സിപിഐഎം അട്ടക്കുളം ബ്രാഞ്ച് സമ്മേളനം നടന്നു

സിപിഐഎം അട്ടക്കുളം ബ്രാഞ്ച് സമ്മേളനം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി പ്രവർത്തകരെയും വിശിഷ്ട വ്യക്തികളെയും ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. സി.ഐ.റ്റി.യു.ജില്ലാ പ്രസിഡൻ്റായ ആർ.രാമുവിനെയും മികച്ച കാർഷിക പ്രവർത്തനത്തിന്‌ സി.ദേവരാജനെയും അനുമോദിച്ചു. എ.സി. അംഗം വിഷ്ണു, LC അംഗങ്ങളായ അഡ്വ എൻ മോഹനൻ നായർ, നാരായണപിള്ള, ഡോ ബൈജു, തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ശരത് രാജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ,ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ഥ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി.

അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയാണ് അദ്ദേഹം.

1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം തന്റെ അഭിനയമികവ് കാഴ്ചവെച്ചു. കമലഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ; വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന പ്രിയദർശന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനപരിപാടി

ആറ്റിങ്ങൽ: കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലന പരിപാടി. ഫാഷൻ ഡിസൈനിങ്, HD ബ്രൈഡൽ മേക്കപ്പ് കോഴ്സുകളിലേക് ആണ് രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക് :9746870544

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി

കൊല്ലം: അപൂര്‍വങ്ങളില്‍ അപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മനോജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ മറ്റന്നാൾ പ്രസ്താവിക്കും.

പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു. ദാരുണമായ കൊലക്കേസിന്റെ വിധി അറിയാന്‍ വന്‍ജനക്കൂട്ടമാണ് കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയത്.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

പാമ്പുകടിച്ചത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.

2020 മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതി സൂരജ് പാമ്പിനെക്കൊണ്ട് രണ്ടുതവണ കടിപ്പിച്ചതിന്റെ മുറിപ്പാടുകള്‍ തമ്മിലുള്ള അകലം തെളിയിക്കാന്‍ കേസില്‍ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. സൂരജ് മൂര്‍ഖന്‍ പാമ്പിന്റെ തലയില്‍ പിടിച്ച് ഉത്രയെ കടിപ്പിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഡമ്മി പരീക്ഷണം സഹായകമായതായി അന്വേഷണസംഘം പറയുന്നു.

ഉത്രയുടെ ഉയരത്തിലും ഭാരത്തിലുമുള്ള ഡമ്മി തയ്യാറാക്കി, അതില്‍ കോഴിയിറച്ചി കെട്ടിവെച്ച് മൂര്‍ഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. സാധാരണ മൂര്‍ഖന്‍ കടിച്ചാല്‍, പല്ലുകള്‍ തമ്മിലുള്ള അകലം 1.7 സെന്റീമീറ്ററേ ഉണ്ടാകൂ. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ ഇത് 2.8 സെന്റീമീറ്റര്‍വരെയാകും. ഉത്രയുടെ ശരീരത്തിലെ മുറിവുകളുടെ വ്യത്യാസം യഥാക്രമം 2.5-ഉം 2.8-ഉം സെന്റീമീറ്ററായിരുന്നു. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിച്ചാല്‍മാത്രമേ ഇത്രയും അകലത്തില്‍ മുറിവുണ്ടാകൂ.

ഡമ്മി പരീക്ഷണത്തിലൂടെ, ഉത്രയെ മൂര്‍ഖന്റെ തലയില്‍ പിടിച്ച് കടിപ്പിച്ചെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് അവസാനവാരം കുളത്തൂപ്പുഴ അരിപ്പയിലെ വനംവകുപ്പിന്റെ പരിശീലനകേന്ദ്രത്തില്‍വെച്ചാണ് അന്നത്തെ കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ഡമ്മി പരീക്ഷണം നടത്തിയത്.

ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടവും കേസില്‍ നിര്‍ണായക തെളിവായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി സൂക്ഷിച്ചിരുന്നതാണെന്നതിന് ഇത് തെളിവാകുകയും ചെയ്തു. ഉത്രയെ രണ്ടു പ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണു സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂര്‍ഖന് ഉത്ര കിടന്ന മുറിയില്‍ കയറാന്‍ പഴുതില്ലായിരുന്നെന്നും ജനല്‍വഴി കയറാനുള്ള സാധ്യതയില്ലെന്നും വിദഗ്ധ സാക്ഷികളും മൊഴി നല്‍കിയിരുന്നു.

സിപിഐഎം മാമ്പള്ളി ബ്രാഞ്ച് സമ്മേളനം അഡ്വ. ബി സത്യൻ ഉത്ഘാടനം ചെയ്തു

അഞ്ചുതെങ്ങ്: സിപിഐഎം മാമ്പള്ളി ബ്രാഞ്ച് സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ബി സത്യൻ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ പഴയകാല സഖാക്കളെ അഡ്വ. ബി സത്യൻ അവർകൾ ആദരിച്ചു.

രക്തസാക്ഷി പ്രമേയം ഫ്രാങ്ക്‌ളിനും അനുശോചന പ്രമേയം ജോസ് ചാർളിയും അവതരിപ്പിച്ചു. ജസ്റ്റിൻ തോമസ് അധ്യക്ഷനായി. ജോഷി, ജസ്റ്റിൻ ആൽബി, പാർട്ടി ഏരിയ സെന്റർ അംഗം പയസ്, ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കിരൺ ജോസഫ്, ജെസ്പിൻ മാർട്ടിൻ, സൈജുരാജ്, ലിജാ ബോസ്, കെ. ബാബു, പി. വിമൽരാജ്, ആന്റണി ആന്റോ, ശ്യാമ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.