‘രണ്ട് ഭാര്യമാരുണ്ടെന്ന് അറിഞ്ഞത് കൂടെ താമസിക്കുന്നതിനിടെ; ​ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം’: പരാതി

‘രണ്ട് ഭാര്യമാരുണ്ടെന്ന് അറിഞ്ഞത് കൂടെ താമസിക്കുന്നതിനിടെ; ​ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം’: പരാതി

ആലപ്പുഴ: പിഞ്ചുകുഞ്ഞിനെ ആക്രമിച്ചതിന് അറസ്റ്റിലായ അമ്മ കുട്ടിയുടെ അച്ഛനെതിരെ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മാന്നാർ എളവ സ്വദേശി 32 കാരിയാണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെയാണ് മാന്നാർ പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ മർദിക്കുന്നതിന്റെ വിഡിയോ പകർത്തി യുവതി നജുമുദീന് അയച്ചത്. ഇത് പുറത്തുവന്നതോടെ ഇവർ അറസ്റ്റിലായി. പിന്നാലെയാണ് നജുമുദീനെതിരെ യുവതി രം​ഗത്തെത്തിയത്. രണ്ടുവട്ടം വിവാഹ മോചിതയായ യുവതി സമൂഹമാധ്യമം വഴിയാണ് നജുമുദീനുമായി പരിചയത്തിലാവുന്നത്. 2022 ഏപ്രിൽ മുതൽ ഇവർ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ വിവാഹിതരായിരുന്നില്ല.

ഒന്നിച്ച് താമസിക്കുന്നതിനിടെയാണ് നജുമുദീന് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം ഇവർ അറിയുന്നത്. ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നത്തിലാവുകയും 2023ൽ പിഞ്ചുകുഞ്ഞുമായി മാന്നാറിലുള്ള തന്റെ വീട്ടിലേക്ക് യുവതി തിരിച്ചെത്തുകയും ചെയ്തു. നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്നാണ് യുവതി പൊലീസിനു മൊഴി നൽകി. കുട്ടിയെ ഉപദ്രവിച്ച കേസിൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മർദനത്തിനിരയായ കുഞ്ഞിനെയും ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.

ഇത്തവണ പോകുന്ന അവസാന ഹജ്ജ് സംഘവും യാത്രയായി; ഹജ്ജ് ക്യാമ്പുകൾ സമാപിച്ചു

ഇത്തവണ പോകുന്ന അവസാന ഹജ്ജ് സംഘവും യാത്രയായി; ഹജ്ജ് ക്യാമ്പുകൾ സമാപിച്ചു

കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് തീർഥാടകസംഘവും ഇന്ന് പുലർച്ചെ വിശുദ്ധമണ്ണിലേക്ക് യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകൾക്ക് പരിസമാപ്‌തിയായി.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 18,200 പേർ. ഇതിൽ 7408 പേർ പുരുഷൻമാരും 10,792 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള ഒൻപത് കുഞ്ഞുങ്ങളുമുണ്ട്.

കരിപ്പൂരിൽനിന്നുള്ള അവസാനവിമാനം ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെട്ടു. 73 പുരുഷൻമാരും 70 സ്ത്രീകളും ഉൾപ്പെടെ 143 തീർഥാടകരാണ് ഇതിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്നുള്ള അവസാനവിമാനം ഉച്ചയ്ക്ക് 12.17ന് യാത്രതിരിച്ചു. 114 പുരുഷൻമാരും 99 സ്ത്രീകളും ഉൾപ്പെടെ 213 തീർഥാടകരാണ് ഇതിൽ യാത്രയായത്.കണ്ണൂരിൽനിന്ന് തിങ്കളാഴ്‌ച പുലർച്ചെ അവസാന വിമാനത്തിൽ 156 പുരുഷൻമാരും 166 സ്ത്രീകളും ഉൾപ്പെടെ 322 പേർ ജിദ്ദയിലേക്ക് പറന്നു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാക്കൂലിയിൽ 35,000 രൂപ വർധിച്ചെങ്കിലും കരിപ്പൂരിൽനിന്ന് മൊത്തം 64 വിമാനങ്ങളിലായി 10,515 തീർഥാടകരാണ് യാത്രയായത്.

