കണ്ണീര്‍പൂക്കളോടെ കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കണ്ണീര്‍പൂക്കളോടെ കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീര്‍ത്തി വര്‍ധന്‍ സിങ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.

തമിഴ്‌നാട് വേണ്ടി മന്ത്രി കെ എസ് മസ്താന്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിനു വച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ഓരോരുത്തരുടേയും നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കുക.

കുവൈത്ത് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയില്‍ ഇറക്കിയത്. കസ്റ്റംസ് ക്ലിയറന്‍സിനുശേഷം വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു. തുടര്‍ന്ന് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു.

പി.കെ കുഞ്ഞച്ചൻ അനുസ്മരണവും പഠന ക്ലാസും  സംഘടിപ്പിച്ചു

പി.കെ കുഞ്ഞച്ചൻ അനുസ്മരണവും പഠന ക്ലാസും സംഘടിപ്പിച്ചു

കേരളാ കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.കെ കുഞ്ഞച്ചൻ അനുസ്മരണവും പഠന ക്ലാസും നടത്തി. അനുസ്മരണപ്രഭാഷണവും പഠന ക്ലാസും കെ.എസ്.കെ.റ്റി.യു ജില്ലാ പ്രസിഡന്റ് എ ഗണേശൻ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം കെ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

ആലപ്പുഴയില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴയില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭുവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ആല-പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. ചെങ്ങന്നൂരില്‍നിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.

സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ വാഹനത്തില്‍ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 3 മണിക്ക് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് സമയം മാറ്റിയത്

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടക്കാനിരുന്ന പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവെക്കാൻ ആലോച്ചിരുന്നുവെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യത്തിൽ പരിപാടി തുടരാൻ തീരുമാനിക്കുകയായിരുന്നു

ഇന്ന് എട്ട് വിഷയങ്ങളിൽ ചർച്ചകളും മേഖല അടിസ്ഥാനത്തിലുള്ള എട്ട് സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകുന്നേരമാണ് സമാപനം.

‘ക്വിക്ക് സെർവ്’ പദ്ധതിയുമായി കുടുംബശ്രീ

‘ക്വിക്ക് സെർവ്’ പദ്ധതിയുമായി കുടുംബശ്രീ

കോഴിക്കോട്: ഓഫീസും വീടും മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ആകെ നട്ടംതിരിഞ്ഞിരിക്കുമ്പോൾ ഒരു ഫോൺവിളിക്കപ്പുറം വീട്ടുപണിക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ ആളെ കിട്ടിയാലോ. പാചകംമുതൽ പ്രായമായവരെ പരിചരിക്കൽവരെയുള്ള പലവിധ ജോലികൾക്ക് കുടുംബശ്രീ ‘ക്വിക്ക് സെർവ്’ ടീം ഒരുങ്ങുന്നു.

നഗരത്തിൽ ഒരുമാസത്തിനുള്ളിൽ ക്വിക്ക് സെർവ് പ്രവർത്തനസജ്ജമാകും.
ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകൾക്കായി ഇത്തരമൊരു തൊഴിൽപദ്ധതി തുടങ്ങുന്നത്. കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. കോർപ്പറേഷൻ കുടുംബശ്രീ സമഗ്ര തൊഴിൽദാനപദ്ധതിയായ വീ ലിഫ്റ്റിലുൾപ്പെടുത്തിയാണ് ക്വിക്ക് സെർവ് പ്രവർത്തിക്കുക. കിടപ്പുരോഗികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുടെ പരിചരണം, സാധാരണയുള്ള വീട്ടുജോലികൾ, ശുചീകരണം, പാചകം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാവുക.