കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്.

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്‍റ് ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

ഇനി ഉണ്ടാവില്ല ‘ഗുഡ്‌മോണിങ്’, ലൂക്കോസ് വിടവാങ്ങിയത് മകളുടെ തുടര്‍പഠനത്തിനായി അടുത്തമാസം നാട്ടില്‍ വരാനിരിക്കെ

ഇനി ഉണ്ടാവില്ല ‘ഗുഡ്‌മോണിങ്’, ലൂക്കോസ് വിടവാങ്ങിയത് മകളുടെ തുടര്‍പഠനത്തിനായി അടുത്തമാസം നാട്ടില്‍ വരാനിരിക്കെ

കൊല്ലം: കുവൈത്തിലെ തീപിടിത്തത്തിന് തൊട്ടുമുന്‍പ് ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാര്‍ക്കുള്ള പതിവ് ഗുഡ്‌മോണിങ് സന്ദേശം അയച്ചു. എന്നാല്‍ ജോലിക്കു പോകുന്നതിന് മുന്‍പുള്ള പതിവു ഫോണ്‍ വിളി മാത്രം ഉണ്ടായില്ല. മക്കളും ഭാര്യയും തിരികെ വിളിച്ചിട്ട് മറുപടി ലഭിച്ചുമില്ല. തീപിടിത്തത്തെപ്പറ്റി ടിവിയില്‍ വാര്‍ത്ത വന്നതോടെ വെളിച്ചിക്കാല വടകോട്ട് വിളയില്‍ ആശങ്കയേറി. ബന്ധുക്കളും മാറിമാറി ലൂക്കോസിനെ ഉച്ചവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ലൂക്കോസിന്റെ ഭാര്യ ഷൈനിയും മക്കളായ ലിഡിയയും ലോയ്‌സും ലൂക്കോസിന്റെ മാതാപിതാക്കളായ സി ഉണ്ണുണ്ണിയും കുഞ്ഞമ്മയും താന്‍ സുരക്ഷിതനാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ലൂക്കോസിന്റെ വിളിക്കായി പ്രാര്‍ഥനയുമായി മണിക്കൂറുകളാണ് തള്ളി നീക്കിയത്. മരിച്ച മലയാളികളില്‍ ഒരു കൊല്ലം സ്വദേശിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ തകര്‍ന്നു. ശൂരനാട് സ്വദേശിയാണ് മരിച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ക്കു ശേഷം ലൂക്കോസിന്റെ മരണ വാര്‍ത്തയും എത്തിയതോടെ നാട് മുഴുവന്‍ ലൂക്കോസിന്റെ വീട്ടിലേക്ക് ഒഴുകി എത്തി.

പ്ലസ്ടുവിന് എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മൂത്ത മകള്‍ ലിഡിയയുടെ തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ലൂക്കോസ്. 18 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ലൂക്കോസ് എന്‍ബിടിസി കമ്പനിയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറാണ്. കൊല്ലം സ്വദേശി തന്നെയായ ഷെമീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണു ബന്ധുക്കളും സുഹൃത്തുക്കളും.

കുടുംബത്തിന്റെ പ്രതീക്ഷകളുമായി സഹോദരങ്ങള്‍ക്കൊപ്പമാണ് ശാസ്താംകോട്ട സ്വദേശിയായ ഷെമീര്‍ പ്രവാസജീവിതം തെരഞ്ഞെടുത്തത്. നിറചിരിയോടെ മാത്രം ഇടപെടുന്ന സൗമ്യനായ ഷെമീര്‍ മാത്രമാണ് സുഹൃത്തുക്കളുടെ മനസ്സില്‍. കെട്ടിട നിര്‍മാണ കരാറുകാരനായ പിതാവ് ഉമറുദീനൊപ്പം ഓയൂരില്‍ നിന്ന് ആനയടി വയ്യാങ്കരയിലേക്കു താമസം മാറിയ കുടുംബത്തില്‍ നിന്നു മക്കള്‍ ഓരോരുത്തരായി പ്രവാസത്തിലേക്കു തിരിഞ്ഞു.

