സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) . മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റഷീദ് അഹമ്മദ്.

മികച്ച കലാസംവിധാനം-സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, മികച്ച പിന്നണി ഗായിക- നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍-എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം (ആണ്‍) നിരജന്‍, മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.

പുരസ്‌കാരങ്ങള്‍ നേടിയവര്‍

മികച്ച നടൻ – ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി – അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം – ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം – ജിയോ ബേബി)
മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ (ചിത്രം – എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെ​ഗ്ഡേ)
മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ (ചിത്രം – കപ്പേള)
മികച്ച സ്വഭാവ നടൻ – സുധീഷ് (ചിത്രം – എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)
മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയിൽ)
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ. എസ് (ചിത്രം – കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ – അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍ – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക – നിത്യ മാമന്‍ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )

ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം; അടിയന്തര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ബന്ധപ്പെടാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും.

അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം. പോലീസ് സ്റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികള്‍, കായല്‍, കടല്‍ തീരങ്ങളില്‍ വസിക്കുന്നവരെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണ് ഇടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍-മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തെക്കന്‍ ജില്ലകളില്‍ ഇപ്പോഴും തുടരുകയാണ്. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ആശങ്ക സൃഷ്ടിക്കുന്ന ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളി 26-ാംമൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു. തൃശൂല്‍ ചാലക്കുടിയില്‍ ലഘുമേഘ വിസ്‌ഫോടനം ഉണ്ടായി. തൃശൂര്‍ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.

എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം അഞ്ചല്‍ ആയൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കുളത്തുപ്പൂഴ, വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. കോളനിയിലേക്കുള്ള പാലം വെള്ളത്തില്‍ മുങ്ങി. കല്ലുവെട്ടാം കുഴി സര്‍ക്കാര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

കോട്ടയം കുട്ടിക്കല്‍ വില്ലേജില്‍ ഇളംകോട് ഭാഗത്ത് ഉരുള്‍പൊട്ടി, മര്‍ഫി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മുണ്ടക്കയം കുട്ടിക്കലില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. മീനിച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്. തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു.

പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. നിലവില്‍ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ ആറ്റിലാണ് ഏറ്റവും കൂടുതല്‍ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കില്‍ ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണി ഉള്ളതിനാലും , മരങ്ങള്‍ ഒടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് ഓപ്പറേഷന്‍, ബോട്ടിംഗ് എന്നിവ അടിയന്തിരമായി ജില്ലയില്‍ നിര്‍ത്തിവയ്ക്കണം.

തോട്ടം മേഖലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിര്‍ത്തി വയ്ക്കണം.
ജില്ലയില്‍ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാ നിരോധനം ഒക്ടോബര്‍ 20 വരെ നീട്ടിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ജില്ലയിൽ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊൻമുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

‘നിണം’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘നിണം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.
രാത്രിയുടെ യാമങ്ങളിൽ, നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർപ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നതാണ് മോഷൻ പോസ്റ്ററിലുള്ളത്. തീർത്തും ദുരൂഹത മുറ്റി നില്ക്കുന്ന മോഷൻ പോസ്റ്റർ വിഷ്വൽ ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.

ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സ്റ്റിൽസ് – അജേഷ് ആവണി , ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

ഗിരീഷ് കടയ്ക്കാവൂർ, സൂര്യ കൃഷ്ണ, മനീഷ് മോഹനൻ , ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ , രാജേഷ് ഭാനു, ലതദാസ് , കലാഭവൻ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ . നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.