മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

കൊച്ചി: നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്.

അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു.

ഈ രണ്ടു പദവികളിലേക്കും ഇവർ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 നാണ് അമ്മ ജനറല്‍ ബോഡി ചേരുന്നത്. ഒന്നിലേറെ നാമനിര്‍ദേശ പത്രിക ലഭിച്ച സ്ഥാനങ്ങളിലേക്ക് ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ് നടക്കും.

കണ്ണൂർ സ്‌ഫോടനം: ബോംബ് നിർമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ സ്‌ഫോടനം: ബോംബ് നിർമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ഫോടക വസ്തുക്കളുടെ നിർമാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തി വരുന്നത്.

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനായി ക്വാറി അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി നിയമനടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി

ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹന പരിശോധനകളും പട്രോളിംഗും നടത്തി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ കുടക്കളം സ്വദേശി വേലായുധൻ വീടിനു സമീപത്തെ കണ്ണോളി മോഹനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരുക്കേറ്റ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവമുണ്ടായി.

പോലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പാനൂരിൽ ഈയിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിളിച്ച് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടോ?, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വിളിച്ച് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടോ?, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് ദുരുപയോ​ഗം ചെയ്തുള്ള പുതിയ തട്ടിപ്പിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിതർ ആരെങ്കിലും വിളിച്ചിട്ട് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. ‘നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും. അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന ഒടിപി കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാർ ഒടിപി എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.’- കേരള പൊലീസ് കുറിച്ചു.

കുറിപ്പ്:

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്.

നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.

അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.

കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.

ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

തക്കാളി നൂറ്, ഇഞ്ചി 220, ചാള 300…;  സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു

തക്കാളി നൂറ്, ഇഞ്ചി 220, ചാള 300…; സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു

തിരുവനന്തപുരം: കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്‍ധിക്കാന്‍ കാരണം.

തക്കാളിയുടെ ചില്ലറവില കിലോഗ്രാമിന് നൂറ് രൂപയായിരിക്കുകയാണ്. കറികളില്‍ മലയാളികള്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്‍ധിച്ചത്. ബീന്‍സ് 140, ഇഞ്ചി 200, കാരറ്റ് 120 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ഉയര്‍ന്ന വില. തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ലഭ്യതയില്‍ ഇടിവ് ഉണ്ടായതാണ് വില ഉയരാന്‍ കാരണം.

പച്ചക്കറിയുടെ വില ഉയര്‍ന്നതോടെ മീന്‍ വാങ്ങി കറിവെയ്ക്കാം എന്ന് കരുതി മാര്‍ക്കറ്റില്‍ പോയാലും കണക്കുകൂട്ടലുകള്‍ തെറ്റും. ജനപ്രിയ മീനായ ചാളയ്ക്ക് കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെയാണ് വില. സാധാരണ നൂറ് രൂപയോടടുപ്പിച്ചാണ് ഇതിന്റെ വില വരാറ്. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് മീന്‍ വില കുതിച്ച് ഉയരാന്‍ കാരണം. ആവശ്യം നേരിടാന്‍ തൂത്തുക്കുടിയില്‍ നിന്നും മറ്റും മീന്‍ എത്തിക്കാനാണ്് മത്സ്യക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്.