മൂന്ന് ബള്‍ബും ടിവിയും ഫ്രിഡ്ജും മാത്രം; ഒറ്റമുറി വീട്ടിലെ വൈദ്യുതി ബില്‍ അരലക്ഷം രൂപ

മൂന്ന് ബള്‍ബും ടിവിയും ഫ്രിഡ്ജും മാത്രം; ഒറ്റമുറി വീട്ടിലെ വൈദ്യുതി ബില്‍ അരലക്ഷം രൂപ

തൊടുപുഴ: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക. വാഗമണ്‍ സ്വദേശി അന്നമ്മയ്്ക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി. ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെഎസ്ഇബി ചെയ്തത്.

ഒറ്റമുറി വീട്ടില്‍ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബള്‍ബും വല്ലപ്പോഴും തുറക്കുന്ന ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കറന്റ് ബില്‍ കുടിശിക 46,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെഎസ്ഇബി ബില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അന്നമ്മ മീറ്റര്‍ പരിശോധിക്കണമെന്ന് കാണിച്ച് കെഎസ്ഇബി പരാതി നല്‍കി. പരിശോധനയില്‍ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ കണ്ടെത്തല്‍.

വീണ്ടും കുടിശിക ഉള്‍പ്പെടെ 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബില്‍നല്‍കി. ഇത്രയും വലിയ തുക അടയക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും അന്നമ്മ കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തു. രണ്ട് തവണ പണം അടയ്ക്കാന്‍ പോയിട്ടും 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നെന്ന് അന്നമ്മ പറഞ്ഞു.

പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്.

തൃശൂർ ഡിസിസിയിലെ കൈയാങ്കളി; ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്

തൃശൂർ ഡിസിസിയിലെ കൈയാങ്കളി; ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്

തൃശൂര്‍: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവന്‍ കുര്യച്ചിറയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന സജീവന്‍ കുര്യച്ചിറയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു

രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു. സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എഎല്‍ ഷംജീറിനാണ് മര്‍ദനറ്റേത്. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയിലേക്ക് എത്തിയത്.

അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറിനെ ജുറൈജ് മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. തുടര്‍ന്ന് ഈ സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് വിവരം. ഈ തര്‍ക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ മര്‍ദിക്കുകയായിരുന്നു.

ബെറ്റ് ബെറ്റാണ്! വികെ ശ്രീകണ്ഠൻ ജയിച്ചതോടെ ആര്യയ്ക്ക് കിട്ടയത് 75,283 രൂപ

ബെറ്റ് ബെറ്റാണ്! വികെ ശ്രീകണ്ഠൻ ജയിച്ചതോടെ ആര്യയ്ക്ക് കിട്ടയത് 75,283 രൂപ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വികെ ശ്രീകണ്ഠൻ ജയിച്ചാൽ ഓരോ വോട്ടിനും ഓരോ രൂപ വീതം നൽകുമെന്നായിരുന്നു തിരുവേ​ഗപ്പുറ സ്വദേശി റഫീഖ് ആര്യയുമായി വെച്ച ബെറ്റ്. വികെ ശ്രീകണ്ഠൻ 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ റഫീഖ് പറഞ്ഞ വാക്ക് പാലിച്ചു.

ഭൂരിപക്ഷ വോട്ടുകൾക്ക് തുല്യമായ തുക- 75,283 രൂപ വിളത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയ്‌ക്ക് നൽകി. ആര്യ ജോലി ചെയ്യുന്ന ഫർണീച്ചർ സ്ഥാപനത്തിൽ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴുണ്ടായ രാഷ്ട്രീയ ചർച്ചയ്‌ക്കിടെയാണ് പന്തയം വെച്ചത്. റഫീഖ് പ്രദേശത്ത് സിപിഎം പ്രവർത്തകനാണ്. ആര്യയുടെ ഭർത്താവ് സുജീഷ് കോൺ​ഗ്രസ് ബുത്ത് പ്രസിഡന്റ് ആണ്. കടയിൽ കൂടെയുണ്ടായിരുന്നവരെ സാക്ഷി നിർത്തിയായിരുന്നു പന്തയം. പന്തയ തുക നിൽക്കുമ്പോഴും സാക്ഷികൾ ഉണ്ടായിരുന്നു. പണം കൈമാറുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ബെറ്റ് വാർത്ത ചർച്ചയായി.