ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിന് ജാമ്യം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും ജസ്റ്റിസ് എംഎം സുന്ദേരേഷും അനുവദിച്ചത്.

ശിവശങ്കറിനു ജാമ്യം നല്‍കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കു ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കി.

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യാപേക്ഷയെ എതിര്‍ത്തു.

ശിവശങ്കറിനു കസ്റ്റഡിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ചികിത്സ ലഭ്യമാക്കാമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും അദ്ദേഹത്തിനു ചികിത്സ തേടാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമം കൂടി വേണ്ടിവരില്ലേയെന്ന് ചൂണ്ടിക്കാട്ടിയ കോടതി രണ്ടു മാസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യ കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തെ വഴിതിരിച്ചു വിടാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 50കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 50കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതി ചോദ്യം ചെയ്തതോടെ മറ്റു യാത്രക്കാരും വിഷയത്തില്‍ ഇടപെട്ടു.

തുടര്‍ന്ന് യാത്രക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.യുവതിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം.

ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രയാന്‍–3; അടുത്തത് ചന്ദ്രന്‍

ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രയാന്‍–3; അടുത്തത് ചന്ദ്രന്‍

ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടു. പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണം കടന്ന് കുതിപ്പ് തുടരുകയാണെന്ന് ഐ.എസ്. ആര്‍. ഒ വ്യക്തമാക്കി. ഭൂമിയുടേയും ചന്ദ്രന്റേയും സ്വാധീനമില്ലാത്ത പാതയിലൂടെയാകും ഇനിയുള്ള നാല് ദിവസം പേടകം യാത്രചെയ്യുക.

തുടര്‍ന്ന് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ഓഗസ്റ്റ് 23ന് വൈകിട്ടോടെ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍. ജൂലൈ 14 ന് വിക്ഷേപിക്കപ്പെട്ട ശേഷം അഞ്ച് തവണയായാണ് ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തിയത്.

ചന്ദ്രോപരിതലത്തിൽ ആദ്യമായി ഇന്ത്യയുടെ ഒരു ലാൻഡർ സുരക്ഷിതമായി സോഫ്റ്റ്ലാൻഡ് ചെയ്യിപ്പിക്കുക, ലാൻഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കിവിട്ട് പര്യവേക്ഷണങ്ങൾ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലക്ഷ്യം

സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കാട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ അതിക്രമം.

കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സാധാരണ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവര്‍ അവധി ആയതിനാല്‍ അദ്ദേഹം മണികണ്ഠനെ ജോലി ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.

ഗ്യാസ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക്  ഇടിച്ചു കയറി

ഗ്യാസ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ഇളമ്പ തടം ജംഗ്ഷനിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് വീടിനു സമീപത്തേക്കു ഇടിച്ചുകയറി. വൈകുന്നേരം നാല് മണിക്കാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറുമായി പോയ ഭാരത് ഗ്യാസിന്റെ ലോറിയാണ് നിയന്ത്രണം വിട്ടത്. വലതുവശത്തെ മതിൽ തകർത്തതിന് ശേഷം വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വീടിൻറെ ഒരുവശം ഭാഗികമായി തകർന്നു. കാലി സിലിണ്ടറുകളായിരിന്നു വാഹനത്തിൽ എന്നതാണ് പ്രാഥമിക വിവരം. ആർക്കും അപകടമില്ല. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ കൈക്കൊണ്ടു.

കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു: കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും ശിക്ഷ

കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു: കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും ശിക്ഷ

കോഴിക്കോട്: കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷൽ. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിലാണ് മായം ചേർത്ത ശർക്കര വിറ്റത്. താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റെന്നാണ് കേസ്. 2020 ജനുവരി 11നാണ് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയിരുന്ന ഡോ. സനിന മജീദ് ശർക്കരയുടെ സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസർ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു.