആറ്റിങ്ങൽ: ദേശീയ പാത നിർമ്മാണത്തിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കവർച്ച മൂന്നു പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത 66 ന്റെ നിർമ്മാണത്തിനായി കരാർ കമ്പനിയുടെ കൊല്ലമ്പുഴ, മാമം യാർഡുകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകൾ കമ്പികൾ അടക്കമുള്ള ലക്ഷകണക്കിന് രൂപ വില വരുന്ന നിർമ്മാണ സാമഗ്രികൾ കവർച്ച ചെയ്ത സംഘത്തിൽപ്പെട്ട പത്തനംതിട്ട ജില്ലയിൽ ആറന്മുള വില്ലേജിൽ താഴത്തേതിൽ വീട്ടിൽ മനോജ് (49), കല്ലമ്പലം തോട്ടയ്ക്കാട് വെടിമൺകോണം പുത്തൻവിള വീട്ടിൽ വിമൽരാജ് (34), വർക്കല ചെറുന്നിയൂർ വെണ്ണിയോട് വായനശാലയ്ക്ക് സമീപം മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ദേശീയപാതയുടെ കരാർ കമ്പനിയായ ആർ. ഡി. എസ് കമ്പനിയുടെ മുൻ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി മനോജ്, ഈ കേസിൽ പിടികൂടാൻ ഉള്ള ബീഹാർ സ്വദേശിയുമായി ചേർന്ന് കഴിഞ്ഞ കുറെ നാളുകളായി നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്തു വരികയായിരുന്നു. സാമഗ്രികൾ മോഷണം ചെയ്തതിനെ തുടർന്ന് കമ്പനി പോലീസിൽ പരാതി നൽകുകയും, തുടർന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷമത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ചെടുത്ത സാധന സാമഗ്രികൾ ചില സ്വകാര്യ നിർമ്മാണ കമ്പനികൾക്കും സ്വകാര്യ യാർഡുകളിലും പകുതി വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു ഈ സംഘം ചെയ്തു വന്നിരുന്നത്.

ക്രമക്കേടുകളെ തുടർന്ന് കമ്പനിയിൽ നിന്നും പുറത്താക്കിയ മനോജ് വിമൽ രാജ് കമ്പനി എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥനുമായി ചേർന്നാണ് ഇത്തരത്തിൽ മോഷണം നടത്തി വന്നിരുന്നത്. ലോറികളും എസ്കവേറ്ററും ഉപയോഗിച്ചാണ് ഇപ്രകാരം പ്രതികൾ മോഷണം നടത്തിയത്. പ്രതികൾ നാഷണൽ ഹൈവേയുടെ പണിക്കാരാണെന്നു വിചാരിച്ച് പോലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ ജി, എസ്.ഐ മാരായ സജിത്ത് എസ്, ജിഷ്ണു എം.എസ്, എസ്.സി. പി. ഒ മാരായ മനോജ്‌കുമാർ കെ, ശരത്കുമാർ എൽ.ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയിൽ വാങ്ങും.