കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാര്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നട നടനും ഗായകനുമായ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര്‍ നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.

അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.

അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്‌. 2012 ല്‍ ‘ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍’ എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളില്‍ അവതാരകനായി തിളങ്ങി.

സന്തോഷ് അനന്ദ്രത്തിന്റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്.

കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ 50 ശതമാനം കഴിഞ്ഞു

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞ കഴിഞ്ഞത് വലിയ നേട്ടമാണ്. മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്സിനേഷന്‍ ഡ്രൈവാണ് ഇത്ര വേഗം ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേര്‍ക്ക് (1,33,59,562) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,86,21,737 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ഏതാണ്ട് ലക്ഷ്യത്തോടടുക്കുകയാണ്. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി വളരെ കുറച്ച് പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ ഉടന്‍തന്നെ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കേണ്ടതാണ്.

രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരില്‍ ചിലര്‍ കാലതാമസം വരുത്തുന്നതായാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

വക്കം മൗലവി, സ്വദേശാഭിമാനി സവിശേഷ തപാല്‍ കവറുകള്‍ പ്രകാശനം ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വക്കം മൗലവിയേയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും അനുസ്മരിപ്പിക്കുന്ന സവിശേഷ തപാല്‍ കവറുകള്‍ പുറത്തിറക്കി. മാസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സവിശേഷ കവറുകളുടെ പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ കേരള തപാല്‍ സര്‍ക്കിളിലെ മികച്ച വനിതാ ജീവനക്കാരി ഉള്‍പ്പെടെ, മികച്ച എട്ട് തപാല്‍ ജീവനക്കാര്‍ക്ക് ഡാക് സേവാ അവാര്‍ഡുകളും വിതരണം ചെയ്തു. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശൂലി ബര്‍മന്‍ അധ്യക്ഷയായിരുന്നു. മറിയാമ്മ തോമസ്, നിര്‍മ്മലാദേവി, സി.ആര്‍. രാമകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ആശങ്ക വേണ്ട; ജാഗ്രത തുടരണമെന്ന് റവന്യു, ജലവിഭവ വകുപ്പ് മന്ത്രിമാര്‍

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ന് തുറന്ന് 534 ഘന അടി വെള്ളമാണ് ഒഴുക്കിവിടുന്നതെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനു സാക്ഷ്യം വഹിച്ച ശേഷം തേക്കടിയില്‍ തിരികെ എത്തി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.ആവശ്യമെങ്കില്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുന്നതിനു ധാരണയായിട്ടുണ്ട്. കരുതല്‍ എന്ന നിലയില്‍ ഇടുക്കിയില്‍ നിന്ന് 100 കുമെക്‌സ് ജലം തുറന്നു വിടാനുള്ള അനുമതിയുണ്ട്.

സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരു സംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. റവന്യുമന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ‘റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്. നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരു സംസ്ഥാനങ്ങളുമായുണ്ടായി. ഡാമില്‍ നിന്നു പോകുന്ന വെള്ളം സുഗമമായി ഒഴുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യു മന്ത്രി കെ.രാജനും പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ താത്കാലിക വ്യവസ്ഥയില്‍ ലാബ് ടെക്‌നീഷ്യന്‍, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആറു മാസത്തേക്കാണ് നിയമനം.

ലാബ് ടെക്‌നീഷ്യന് സര്‍ക്കാര്‍ അംഗീകൃത പാരാ മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ലഭിച്ച ബി.എസ്.സി. എം.എല്‍.റ്റി അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടുവും മലയാളം – ഇംഗ്ലീഷ് ഡാറ്റാ എന്‍ട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്‍ 11 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.