മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ചവരുടെ വീടുകൾ എം എൽ എ സന്ദർശിച്ചു

മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ചവരുടെ വീടുകൾ എം എൽ എ സന്ദർശിച്ചു

വർക്കല വെട്ടുർ ഗ്രാമപഞ്ചായത്തിലെ ഫിഷർമാൻ കോളനിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഉണ്ടായ മഴയിലും കാറ്റിലും വീടുകളുടെ മേൽക്കൂര സഹിതം പറന്നു പോയി. വലിയ നാശനഷ്ടം ഉണ്ടായി. സ്ഥലം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ സന്ദർശിച്ചു.

ആവണീശ്വരം മഹാദേവർ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

ആവണീശ്വരം മഹാദേവർ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

ആറ്റിങ്ങൽ: ആവണീശ്വരം മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വെള്ളിയാഴ്ച നടക്കും. രാവിലെ നാല് അമ്പതിന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനം. ആറുമണിക്ക് മഹാഗണപതിഹോമം.മഹാമൃത്യുഞ്ജയ ഹോമം. എട്ടിന് ലക്ഷാർച്ചന.

12 30 മുതൽ അന്നദാനം. വൈകിട്ട് 6. 15ന് അലങ്കാര ദീപാരാധന. രാത്രി എട്ടിന് അത്താഴപൂജ,തുടർന്ന് നടയടയ്ക്കൽ.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6615 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പുതിയ വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ബാക്കി, വിവാഹത്തിന് നാളെണ്ണിക്കഴിയവെ സ്റ്റെഫിന്റെ മരണം; കണ്ണീരണിഞ്ഞ് പാമ്പാടി

പുതിയ വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ബാക്കി, വിവാഹത്തിന് നാളെണ്ണിക്കഴിയവെ സ്റ്റെഫിന്റെ മരണം; കണ്ണീരണിഞ്ഞ് പാമ്പാടി

കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ മരണത്തില്‍ വിതുമ്പി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്.

അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് വേണ്ടിയാണ് സ്റ്റെഫിന്‍ നാട്ടില്‍ വരാനിരുന്നത്. നിലവില്‍ വാടകയ്ക്കാണ് സ്റ്റെഫിനും കുടുംബവും താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. അതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് യുവാവിന്റെ വിയോഗം.

പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം സ്റ്റെഫിന്റെ വിവാഹം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. വിവാഹം ഉറപ്പിച്ച് കല്യാണത്തിന് നാളെണ്ണിക്കഴിയവെയാണ് സന്തോഷം നിറഞ്ഞുനിന്ന വീട്ടിലേക്ക് ദുരന്തവാര്‍ത്ത എത്തിയത്. ആറുമാസം മുന്‍പാണ് സ്റ്റെഫിന്‍ നാട്ടില്‍ വന്നത്. കഴിഞ്ഞ ദിവസം രാത്രി വരെ സ്റ്റെഫിന്‍ അമ്മയെ വിളിച്ചിരുന്നു.

ഇരുമാരിയേല്‍ സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിന്‍. കുവൈത്തില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ ഫെബിനും ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസം. പാമ്പാടി വിശ്വഭാരതി കോളജിനു സമീപത്താണ് സ്റ്റെഫിന്റെ കുടുംബം താമസിക്കുന്നത്. കെവിന്‍ മറ്റൊരു സഹോദരനാണ്.

പന്തീരങ്കാവ് കേസ്; യുവതിയുടെ ടവർ ലൊക്കേഷൻ ഡൽഹിയിലെന്ന് പൊലീസ്: മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

പന്തീരങ്കാവ് കേസ്; യുവതിയുടെ ടവർ ലൊക്കേഷൻ ഡൽഹിയിലെന്ന് പൊലീസ്: മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിക്കായി മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

കഴിഞ്ഞ ഏഴാം തിയതിയാണ് യുവതി അവസാനമായി ഓഫിസിൽ എത്തിയത്. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നുമാണ് യുവതി പറഞ്ഞത്. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മര്‍ദനമേറ്റതിന്റെതല്ലെന്നും യുവതി പറഞ്ഞു.

അതേസമയം, സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ബുധനാഴ്ച ചോദ്യം ചെയ്തു. രാജ്യം വിട്ട ഒന്നാം പ്രതിയായ രാഹുൽ പി.ഗോപാലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.