രാജ്യത്ത് 18,132 പേർക്ക് കൂടി കൊവിഡ്

ന്യൂഡൽഹി : രാജ്യത്ത് തിങ്കളാഴ്‌ച 18,132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 215 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നിലവിൽ 2,27,347 പേരാണ് ഈ ഗണത്തിലുള്ളത്.

ആകെ കൊവിഡ് ബാധിച്ചവരില്‍ 0.67 ശതമാനം മാത്രം സജീവ രോഗികളാണ് നിലവിലുള്ളത്. കൊവിഡ് ആരംഭിച്ചത് മുതലുള്ള കണക്കുകളിലെ ഏറ്റവും ചെറിയ നിരക്കാണിത്.

കൊവിഡ് രോഗമുക്തനിരക്കും ഇതുവരെയുള്ള ഉയർന്ന നിരക്കിലാണ്. 98 ശതമാനമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്.ദേശീയ വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി 95.19 ശതമാനം ഡോസുകള്‍ രാജ്യത്ത് ഇതിനകം വിതരണം ചെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ധനവിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസൽ വില നൂറ് കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. ഇടുക്കി പൂപ്പാറയിൽ ഇന്നത്തെ ഡീസൽ വില 100.10 ഉം, അണക്കരയിൽ 100.07 ഉം ആണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയിൽ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.

ഐ പി എൽ: ചെന്നൈ ഫൈനലിൽ

ഡൽഹി ക്യാപ്പിറ്റൽസിനെ നാല് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഫൈനലിൽ കടന്നു. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ മറികടന്നു.

കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

ഇടവ കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ
നാട്ടുകാര്‍ രക്ഷപ്പെടുത്തി. കല്ലമ്പലം മാവിന്‍മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിഷ്ണു( 19), മാവിന്‍മൂട് സ്വദേശി ഗിരീഷിന്റെ
മകന്‍ അച്ചു എന്നുവിളിക്കുന്ന ആരോമല്‍( 16) എന്നിവരെയാണ് കാണാതായത്.
കല്ലുവാതുക്കല്‍ സ്വദേശി ആദര്‍ശിനെ( 17)യാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച
വൈകീട്ട് 4.45-ഓടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം.

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,48,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,11,083 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,655 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 76, പത്തനംതിട്ട 481, ആലപ്പുഴ 714, കോട്ടയം 846, ഇടുക്കി 680, എറണാകുളം 2762, തൃശൂര്‍ 1271, പാലക്കാട് 750, മലപ്പുറം 996, കോഴിക്കോട് 820, വയനാട് 474, കണ്ണൂര്‍ 668, കാസര്‍ഗോഡ് 206 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,11,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,56,866 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,39,899), 43.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,16,74,552) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,25,630)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 62 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 10,691 പുതിയ രോഗികളില്‍ 8969 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2982 പേര്‍ ഒരു ഡോസ് വാക്‌സിനും 3321 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2666 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി 1,26,274 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 17,772 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 15%, 13%, 32%, 8%, 7%, 14% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.