കെഎഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബിജിമോൾക്ക് കെപിസിസിയുടെ ആദരവ്

കെഎഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബിജിമോൾക്ക് കെപിസിസിയുടെ ആദരവ്

കെഎഎസ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ അമ്പതാം റാങ്കും എസ്.സി വിഭാഗത്തിൽ രണ്ടാം റാങ്കും നേടിയ ആറ്റിങ്ങൽ മാമം കാട്ടുംപുറം സ്വദേശിനി ബിജിമോൾക്ക് കെപിസിസിയുടെ നിർദേശപ്രകാരം കെപിസിസി സെക്രട്ടറി എം എ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ A S ശ്രീകണ്ഠനും സ്വവസതിയിൽ എത്തിച്ചേർന്നു മെമോന്റയും ഷാളും മധുരപലഹാരങ്ങളും നൽകി ആദരിച്ചു.

യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബി എസ് ബിജുകുമാർ, മുൻ കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോക്ടർ ജൂബി രാജസേനൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹി പി ജി പ്രദീപ്, കോൺഗ്രസ് നേതാക്കളായ ഗോപകുമാർ, ദേവരാജൻ, പി വി ശശി എന്നിവർ പങ്കെടുത്തു.

കുതിച്ചുയർന്ന് ഇന്ധനവിലയും

കുതിച്ചുയർന്ന് ഇന്ധനവിലയും

തിരുവനന്തപുരം∙കുതിച്ചുയര്‍ന്ന് ഇന്ധനവില. ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം വീണ്ടും കൂടി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി.

കൊച്ചിയില്‍ പെട്രോള്‍ 109 രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 92 പൈസയും, ഡീസലിന് 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു. ഒരു മാസത്തിനിടെ പെട്രോളിന് 8 രൂപ 40 പൈസയും, ഡീസലിന് 9 രൂപ 43 പൈസയുമാണ് കൂടിയത്.

വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്

വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില.

കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്.

മിസ് കേരളയും മിസ് സൗത്ത് ഇന്ത്യയുമായ ആറ്റിങ്ങൽ സ്വദേശി അൻസി കബീറിന് ദാരുണാന്ത്യം

മിസ് കേരളയും മിസ് സൗത്ത് ഇന്ത്യയുമായ ആറ്റിങ്ങൽ സ്വദേശി അൻസി കബീറിന് ദാരുണാന്ത്യം

കൊച്ചി• മിസ്സ്‌ കേരളയും മിസ്സ്‌ സൗത്ത് ഇന്ത്യയുമായ ആറ്റിങ്ങൽ ആലംകോട് തൊട്ടിക്കൽ സ്വദേശി അൻസി കബീറിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും അപകടത്തിൽ മരണപെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്.

ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ (school opening) തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടുകൾ (student) ഇന്ന് സ്കൂളുകളിലെത്തുന്നത്. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കും.രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.

കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു