വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

വ്യോമസേനയുടെ അ​ഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാ​ഹിതരായ പുരുഷ- സ്ത്രീ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 28-ന് രാത്രി 11 മണിയ്‌ക്ക് രജിസ്ട്രേഷൻ അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.

ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. 2004 ജൂലൈ മൂന്നിനും 2008 ജനുവരി എട്ടിനും ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അ​ഗ്നിപഥ് സ്കീമിന് കീഴിൽ അ​ഗ്നിവീറായി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സെലക്ഷൻ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുകയാണെങ്കിൽ എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസായിരിക്കും.

വിദ്യാഭ്യാസ യോ​ഗ്യത- സയൻസ് പഠിച്ചവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇം​ഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടി വിജയിക്കണം. വിശദമായ വിവരങ്ങൾ https://Agnipathvayu.cdac.in, https://careerindianairforce.cdac.in– എന്ന സൈറ്റിൽ ലഭ്യമാണ്.

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടേ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് 23 മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയില്‍ എത്തും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും.

ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് വ്യോമസേന വിമാനത്തിലുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്നലെ വൈകീട്ടോടെയാണ് കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് വ്യോമസേന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾക്കായി ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്തു. അവസാന തിയിതി ഓഗസ്റ്റ് 31. ലംപ്സം ഗ്രാന്റ് എഡ്യൂക്കേഷൻ എയ്ഡ്, ദുർബല വിഭാഗ സ്റ്റൈപ്പന്റ് ഫീസ് റീ-ഇംബേഴ്സ്മെന്റ്, വിദ്യാലയ വികാസ് നിധി എന്നീ പദ്ധതികളാണ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂൾ മേധാവികളും അവസാന തിയതിക്കു മുമ്പ് സ്‌കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.

ഇന്നത്തെ പരിപാടികൾ റദ്ദാക്കി; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തുമെന്ന് സുരേഷ് ഗോപി

ഇന്നത്തെ പരിപാടികൾ റദ്ദാക്കി; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തുമെന്ന് സുരേഷ് ഗോപി

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്‌തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയുടെ വീട് സന്ദർശിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും കെ രാജനും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും.

31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നത്. ഇതിൽ 23 പേർ മലയാളികളാണ്. ഏഴ് തമിഴ്‌നാട് സ്വദേശികളുടേതും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളും നെടുമ്പാശ്ശേരിയിൽ എത്തിക്കും.

തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ

തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ

അധ്യാപക ഒഴിവ്

ബാലരാമപുരം പൂങ്കോട് ഗവ.എസ്‌വി എൽപി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 18 ന് രാവിലെ 10 ന്.

കുമാരപുരം ഗവ യുപിഎസിൽ എൽപിഎസ്ടി, പാർട്ട് ടൈം ഹിന്ദി എന്നീ താൽക്കാലിക
തസ്തികകളിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യു 18ന് ഉച്ചയ്ക്ക് 2 ന് നടത്തും.

ആറ്റിങ്ങൽ ബോയ്സ് എച്ച് എസ്എസിൽ യുപിഎസ്ടി, എച്ച്എസ്ടി (മലയാളം) തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15 ന് 10 ന് നടക്കും.

പോത്തൻകോട് അയിരൂപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 18ന് രാവിലെ 10ന് അഭിമുഖം നടക്കും.

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് ഓൺലൈനായി(www.allsaintscollege.ac.in) അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 5. ഇന്റർവ്യൂ തീയതികൾ അടുത്ത മാസം 6ന് കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

നെയ്യാറ്റിൻകര ആറയൂർ ഗവ. എൽവി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 10ന് അഭിമുഖം.
നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഗവ. ഹൈസ്കൂളിൽ യുപി വിഭാഗം പി.ഡി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 9ന്.

ഈഞ്ചപ്പുരി ഗവ.വെൽഫെയർ എൽപിഎസിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക തസ്തികയിലേക്കുള്ള ഇന്റർവ്യൂ 19 ന് രാവിലെ 10.30 ന് സകൂളിൽ നടക്കും.

കരമന ഗവ.എസ്‍എസ് എൽപിഎസിൽ എൽപിഎസ്എയിലെ(തമിഴ്) ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ രാവിലെ 10 ന് സ്കൂളിൽ നടത്തും.

നെടുമങ്ങാട് പഴകുറ്റി കൊല്ലങ്കാവ് ഗവ. എൽപിഎസിലെ എൽപിഎസ്എ അധ്യാപക ഒഴിവിലേക്ക് അഭിമുഖം 18 ന് 11 ന് നടക്കും.

കാട്ടാക്കട തോട്ടമ്പറ സർക്കാർ എൽ.പി.സ്കൂളിൽ അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 18ന് രാവിലെ 10.30ന്.

കാട്ടാക്കട പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 18ന് രാവിലെ 11ന്.

വൈദ്യുതി മുടക്കം
വെഞ്ഞാറമൂട് കെഎസ്ഇബി വെഞ്ഞാറമൂട് സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിന്റെ ഭാഗമായി നാളെ പകൽ വൈദ്യുതി വിതരണം തടസ്സപ്പെടും.