തമിഴ്‌നാട്ടിൽനിന്നുള്ള 14 പേരും ഗോവയിലെ മൂന്നുപേരും കർണാടകയിൽനിന്നുള്ള ഏഴുപേരും ഒഡിഷയിലെ ഒരാളും ഇതിൽപ്പെടും. കേരളീയരല്ലാത്ത 201 പേർ യാത്രയ്ക്കായി കൊച്ചി തിരഞ്ഞെടുത്തു. ലക്ഷദ്വീപിലെ 93 പേരും തമിഴ്നാട്ടിലെ 106 പേരും കർണാടകക്കാരായ രണ്ടുപേരുമാണിവർ. ഒൻപത് വിമാനങ്ങളിലായി 3208 പേർ കണ്ണൂരിൽനിന്ന് ജിദ്ദയിലെത്തി. ജൂലായ് ഒന്നുമുതൽ മദീന വഴിയാണ് തീർഥാടകരുടെ മടക്കയാത്ര. ജൂലായ് 22-ന് മടക്കയാത്ര പൂർത്തിയാകും.

പേ വിഷബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പേ വിഷബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങന്‍ തുടങ്ങിയവയാല്‍ മുറിവോ മാന്തലോ ഏറ്റാല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുതെന്നും പേ വിഷബാധയ് ക്കെതിരെ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കടിയോ മാന്തലോ ഏറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് നന്നായി തേച്ച് 20 മിനിറ്റ് നേരം കഴുകിയതിനുശേഷം ഉടനടി ചികിത്സ തേടണം. ഐ.ഡി.ആര്‍.വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പ് കൂടി എടുക്കണം.

ഐ.ഡി.ആര്‍.വി.എല്ലാ സര്‍ക്കാര്‍ ജനറല്‍ -ജില്ലാ – താലുക്ക് – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചിറയിന്‍കീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടവ

*വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകള്‍ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമായും എടുക്കണം.
*മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകണം.
പട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞുങ്ങളും പരിപാലിച്ചു കഴിഞ്ഞാലും ഉടന്‍തന്നെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. അവ മാന്തിയാലും കടിച്ചാലും പേ വിഷബാധ സാദ്ധ്യ തയുണ്ട്
*മുറിവുകളിലോ കാലിലെ വിണ്ടുകീറലിലോ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം.
*വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക
*കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാന്‍ അനുവദിക്കരുത്.
*അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത്
ഇടപഴകാതിരിക്കുക. ഇത്തരം മൃഗങ്ങള്‍ വീട്ടുവരാന്തയില്‍ വിശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആ സ്ഥലം കഴുകി വൃത്തിയാക്കുക.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങള്‍:

വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉമിനീര്‍, ആക്രമണ സ്വഭാവം, സാങ്കല്‍പ്പിക വസ്തുക്കളില്‍ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ

വളര്‍ത്തുമൃഗങ്ങളോ വീട്ടില്‍ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാല്‍ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാല്‍, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ത്രീവ്രമഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, വയനാട്‌, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രാഹുൽ റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍ നിന്ന്?

രാഹുൽ റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍ നിന്ന്?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി.

രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന ഇന്ത്യാ മുന്നണി തുടര്‍ന്നും ഒരുമയോടെ മുന്നോട്ടു പോവണമെന്ന നിര്‍ദേശം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവച്ചു.

പുനരുജ്ജീവനം ഉണ്ടായെങ്കില്‍ക്കൂടി ചില സംസ്ഥാനങ്ങളില്‍ പ്രതീക്ഷയ്ക്കും കഴിവിനും ഒപ്പം എത്തിയില്ലെന്ന ആത്മവിമര്‍ശനം കൂടി പാര്‍ട്ടി നടത്തേണ്ടതുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായ സംസ്ഥാനങ്ങളില്‍ ഇത്തവണ പ്രകടനം മെച്ചപ്പെട്ടില്ല. ഇതു പ്രത്യേകമായെടുത്ത് ചര്‍ച്ച ചെയ്യണമെന്ന് ഖാര്‍ഗെ പറഞ്ഞു.

രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും.