ബ്ലോക്ക് തല ഗ്രാമീണ ശുചിത്വ സർവ്വേ ഉദ്ഘാടനം ചെയ്തു

മുടപുരം: കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള കുടിവെള്ള ശുചിത്വ വകുപ്പും, സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമീണ ശുചിത്വ സർവ്വേയുടെ ചിറയിൻകീഴ് ബ്ലോക്ക് തല പരിശീലനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫി ൻ മാർട്ടിൻ, വനിതാ ക്ഷേമ ഓഫീസർ എസ് ഡോൺ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷജീറ, ഡോക്ടർ ശ്യാം ജി വോയിസ്, എന്നിവർ സംസാരിച്ചു. ജോയിന്റ് ബിഡിഒ എസ് ആർ രാജീവ് ക്ലാസെടുത്തു.

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,451 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 514 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 78,722 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 86 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 276 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,156 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6648 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 632, കൊല്ലം 402, പത്തനംതിട്ട 272, ആലപ്പുഴ 288, കോട്ടയം 212, ഇടുക്കി 362, എറണാകുളം 1733, തൃശൂര്‍ 440, പാലക്കാട് 257, മലപ്പുറം 487, കോഴിക്കോട് 744, വയനാട് 195, കണ്ണൂര്‍ 461, കാസര്‍ഗോഡ് 163 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,722 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,43,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,75,794), 50.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,34,65,199) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,85,198)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7722 പുതിയ രോഗികളില്‍ 6462 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1682 പേര്‍ ഒരു ഡോസ് വാക്‌സിനും 2734 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2046 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍, ശരാശരി 77,525 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1761 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.3 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10%, 10%, 19%, 14%, 17%, 6% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

കുടവൂർക്കോണം എച്ച്എസിലേക്ക് സിപിഐഎം കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

ആറ്റിങ്ങൽ: സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് CPIM കല്ലൂർക്കോണം, പേരാണം ബ്രാഞ്ചുകൾ സംയുക്തമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ പ്രവേശനം സാധ്യമാക്കുന്നതിനു് ഗവ.എച്ച് എസ് കുടവൂർക്കോണം പ്രധാന അധ്യാപികയ്ക്ക് സാനിറ്റൈസർ, തെർമൽ സ്കാനർ, മാസ്ക് തുടങ്ങിയവ കൈമാറി. പേരാണം ബ്രാഞ്ച് സെക്രട്ടറിയും കടയ്ക്കാവൂർ ഗ്രാമപഞ്ചായത് രണ്ടാം വാർഡ് മെമ്പറും ആയ സന്തോഷ്,കല്ലൂർകോണം ബ്രാഞ്ച് സെക്രട്ടറി നസീർ, ക്ഷേമകാര്യ സ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഷിജു, ബ്രാഞ്ചംഗങ്ങൾ ആയ ഗോപു പേരാണം, ആഷിക്, രാഹുൽ, സുനിൽകുമാർ, സുധാകരപിള്ള, ഉഷാകുമാരി, എന്നിവർ പ്രസ്തുത പ്രവർത്തനത്തിന് നേതൃത്വം ഏകി. ദിവസങ്ങൾക്ക് മുമ്പ് ഈ ബ്രാഞ്ചുകളും DYFI കല്ലൂർക്കോണം യൂണിറ്റും ചേർന്ന് പ്രസ്തുത സ്കൂളും പരിസരവും ശുചീകരിച്ച് ക്ലാസ് മുറികൾ ഉൾപ്പെടെ സാന്നിറ്ററൈസ് ചെയ്തിരുന്നു.

ചിറയിൻകീഴ് വീണ്ടും കഞ്ചാവ് വേട്ട; വൻ ഗുണ്ടാസംഘം അറസ്റ്റിൽ

ചിറയിൻകീഴ്: കൊലപാതകം , മോഷണം , വധശ്രമം ,പിടിച്ചുപറി അടക്കം ഒട്ടനവധി കേസ്സുകളിലെ പ്രതികളായ നാലംഗ സംഘത്തെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അഴൂർ പെരുങ്ങുഴി നാല് മുക്കിന് സമീപം വിശാഖ് വീട്ടിൽ ശബരി എന്ന് വിളിക്കുന്ന ശബരീനാഥ് (വയസ്സ് 42) ,വിളവൂർക്കൽ വില്ലേജിൽ ,ആൽത്തറ CSI ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ (വയസ്സ് 28) , കരകുളം കുളത്തുകാൽ ,പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (വയസ്സ് 31) , കരമന ആറന്നൂർ വിളയിൽ പറമ്പിൽ വീട്ടിൽ നിന്നും ഉള്ളൂർ എയിം പ്ലാസയിൽ താമസിക്കുന്ന വിപിൻ (വയസ്സ് 28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും പതിനൊന്ന് കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താനും , വിൽപ്പനക്കുമായി ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും കണ്ടെടുത്തു.

