ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.

ചരക്ക് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗം എക്‌സ്പ്രസുമായി കുട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും ചരക്കുവണ്ടിയുടെ നിരവധി ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേര്‍ ട്രെയിനനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥലത്ത് ഗുരുതരസാഹചര്യമാണെന്ന് ഡാര്‍ജലിങ് എഎസ്പി അഭിഷേക് റായ് പറഞ്ഞു.

കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്

കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ. അജയന്‍ പനയറ, ഡോ. കെ. ശ്രീകുമാര്‍, പ്രൊഫ. ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ബാലസാഹിത്യ പുരസ്‌കാരനിര്‍ണയം നടത്തിയത്. 2018 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

ഡോ. അജിതന്‍ മേനോത്ത്, ഡോ. ശ്രീകുമാര്‍ വിഎ. ഡോ. വി രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് യുവ പുരസ്‌കാരനിര്‍ണയം നടത്തിയത്

പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമ്മാണത്തിന് 7 കോടി വാങ്ങിയിട്ട് ചതിച്ചു എന്ന പരാതിയിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 250 കോടിക്കുമേൽ കളക്ഷൻ വന്ന ചലച്ചിത്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡി വിലയിരുത്തൽ.

സഹനിർമ്മാതാവായ ഷോൺ ആൻ്റണിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൗബിനെ ഇഡി വിളിച്ചു വരുത്തിയത്. സിനിമ റെക്കോർഡ്‌ കളക്ഷൻ നേടിയിട്ടും അത്രയും തുക നിർമ്മാണ കമ്പനിയുടെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും, ഇത് പലരുടേയും കള്ളപ്പണം വെളുപ്പിക്കുന്നതിനായിട്ടാണ് ചെയ്തതെന്നുമാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക വിവരശേഖരണമാണ് നടന്നതെന്നും സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി അധികൃതർ വ്യക്തമാക്കി.

സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ

സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ

തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ.
പ്രവൃത്തി ദിനങ്ങള്‍ വർധിച്ചതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.

വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.

പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.

സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും

സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും

തുടക്കം തന്നെ കനത്തു തുടങ്ങിയ കാലവർഷം ഇടവേള കഴിഞ്ഞു, സംസ്ഥാനത്ത് നാളെ തിരിച്ചെത്തും. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

1) കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2) മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3) ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.