സംസ്ഥാനത്ത് ഡീസലും ‘സെഞ്ച്വറി അടിച്ചു

തിരുവനന്തപുരം: ഡീസൽ വില (Diesel price) 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിൽ ഡീസൽ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്.

പ്രധാനമന്ത്രിയ്ക്ക് ആശംസകാർഡ് അയച്ച് ബി.ജെ.പി പ്രവർത്തകർ

സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ട് പോസ്റ്റ് കാർഡ് അയച്ച് ബി.ജെ.പി. പ്രവർത്തകർ. നാവായിക്കുളം പോസ്റ്റോഫീസിന് മുന്നിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളം അശോകൻ, അരുൺ കുമാർ നേതാക്ക ജയ തങ്കപ്പൻ, ശങ്കരനാരായണൻ, മനു, കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ആസിയ വഹാബ്

ആലംകോട്: കേരള യൂണിവേഴ്സിറ്റിയുടെ ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ ആസിയ വഹാബ് രണ്ടാം റാങ്ക് കരസ്ഥമാക്കി. തോട്ടയ്ക്കാട് ആയിശ ഭവനിൽ അബ്ദുൽ വഹാബിന്റെയും ബുഷ്‌റായുടെ മകളും ആലംകോട് ഷീജ മൻസിലിൽ മുഹമ്മദ്‌ ബി.കെയുടെ ഭാര്യയും ആലംകോട് എ യു കോളേജിലെ വിദ്യാർത്ഥിനിയുമാണ്.

സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടികളെ പരിചയപെട്ടു സ്വർണവും പണവും തട്ടുന്ന യുവാവ് പിടിയിൽ

കടയ്ക്കാവൂർ: മൊബൈൽ ഫോണിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന യുവാവിനെ പോലീസ് പിടികൂടി. ഇൻസ്റ്റഗ്രാം വാട്സപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെയും യുവതികളെയും പരിചയപ്പെട്ട ശേഷം അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കിയിട്ട് അവരെ ഭീഷണി പെടുത്തി അവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ ചെന്നൈ അമ്പത്തൂർ വിനായക പുരം ഡോക്ടർ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റിൽ ഡോർ നമ്പർ 25 സുരേഷ് കുമാർ 28 വയസുള്ള ജെറി എന്ന് വിളിക്കുന്ന ശ്യാമിനെ ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയതത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തി വരവെയാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ് പി പി കെ മധു IPS ന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ SHO അജേഷ് ബി,എസ് ഐ ദീപു, എ എസ് ഐ മാരായ ജയപ്രസാദ്,ശ്രീകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്,എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച തമിഴ്നാട്ടിലും കർണാടകയിലും സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചുവരവേ യാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബാംഗ്ലൂരിലുള്ള ഒരു പ്രമുഖ IT സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത് എന്ന് മനസിലാക്കിയ അനേഷണ സംഘം അവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ പെൺകുട്ടികളേയും യുവതികളേയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഫോട്ടോ ഫിൽട്ടർ ചെയ്തു അതിസുന്ദരമാക്കി സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ്പ് മെസ്സേജും അയച്ചു ബാംഗ്ലൂരിലും ചെന്നൈയിലും കേരളത്തിലെ വിവിധ ഐ ടി സ്ഥാപനങ്ങളിലെയും മേൽവിലാസത്തിൽ വ്യാജമായി ഉണ്ടാക്കിയാണ് പ്രതി പലർക്കും നൽകിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

കേരള പോലീസ് സോഷ്യൽ മീഡിയയിലൂടെ വിവിധ തട്ടിപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമൂഹം കരുതലോടെ കാണാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാകുന്നതെന്നും പരിചയമില്ലാത്തവരുടെ ഫ്രണ്ട്ഷിപ്പ് മെസ്സേജുകൾ ഒരിക്കലും സ്വികരിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,66,250 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,52,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,399 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,13,132 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 397 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2241, കൊല്ലം 863, പത്തനംതിട്ട 521, ആലപ്പുഴ 725, കോട്ടയം 867, ഇടുക്കി 586, എറണാകുളം 1318, തൃശൂര്‍ 1421, പാലക്കാട് 662, മലപ്പുറം 1045, കോഴിക്കോട് 1333, വയനാട് 378, കണ്ണൂര്‍ 753, കാസര്‍ഗോഡ് 168 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,44,211 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,34,697), 43.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,16,59,417) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (1,02,506)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9470 പുതിയ രോഗികളില്‍ 7915 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2543 പേര്‍ ഒരു ഡോസ് വാക്‌സിനും 2821 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെയുള്ള കാലയളവില്‍, ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 29,960 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 12%, 24%, 10%, 8%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.