പിടിയിലായ സംഘത്തിലെ പ്രധാനി ശബരി കൊലപാതക കേസ്സിലും , കഞ്ചാവ് കടത്ത് കേസ്സിലും , അടിപിടി കേസ്സിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കൊലപാതക കേസ്സിൽ ജാമ്യത്തിൽ നിൽക്കവെ നാല് വർഷം മുമ്പ് തമിഴ്നാട് കേരളാ അതിർത്തിയായ അമരവിള വെച്ച് കഞ്ചാവ് കടത്തുന്നതിനിടയിൽ ആഡംബര കാറ് സഹിതം എക്സൈസിന്റെ പിടിയിൽ ആയിരുന്നു. ജയിലിൽ നിന്നിറങ്ങി വീണ്ടും വ്യാപകമായ രീതിയിൽ കഞ്ചാവ് കച്ചവടം തുടർന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. ഇയാൾക്ക് നൽകുവാനായി കഞ്ചാവ് എത്തിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ രണ്ടംഗ സംഘത്തെ പന്ത്രണ്ട് കിലോ കഞ്ചാവുമായി മൂന്നാഴ്ച മുമ്പ് പെരുങ്ങുഴിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. ആ കേസ്സിലെയും പിടികൂടാനുള്ള പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലായ ശബരി. മലയിൻകീഴ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പിടികിട്ടാനുള്ള പ്രതിയാണ് പിടിയിലായ സോഫിൻ. കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകകേസ്സ് നിലവിലുണ്ട്. മലയിൻകീഴ് പോലീസ് സ്‌റ്റേഷനിൽ ബോംബ് എറിഞ്ഞത് ഉൾപ്പെടെ ഇരുപതോളം കേസ്സിലെ പ്രതിയാണ് ഇയാൾ. പാച്ചല്ലൂർ സ്വദേശികൾ പിടിയിലായ കഞ്ചാവ് കേസ്സിലേക്കും ചിറയിൻകീഴ് പോലീസ് തിരക്കിവന്ന പ്രതിയാണ് ഇയാൾ.

കേരളാ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ ഗോഡൗണുകളിൽ വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിൽപ്പന നടത്തുന്നവരിലെ ജില്ലയിലെ മുഖ്യകണ്ണിയാണ് സോഫിൻ. നിരവധി മോഷണ കേസ്സിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായവരിലെ മറ്റൊരു പ്രതിയായ വിപിൻ. പൂജപ്പുര , കരമന , ബാലരാമപുരം സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണകേസ്സുകൾ നിലവിലുണ്ട്. കൊലപാതകശ്രമം അടക്കം നിരവധി ഗുണ്ടാആക്രമണ കേസ്സുകളിലെ പ്രതിയാണ് പിടിയിലായ അനീഷ് . ഇതിന് മുമ്പും പലതവണ ശബരിക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇവർ പോലീസിനോട് പറഞ്ഞു. പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

കിലോഗ്രാമിന് അയ്യായിരം രൂപക്ക് തമിഴ്നാട്ടിലെ ഉസ്ലാംപെട്ടിയിൽ നിന്നും , കമ്പത്ത് നിന്നും വാങ്ങുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത് . വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്.
ഈ കേസിലെ ഒന്നാം പ്രതി ശബരി LLB ബിരുദം ഉള്ള ആൾ ആണ് എന്നും മറ്റു കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമസഹായം നൽകാം എന്ന് പറഞ്ഞുയുവാക്കളെ ഗഞ്ചവിന്റെ കാരി യെഴ്‌സ് ആക്കുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്‌.

സ്കൂളുകളും , കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാന്നുന്നതിനായി തിരു: റേഞ്ച് ഡി.ഐ.ജി യുടെ നിർദ്ദേശപ്രകാരം തിരു: റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് കഞ്ചാവ് കച്ചവടക്കാരായ നാലംഗ ഗുണ്ടാസംഘം ഇപ്പോൾ അറസ്റ്റിലായത്. തിരു: റൂറൽ എ.എസ്.പി ഇ.എസ്സ് .ബിജുമോൻ,
ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബു, നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം റൂറൽ പോലീസുമായി ചേർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി റെയ്ഡുകളിലായി മാരക ലഹരി വസ്തുവായ എം.ഡി.എം.എ യും കിലോക്കണക്കിന് കഞ്ചാവും , അനവധി പ്രതികളെയും പിടികൂടിയിരുന്നു.

ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി .മുകേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷജീർ , നവാസ് , സുനിൽ സി.പി.ഒ അരുൺ , അനസ് തിരു:l റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എ.എസ്.ഐ ബി. ദിലീപ് , ആർ.ബിജുകുമാർ സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിക്കുകയായിരുന്നു. കോവിഡ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.