ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറയുന്നത്.

രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

ബം​ഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടി പവിത്ര ​ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നാണ് അന്നപൂർണേശ്വരി ന​ഗർ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ​ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.

കേസിൽ നടി പവിത്ര ​ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂ​ഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുർ​ഗ സ്വദേശി രേണുകസ്വാമി (33) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ഡ്രൈവർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

സർവീസ് റോഡിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

വാനിന്റെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. തുടർന്ന് നാട്ടുകാർ പീച്ചി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. കറുപ്പയ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല: മുഖ്യമന്ത്രി

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായിരുന്നതായി കണ്ടെത്തി.

ഇനി അടുത്തവര്‍ഷം വരെ കാത്തിരിക്കേണ്ട!; സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

ഇനി അടുത്തവര്‍ഷം വരെ കാത്തിരിക്കേണ്ട!; സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

ഡല്‍ഹി: വിദേശ സര്‍വകലാശാലകളിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കാന്‍ യുജിസി ഒരുങ്ങുന്നു. ഈ അധ്യയന വര്‍ഷം (2024-25) തന്നെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതിന് അനുമതി നല്‍കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

ജൂലൈ- ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നിങ്ങനെ അധ്യയനവര്‍ഷത്തില്‍ രണ്ടു ഘട്ടമായി പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാന്‍ കഴിഞ്ഞാല്‍ ബോര്‍ഡ് ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്നിവ മൂലം ജൂലൈ-ഓഗസ്റ്റ് സെഷനില്‍ സര്‍വകലാശാല പ്രവേശനം നഷ്ടമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സ്ഥിതി മാറും. വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന സര്‍വകലാശാല പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ സഹായകമാകും.

വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും. ബിരുദധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കാനും ഇത് വഴിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. അടിസ്ഥാന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് പദ്ധതി നടപ്പാക്കുകയെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.