by liji HP News | Jun 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാന്‍ അവസരം.
കീം 2024 മുഖേന എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പ്രസ്തുത അപേക്ഷയില്‍ കൂട്ടിചേര്‍ക്കാനും അവസരമുണ്ട്.
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ NATA പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്സിനും, നീറ്റ് യുജി പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സിനും അപേക്ഷിക്കാം. ജൂണ്‍ 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇതിന് സൗകര്യം ലഭിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ അപേക്ഷകളില്‍ മതിയായ രേഖകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നീട് അവസരം നല്‍കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹെല്‍പ് ലൈന്‍ – 0471- 2525300.
by liji HP News | Jun 14, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ ശ്രീജേഷ് (32) മരിച്ചു. ഏഴ് വർഷം മുൻപാണ് ശ്രീജേഷ് ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്.
ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറു മാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന് കുവൈറ്റിലേക്ക് പോവുകയുമായിരുന്നു.
പിതാവ്: തങ്കപ്പൻ നായർ .
മാതാവ്: പരേതയായ ശ്രീദേവി (സീത).
സഹോദരി: ആരതി, ഭർത്താവ്. രാജേഷ്. ഇരുവരും അബുദാബിയിലാണ്. യാത്രക്ക് മുൻപ് കുരയ്ക്കണ്ണി അത്തിവിളയിൽ ആയിരുന്നു ശ്രീജേഷ് താമസിച്ചിരുന്നത്.
by liji HP News | Jun 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7.00 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by liji HP News | Jun 14, 2024 | Latest News, കേരളം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നാളെ (ജൂണ്‍ 15). യൂണിറ്റ് രജിസ്ട്രേഷനുള്ള വിദ്യലയങ്ങളിലാണ് പരീക്ഷ.
സംസ്ഥാനത്ത് 2057 യൂണിറ്റുകളില്‍ നിന്നായി 148618 വിദ്യാര്‍ത്ഥികള്‍ അഭിരുചി പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും.
ഓരോ യൂണിറ്റിലും അഭിരുചി പരിക്ഷയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന 20 മുതല്‍ 40 വരെ കുട്ടികള്‍ക്കാണ് ലിറ്റില്‍ കൈറ്റ്സില്‍ അംഗത്വം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ ലിറ്റില്‍ കൈറ്റ്സ് കരിക്കുലം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും ലഭിക്കുന്നതാണ്.
by liji HP News | Jun 14, 2024 | Latest News, കേരളം
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചികിത്സയിലിരുന്ന ഒരു ഇന്ത്യാക്കാരന്‍ കൂടിയാണ് മരിച്ചത്. കുവൈത്ത് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപകടത്തില്‍ മരിച്ച 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. തമിഴ്‌നാട് സ്വദേശികളുടേയും, കര്‍ണാടക സ്വദേശിയുടേയും മൃതദേഹങ്ങള്‍ കൊച്ചിയില്‍ വെച്ച് വീട്ടുകാര്‍ക്ക് കൈമാറും.
ഏഴു തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയുമാണ് കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത്. രാവിലെ 10.30 ഓടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. വിമാനത്താവളത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം വീട്ടുകാര്‍ക്ക് കൈമാറും. വിമാനത്താവളത്തില്‍ അരമണിക്കൂറാകും പൊതുദര്‍ശനം.
ഗാര്‍ഡ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം ഇത്തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടോയെന്നറിയാന്‍ കൂവൈത്തിലെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. 568 കെട്ടിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 189 ബേസ്‌മെന്റുകളില്‍ അനധികൃതമായി താമസിപ്പിച്ചിരുന്നവരെ ഒഴിപ്പിച്ചു.
തീപിടിത്തമുണ്ടായ അല്‍ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണറെ നിയമിച്ചു. ഷെയ്ഖ് ഹുമൂദ് ജാബര്‍ അല്‍അഹമ്മദ് അല്‍സബ ആണ് പുതിയ ഗവര്‍ണര്‍. കുവൈറ്റ് അമീര്‍ ആണ് പുതിയ ഗവര്‍ണറെ നിയമിച്ച് ഉത്തരവിറക്കിയത്. അപകടത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 46 പേരും ഇന്ത്യക്കാരാണ്. 3 പേര്‍ ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായികളും ഉള്‍പ്പെടെ 22 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈത്ത് സര്‍ക്കാരും സഹായം നല്‍കും.
Recent Comments