പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡ്

പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവ മാലിന്യം അടിഞ്ഞുകൂടുന്നതിനു ഇടയാക്കുന്നവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ.

പെരിയാറിലെ ഒഴുക്ക്, കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്നു നിർദ്ദേശം നിർദ്ദേശം നൽകിയിരുന്നു. 2017ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിനു നിർദ്ദേശം നൽകിയതെന്നും ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണം നിയന്ത്രണ ബോർഡ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പെരിയാറിൽ രാസ മാലിന്യം ഒഴുക്കിയതിനെ തുടർന്നു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യ കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കൊച്ചി കോർപറേഷൻ മേഖലയിലേക്കു വിഷപ്പുഴ ഒഴുകിയെന്നാണു ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു.

നവഭാരതം പത്രം ഉടമ എകെ ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കറുടെ ജനനം. മകന്‍ ഈ രംഗത്തു വരുന്നതില്‍ അച്ഛനു താല്‍പര്യമില്ലായിരുന്നു. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണു പത്രപ്രവര്‍ത്തന തുടക്കം.

ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു. മാധ്യമജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലത്തും ഒട്ടേറെ പത്രങ്ങളിലും മാഗസിനുകളിലും കോളങ്ങള്‍ എഴുതി സജീവമായിയിരുന്നു ബിആര്‍പി.

ബംഗ്ലദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്മാനുമായുള്ള അഭിമുഖം, ഡോ. ഹര്‍ഗോവിന്ദ് ഖുറാന നൊബേല്‍ സമ്മാനം നേടിയ വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബിആര്‍പിയെ ഈ രംഗത്ത് അടയാളപ്പെടുത്തി. മാധ്യമ മേഖലയിലെ മികവിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബിആര്‍പി ഭാസ്‌കറിന്റെ ന്യൂസ് റൂമിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സാഹിത്യകാരൻ പി കേശവദേവിന്റെ പേരിലുള്ള കേശവദേവ് സാഹിത്യ-ഡയാബസ്ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിഖ്യാത തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണനാണ് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നിൽക്കുന്ന അതുല്യപ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. പതിനൊന്ന് ഫീച്ചർ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻ്ററികളും തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലൂടെ 1970-കളിൽ മലയാളചലച്ചിത്ര രംഗത്തിൽ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, അനന്തരം, വിധേയൻ, കഥാപുരുഷൻ എന്നിവ അടൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സംഭാവനകൾക്കായി രാജ്യവും സംസ്ഥാനവും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 60,000 ലും തുടര്‍ന്ന് 50,000 ലുമെത്തി. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് സര്‍വേയര്‍ രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എറണാകുളത്തിന് പുറമേ കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ കാറ്റിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.