by admin | Oct 1, 2021 | Latest News
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.




by admin | Oct 1, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്. ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്.

രക്തം ദാനം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമുള്ള ആര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം രക്തം ദാനം ചെയ്യാം. സ്ത്രീകള്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിയും. ആരോഗ്യമുള്ള എല്ലാവരും സന്നദ്ധ രക്തദാനത്തിന് തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.




by admin | Oct 1, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെ.പി.സി.സി നിയന്ത്രണത്തിലുള്ള ജയ്‌ഹിന്ദ് ടി.വിയുടെ ചെയര്‍മാന്‍ സ്ഥാനമടക്കമുള്ള ഒഴിഞ്ഞ് രമേശ് ചെന്നിത്തല. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ഒഴിഞ്ഞു. സെപ്‌തംബര്‍ 24ന് കെ.പി.സി.സി നേതൃത്വത്തിന് രാജി കത്ത് കൈമാറി.
കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റായ സാഹചര്യത്തില്‍ ഈ സ്ഥാനങ്ങളെല്ലാം പുതിയ നേതൃത്വം വഹിക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യം നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല.

രമേശ് ചെന്നിത്തലയുമായി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഈ പദവികളില്‍ ഏതിലെങ്കിലും ചെന്നിത്തലയെ നിലനിര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമം. മുതിര്‍ന്ന നേതതാക്കള്‍ അടക്കം കോണ്‍ഗ്രസിലെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് അണികള്‍ക്കിടയില്‍ മോശം സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

2004 ല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ചെന്നിത്തലയായിരുന്നു ഈ സ്ഥാനങ്ങള്‍ വഹിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷം വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായെങ്കിലും ഈ പദവികള്‍ ഏറ്റെടുത്തിരുന്നില്ല.



by admin | Oct 1, 2021 | Latest News
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ (81) അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എന്‍.വി ചെല്ലപ്പന്‍നായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.

എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവില്‍ വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായിരുന്നു. കെ. കരുണാകരന്‍, ഇ.കെ നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികള്‍ വഹിച്ചു.
ദേവസ്വം കമ്മീഷണര്‍ എന്ന നിലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.




by admin | Oct 1, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: രാജ്യത്ത് 26,727 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,37,66,707 ആയി.2,75,224 ആക്ടീവ് കേസുകളാണുള്ളത്. 277 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,48,339 കടന്നു. 3,30,43,144 പേര്‍ രോഗമുക്തരായി.

57,04,77,338 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇതില്‍ 15,20,899 സമ്പിളുകള്‍ പരിശോധിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ വ്യക്തമാക്കി.89.02 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് ഇതുവരെ നൽകിയിട്ടുണ്ട്. അതിൽ 64,40,451 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് നൽകിയത്.




Recent Comments