മുന്നറിയിപ്പില്‍ മാറ്റം, തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ദുര്‍ബലമാണെങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7.00 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ഉടന്‍ തന്നെ എടിഎം ഇടപാടുകള്‍ക്ക് ചെലവേറിയേക്കും; കാരണമിത്

ഉടന്‍ തന്നെ എടിഎം ഇടപാടുകള്‍ക്ക് ചെലവേറിയേക്കും; കാരണമിത്

ന്യൂഡല്‍ഹി: വൈകാതെ തന്നെ എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് ഉടന്‍ ലഭ്യമാക്കും; കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് കേന്ദ്രമന്ത്രി

നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് ഉടന്‍ ലഭ്യമാക്കും; കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് കേന്ദ്രമന്ത്രി

കൊച്ചി: തീപിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുടങ്ങിയവ എത്രയും വേഗം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്. പേപ്പര്‍ വര്‍ക്കുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുവൈത്ത് അമീറും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തെ അതീവ ഗൗരവത്തോടെയാണ് കുവൈത്ത് സര്‍ക്കാരും കാണുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നറിയാന്‍ കുവൈത്ത് സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്. ഇനി ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ പ്രധാനമന്ത്രി അടിയന്തര യോഗം വിളിക്കുകയും കുവൈത്ത് സര്‍ക്കാരിനെ ബന്ധപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കുവൈത്ത് അമീറിനെയും പ്രധാനമന്ത്രി വിളിച്ചിരുന്നു.

കുവൈത്ത് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. മരിച്ചവരെ തിരിച്ചറിയാനും പരിശോധനകളും കുറഞ്ഞ സമയത്തിനകം നടത്തി മൃതദേഹം വിട്ടുനല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ എല്ലാ സഹായവുമായി ഒപ്പം നിന്നു. അഞ്ചു ആശുപത്രികളില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. 25 ഓളം ഇന്ത്യാക്കാരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സയാണ് നല്‍കി വരുന്നത്. ഇവര്‍ അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞു.

സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടിയില്ലെന്ന ആശങ്ക വേണ്ട; പരാതിക്കാരനെ നേരിട്ട് വിളിക്കും,പുതിയ പദ്ധതിയുമായി പൊലീസ്

സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടിയില്ലെന്ന ആശങ്ക വേണ്ട; പരാതിക്കാരനെ നേരിട്ട് വിളിക്കും,പുതിയ പദ്ധതിയുമായി പൊലീസ്

പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി മടങ്ങിയാലും ജനങ്ങള്‍ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ ഫോണ്‍ വിളിച്ചു ചോദിക്കുകയും സ്റ്റേഷനില്‍ നിന്ന് ലഭിച്ച സേവനം ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചതായി കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി മടങ്ങിയാലും ജനങ്ങള്‍ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ ഫോണ്‍ വിളിച്ചു ചോദിക്കുകയും സ്റ്റേഷനില്‍ നിന്ന് ലഭിച്ച സേവനം ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

അഞ്ച് സബ് ഡിവിഷനിലായി 34 പൊലീസ് സ്റ്റേഷനുകളും വനിത സെല്ലും സൈബര്‍ സെല്ലും ഉള്‍പ്പെടുന്നതാണ് എറണാകുളം റൂറല്‍ ജില്ലാ. ഇവിടെ ഒരു ദിവസം ശരാശരി 150 പരാതികള്‍ ലഭിക്കുന്നു. 2024 ഫെബ്രുവരി 12ന് ആരംഭിച്ച ‘ഉറപ്പ്’ എന്ന ഈ പദ്ധതിയിലൂടെ ഓരോ പരാതിക്കാരനെയും പൊലീസ് ടീം ഫോണ്‍ വിളിച്ച് പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം, രസീത് ലഭിച്ചോ ഇല്ലയോ എന്ന വിവരം, അന്വേഷണവുമായി ബന്ധപ്പെട്ട അഭിപ്രായം എന്നിവ അന്വേഷിക്കുന്നു. പരാതിയില്‍ പൊലീസ് സ്റ്റേഷന്‍ സ്വീകരിച്ച നിലപാടില്‍ ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി അനുഭവം റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് ജനമനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട്. നാലുമാസത്തിനിടെ 12,000 പരാതിക്കാരെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നീന്ന് തിരിച്ചു വിളിച്ചന്വേഷിച്ചത്. ഈ ഫോണ്‍ വിളികള്‍ പരാതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ് അതിലുപരി ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിളിയാണെന്നറിയുമ്പോള്‍ അത് പരാതിക്കാര്‍ക്ക് കരുത്തും ധൈര്യവും നല്‍കുന്നു.

ചില ഫോണ്‍ വിളികള്‍ പരാതിക്കുപുറമേ ജീവിതത്തെപറ്റിയും നിലവിലെ അവസ്ഥയെപറ്റിയും അനുഭവങ്ങളെപ്പറ്റിയുമാകുമ്പോള്‍ മണിക്കൂറുകള്‍ നീണ്ടുപോകാറുണ്ട്. പ്രശ്‌നപരിഹാരത്തെക്കാള്‍ പ്രശ്‌നങ്ങള്‍ കേള്‍ക്കപ്പെടുന്നു എന്നൊരു സമാധാനം പരാതിക്കാര്‍ക്ക് ലഭിക്കും. ഒന്നു കേട്ടാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ ആണ് പലര്‍ക്കും എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

യോഗ പരിശീലനം ആരംഭിക്കുന്നു

യോഗ പരിശീലനം ആരംഭിക്കുന്നു

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 തിങ്കളാഴ്ച വൈകുന്നേരം മുതൽ യോഗ പരിശീലനം ആരംഭിക്കുന്നു. വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു. താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക: 9072133300