നന്ദൻ ആർ. എസ് (26) നിര്യാതനായി

നന്ദൻ ആർ. എസ് (26) നിര്യാതനായി

ആറ്റിങ്ങൽ കരിച്ചയിൽ പണയിൽ വീട്ടിൽ രാജുവിന്റെയും സരസ്വതിയുടെയും മകനായ നന്ദൻ ആർ. എസ് (26) നിര്യാതനായി.

സഹോദരൻ: നന്ദു ആർ എസ്
സഞ്ചയനം ബുധൻ രാവിലെ 8 മണി.

സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുലിനെ ഒഴിവാക്കി

സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുലിനെ ഒഴിവാക്കി

തിരുവനന്തപുരം: കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെയാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു നടപടി.

നവംബര്‍ 7 മുതല്‍ പാലക്കാട്ട് നടക്കുന്ന ശാസ്ത്രോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കാനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു.

തദ്ദേശമന്ത്രി എംബി.രാജേഷാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രാഹുലിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് മുന്‍ഗണന നല്‍കുന്നതിനാല്‍ രാഹുല്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികള്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ സംഘാടക സമിതി അംഗങ്ങളെയും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

മിന്നും ഫോം, കെസിഎല്ലിൽ കിടിലൻ ബാറ്റിങ്! ഇത് ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്

മിന്നും ഫോം, കെസിഎല്ലിൽ കിടിലൻ ബാറ്റിങ്! ഇത് ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) മികച്ച ബാറ്റിങുമായി നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ യുവ താരം വത്സൽ ​ഗോവിന്ദ്. ട്രിവാൻഡ്രം റോയൽസിനെതിരെ അർധ സെഞ്ച്വറി നേടി താരം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. മത്സരത്തിൽ കൊല്ലം തോറ്റെങ്കിലും വത്സലിന്റെ ബാറ്റിങ് ശ്രദ്ധേയമായി. ചാലക്കുടി സ്വദേശികളായ ഗോവിന്ദ് കനകന്റെയും റുമ ഗോവിന്ദിന്റെയും മകനാണ് വത്സൽ. ഒരു മത്സരത്തിന്റെ ​ഗതി ഒറ്റയ്ക്കു തന്നെ മാറ്റി മറിക്കാൻ പോന്നതാണ് താരത്തിന്റെ ബാറ്റിങ്.

ലീഗിലെ ആദ്യ മത്സരത്തിൽ 31 പന്തിൽ 41 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ വത്സൽ, രണ്ടാം മത്സരത്തിലും തന്റെ ഫോം തുടർന്നു. 47 പന്തിൽ 63 റൺസ് നേടി ടീമിന് നിർണായകമായ സംഭാവന നൽകാൻ താരത്തിനായി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും നിലയുറപ്പിച്ച് സ്ഥിരത കണ്ടെത്താൻ വത്സൽ ഗോവിന്ദിനു കഴിയുന്നു. താരത്തിന്റെ കത്തും ഫോമിൽ ടീമും ഹാപ്പി.

അണ്ടർ-16 തലത്തിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള വത്സൽ ഗോവിന്ദ്, 2018-19 സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വത്സൽ ഗോവിന്ദ്, 1235 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യ അണ്ടർ-19 ടീമിലേക്കുള്ള വഴിയും തുറന്നു.

കേരള ക്രിക്കറ്റിലെ വളർന്നുവരുന്ന യുവപ്രതിഭകളിൽ ഒരാളാണ് വത്സൽ. താരത്തിന്റെ പ്രകടനം ടീമിന്റെ കൂടി ആവേശമായി മാറുകയാണ്.

രാഹുലിനെതിരെ ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് ദീപാ ദാസ്മുന്‍ഷി

രാഹുലിനെതിരെ ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് ദീപാ ദാസ്മുന്‍ഷി

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി.

പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്: വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍

ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്: വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍

മംഗലാപുരം: ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെളിപ്പെടുത്തല്‍ വ്യാജമാണെന്നാണ് പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.

വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാള്‍ നല്‍കിയ രേഖകളും വസ്തുതാപരമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

1995 മുതല്‍ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന താന്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇവരില്‍ പലരും ലൈംഗികമായ ഉപദ്രവിക്കപ്പെട്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

വെളിപ്പെടുത്തല്‍ സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നിലും ഇയാള്‍ മൊഴി നല്‍കി.

വെളിപ്പെടുത്തല്‍ വന്‍ രാഷ്ടീയ വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍മസ്ഥലയില്‍ സ്ഥലം കുഴിച്ചു പരിശോധന നടത്തിയിരുന്നു.