ലൈക്കടിപ്പിച്ച് പണം തട്ടി! ബോവിനി ആപ്പ് തട്ടിയത് ലക്ഷങ്ങള്‍; തട്ടിപ്പിനിരയായവരിൽ കൂടുതലും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും

തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വെറുതെ വീട്ടിലിരുന്ന മലയാളിയെക്കൊണ്ട് ബോവിനി (Bovini) എന്ന ആപ് ലൈക്കടിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍. ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം നേടാമെന്ന പ്രചാരണത്തില്‍ വീണുപോയത് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമടക്കം നിരവധി പേരാണ്. 2000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കുകയും ആളെ ചേര്‍ക്കുകയും ചെയ്താല്‍ വന്‍ പ്രതിഫലമെന്ന വാഗ്ദാനത്തില്‍ നിരവധി പേര്‍ കുടുങ്ങുകയായിരുന്നു (trapped in Scam).

ബോവിനി ‘ആപ്പ്’

രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ കേറി 2000 രൂപ ആദ്യമടക്കണം. ഫേസ്ബുക്കിലും യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും വരുന്ന പോസ്റ്റുകള്‍ക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കുക എന്നതാണ് ജോലി. നിക്ഷേപത്തിനനുസരിച്ച് ഓരോ ലൈക്കിനും പ്രതിഫലം കൂടിക്കൂടി വരും. 2000 രൂപയടച്ചാല്‍ ഒരു ലൈക്കിന് 17 രൂപയാണ് പ്രതിഫലം. പക്ഷേ ദിവസം ആറ് ലൈക്ക് മാത്രമേ അടിക്കാനാകൂ. 5000 അടച്ചാല്‍ ഒരു ലൈക്കിന് അമ്പത് രൂപ കിട്ടും. ഇത് കൂടിക്കൂടി വന്ന് രണ്ട് ലക്ഷം നിക്ഷേപിച്ചാല്‍ 350 രൂപ ഒരു ലൈക്കിന് കിട്ടുക. ദിവസം 60 ലൈക്ക് വരെ അടിക്കാം. ഓഫര്‍ തീര്‍ന്നില്ല. മണിചെയിന്‍ മാതൃകയില്‍ ആളുകളെ കൂട്ടിയാല്‍ കമ്മീഷന്‍ കൂടാതെ അവരടിക്കുന്ന ഓരോ ലൈക്കിനുമുണ്ട് പ്രതിഫലം.

പാറശ്ശാല കാരക്കോണം സ്വദേശിയായ സൂര്യ ബംഗളുരുവില്‍ ഫിസിയോതെറാപ്പിക്ക് പഠിക്കുകയാണ്. തൃശൂരിലെ സുഹൃത്ത് ജിഷ്ണു ബോവിനി ആപ്പിലേക്ക് ക്ഷണിച്ചു. ഫീസടക്കാനുള്ള വരുമാനം കണ്ടെത്താം എന്ന് കരുതി 2000 അടച്ച് കയറി. അപ്പോള്‍ തന്നെ 3000 തിരിച്ചു കിട്ടി. അധികം വൈകിയില്ല. 5000 കൊടുത്തു. 7000 കിട്ടുകയും ചെയ്തു. കൂടുതല്‍ കിട്ടുമെന്ന് കണ്ടതോടെ 25000 കൊടുത്തു, സൂര്യയുടെ അമ്മയേയും ചേര്‍ത്തു. അപ്പോഴേക്കും സൂര്യയുടെ കീഴില്‍ 25 പേര്‍ പണമടച്ച് ലൈക്കടി തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ ആപ്പുമില്ല വെബ്സൈറ്റുമില്ല, ടാസ്കുമില്ല. 25 പേരെ ചേര്‍ത്ത സൂര്യ വെട്ടിലായി.

സൂര്യയടക്കം 1083 പേരെ ചേര്‍ത്ത തൃശൂര്‍ സ്വദേശി ജിഷ്ണുവിനെ ഞങ്ങള്‍ വിളിച്ചു. ജിഷ്ണുവിന് ഒരു ദിവസം 7000 രൂപയോളം വരുമാനമുണ്ടെന്നാണ് ഇവരോടെല്ലാം പറഞ്ഞത്. കമ്പനി പൂട്ടിപോയില്ലെന്നും വെബ്സൈറ്റ് അപ്ഡേഷനാണെന്നും ഇപ്പോഴും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജിഷ്ണുവിന്‍റെ ഗ്രൂപ്പ് വഴി മാത്രം ബോവിനി ആപ് തട്ടിയത് 20 ലക്ഷത്തിലേറെ രൂപയാണ്. ബോവിനി ആപ് പൂട്ടി ഇതേ തട്ടിപ്പ് തുടരാന്‍ മറ്റൊരു ആപിന്‍റെ ലിങ്ക് പ്രചരിപ്പിച്ച് തുടങ്ങിയെന്നാണ് വിവരം.

മലയാളികള്‍ മാത്രമല്ല രാജ്യത്തങ്ങോളമിങ്ങോളമുള്ള ആളുകളും തട്ടിപ്പിനിരയായിട്ടുണ്ട്. ഒരു മുംബൈ സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ പറയുന്നത് 50000 രൂപ പോയെന്ന്. ഇതുപോലെ എത്രയെത്ര പേര്‍. കുടുങ്ങിയതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും എന്നതാണ് ഗൗരവമുള്ള കാര്യം.

ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്താല്‍ പോലും ബോവിനി ആപ് ഫേക്ക് ആണെന്ന് ആര്‍ക്കും കാണാം. പതിനായിരങ്ങളും ലക്ഷങ്ങളും നിക്ഷേപിക്കും ആ സ്ഥാപനത്തിന്‍റെ വിശ്വാസ്യത വെറുതെ ഒന്നന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് തട്ടിപ്പുകാര്‍ മലയാളികള്‍ക്കായി വല വിരിയ്ക്കാന്‍ കാരണം.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ്(kerala state film awards) പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ്(movie) അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. സുഹാസിനി(suhasini) മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. 

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്. 

വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്. അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവര്‍ക്കും പുരസ്കാര സാധ്യതയുണ്ട്. 

സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയുമാണ് പ്രാഥമിക ജൂറി(jury) അധ്യക്ഷന്മാർ. ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ(award) സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടു പ്രാഥമിക ജൂറികൾ സിനിമകൾ കണ്ടു വിലയിരുത്തും. അവർ രണ്ടാം റൗണ്ടിലേക്കു നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും.

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആർമി ഓഫിസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആർഫി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് (petrol price) 35 പൈസയും ഡീസലിന് (diesel price ) 37 പൈസയുമാണ് വർധിച്ചത്. കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയിൽ പെട്രോൾ വില 105.45 ഉം ഡീസൽ വില 99.09 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം ഡീസൽ വില 100.94 ഉം ആയി ഉയർന്നു.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേന എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്.

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. അതിനാല്‍ തന്നെ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.