ഷെമീര്‍ കുവൈത്തിലും സഹോദരങ്ങളായ ഷൈജുവും ഷിജാദും സൗദിയിലും തൊഴിലിനായി എത്തി. കഴിഞ്ഞ 5 വര്‍ഷമായി കുവൈത്തില്‍ എന്‍ടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീര്‍ 2 വര്‍ഷം മുന്‍പ് പത്തനാപുരം സ്വദേശി സുറുമിയെ വിവാഹം ചെയ്തു. ഇളയ സഹോദരനായ മുഹമ്മദ് നിജാസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഷെമീറിന്റെ വിയോഗ വിവരം പിതാവിനെ മാത്രമാണ് അറിയിച്ചത്. ബാക്കിയുള്ളവരില്‍ നിന്നു വിവരങ്ങള്‍ മറയ്ക്കാന്‍ വീട്ടിലെ മൊബൈല്‍ ഫോണുകളും ടിവിയും ഓഫ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെയാണ് കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 49 പേരാണ് മരിച്ചത്. ഇതില്‍ 40 പേരും ഇന്ത്യക്കാരാണ്. മരിച്ചവരില്‍ 11 മലയാളികളും ഉള്‍പ്പെടുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം സ്വദേശികളാണ് മരിച്ചത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാവില്ല, കെഎടി ഉത്തരവ് ഹൈക്കോടതി തള്ളി

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാവില്ല, കെഎടി ഉത്തരവ് ഹൈക്കോടതി തള്ളി

കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി തള്ളി. സര്‍ക്കാരും ഏതാനും അധ്യാപകരും നല്‍കിയ ഹര്‍ജിയിലാണ് വിധി.

സ്ഥലംമാറ്റം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്‌റ്റേഷന്‍, ഇതര വിഭാഗ പട്ടികകള്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാരും ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവ് വരും മുമ്പ് വിടുതല്‍ വാങ്ങിയ അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനടെയാണ് ഹൈക്കോടതി നടപടി.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്ഥലംമാറ്റ പട്ടിക ഫെബ്രുവരി 16നു പുറത്തിറക്കിയത്. സ്വന്തം ജില്ലയിലേത് അടക്കം എല്ലാ ജില്ലകളിലേക്കുമുള്ള സ്ഥലംമാറ്റത്തിന് മറ്റു ജില്ലകളില്‍ ജോലി ചെയ്ത കാലയളവ് (ഔട്ട്‌സ്‌റ്റേഷന്‍ സര്‍വീസ്) പരിഗണിക്കണമെന്നു കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ െ്രെടബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സ്വന്തം ജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രം ഔട്ട്‌സ്‌റ്റേഷന്‍ സര്‍വീസ് പരിഗണിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

വീണാ ജോര്‍ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം

വീണാ ജോര്‍ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും. മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേങ്ങള്‍ നടപ്പാക്കുക. കുടുംബങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സര്‍ക്കാരിനുള്ളത്. മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ഏകോപിപ്പിക്കും.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

കാസര്‍കോട് തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബു(29), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ്.നായര്‍, കൊല്ലം സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു48), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍സിങ് കുവൈത്തിലേക്ക് യാത്ര തിരിച്ചു. അവിടെത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ മന്ത്രി സന്ദര്‍ശിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി ജയ്ശങ്കര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.

കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വര്‍ധിപ്പിക്കുന്നെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കു എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മണ്ണെടുത്ത് റോഡ് അപകട അവസ്ഥയിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

മണ്ണെടുത്ത് റോഡ് അപകട അവസ്ഥയിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

ആറ്റിങ്ങൽ: മണ്ണെടുത്തതിനെ തുടർന്ന് റോഡ് അപകടാവസ്ഥയിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ. ആലംകോട് ഗവ.എൽ.പി.എസ് – മണ്ണൂർ ഭാഗം റോഡിൽ ആണ് ഈ അപകടാവസ്ഥയുള്ളത്. ഈറോഡ് തകർന്നടിഞ്ഞിട്ടു മാസങ്ങളോളമായി. ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.

അതിന് ഉപരി റോഡിനോട് ചേർന്ന് ചില സ്വകാര്യ വ്യക്തികൾ ആഴത്തിൽ മണ്ണെടുത്തിരിക്കുന്നത് ആണ് നിലവിൽ ആശങ്ക സൃഷ്ടിക്കുന്നത്. മഴക്കാലമായതോടെ ഈ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴുമോ എന്ന് ആശങ്കയുണ്ട്. വീതി കുറഞ്ഞ റോഡിന്റെ ടാറിനോട് ചേർന്നാണ് ആഴത്തിൽ കുഴിച്ചിരിക്കുന്നത്. നിരവധി സ്കൂൾ വാഹനങ്ങൾ അടക്കം കടന്നു പോകുന്ന ഈ റോഡിൽ വൻ അപകട സാധ്യത നിലനിൽക്കുകയാണ്. കൊടും വളവും, കയറ്റവും ഉൾപ്പെടുന്ന സ്ഥലത്ത് ആണ് വൻകുഴി അപകട ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നത്. അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എം.എച്ച്.അഷ്റഫ് ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി നിവേദനം നൽകി.