അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു

അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു

നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു. ഇരുമ്പിൽ ചക്കാലക്കൽ പുത്തൻവീട്ടിൽ വിജേഷിന്റെ വളർത്തുപശുക്കളിൽ നാലെണ്ണമാണ് അരളിച്ചെടികൾ തിന്നതിനെ തുടർന്ന് ചത്തത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം.
വിജേഷിന് 17 ഓളം പശുക്കളും കിടാങ്ങളുമുണ്ട്. ശേഷിക്കുന്ന പശുക്കൾക്ക് സ്ഥലത്തെത്തിയ മൃഗഡോക്ടർ അടിയന്തര ചികിത്സ നൽകി. ഇവ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ചികിത്സകൾ തുടരുകയാണ്. 50000ത്തോളം രൂപ വിലയുള്ള പശുക്കളാണ് ചത്തത്.

വർഷങ്ങളായി വിജേഷിന് പശുവളർത്തലാണ് ഉപജീവനമാർഗം. വിജേഷിന്റെ കുടുംബവും മാതാവ് നന്ദിനിയും വായ്പയെടുത്തും കടം വാങ്ങിയുമാണ് പശുക്കളെ വളർത്തിയിരുന്നത്. ദിവസം 60 ലിറ്ററോളം പാൽ ലഭിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പശുവിന് പുല്ലുചെത്തിയപ്പോൾ റെയിൽവേ പുറംപോക്കിൽ നിന്ന അരളിച്ചെടിയും വിജേഷ് അറുത്തെടുത്ത് പശുക്കൾക്ക് നൽകിയിരുന്നു. അരളിച്ചെടികൾ കൂടുതൽ കഴിച്ച പശുക്കളാണ് ചത്തത്. വിവരം അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ ഡോ.അയ്യൻകണ്ണിനോട് വിജേഷ് അരളിച്ചെടി നൽകിയ കാര്യം പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുക്കളുടെ മരണം അരളിച്ചെടി കഴിച്ചാണെന്ന് സ്ഥിരീകരിച്ചത്.

ജീവനക്കാരുടെ കൂട്ടവിരമിയ്ക്കൽ;16000 ത്തോളം ജീവനക്കാർ ഇന്ന് സർവ്വീസിൽ നിന്നും പിരിയും

ജീവനക്കാരുടെ കൂട്ടവിരമിയ്ക്കൽ;16000 ത്തോളം ജീവനക്കാർ ഇന്ന് സർവ്വീസിൽ നിന്നും പിരിയും

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിക്കിടെ ആനൂകൂല്യത്തിനും പണം കണ്ടെത്തണം.

പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്.

വിവിധ വകുപ്പുകളിൽ നിന്ന് ഇന്ന് പിരിയുന്നത് 16000 ത്തോളം ജീവനക്കാരാണ്. ആനൂകൂല്യങ്ങൾ നൽകാൻ 9000 കോടി കണ്ടെത്തേണ്ടതാണ് പ്രശ്നം. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. എല്ലാവരും ഒറ്റയടിക്ക് പണം പിൻവലിക്കില്ല എന്നത് ആശ്വാസമാണ്.

പലരും ട്രഷറിയിൽ തന്നെ പണം നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നതും നേട്ടമാണ്. പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറേയേറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്. കെ എസ് ആർ ടി സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ച‍മാരും ചേർന്ന് 700 ഓളം പേർ വിരമിക്കും.

ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്. കെ എസ് ഇ ബിയിൽ നിന്ന് വിരമിക്കുക 1010 പേരാണ്. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകും. പക്ഷെ എല്ലായിടത്തം പകരം പുതിയ നിയമനം വേഗത്തിൽ നടക്കില്ല. ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ട്. ചില വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ച് പുനസംഘടന നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്.

വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്; സംസ്ഥാനം വിടരുത്; സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്; സംസ്ഥാനം വിടരുത്; സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരതെന്നും പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സിദ്ധാര്‍ഥന്റെ മാതാവും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ നേരത്തെ, സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നും തങ്ങള്‍ക്ക് ജാമ്യം തടയുകാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ കേസിനെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നും വിദ്യാര്‍ഥികളായ ഇവര്‍ രണ്ട് മാസത്തിലധികമായി ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്.

സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്ത് മോദി, 45 മണിക്കൂർ നീളുന്ന ധ്യാനം നാളെ അവസാനിക്കും

സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്ത് മോദി, 45 മണിക്കൂർ നീളുന്ന ധ്യാനം നാളെ അവസാനിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു. ജൂണ്‍ ഒന്നുവരെ ധ്യാനത്തിലിരിക്കും. ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോ​ഗിച്ചില്ല.

സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം ഇന്ന് പുലർ‌ച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. നാളെ ഉച്ചയോ​ടെ ധ്യാനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിക്ക് മടങ്ങും.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയിൽ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് വിവേകാനന്ദപ്പാറയിലേക്ക് പോയത്. വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്.

അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർ‌പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകി‌യാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു.

‘രണ്ടു വട്ടം ഡോക്ടറെ കണ്ടിട്ടും കുത്തിവയ്പ് നല്‍കിയില്ല’; എട്ടു വയസ്സുകാരന്റെ മരണത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

‘രണ്ടു വട്ടം ഡോക്ടറെ കണ്ടിട്ടും കുത്തിവയ്പ് നല്‍കിയില്ല’; എട്ടു വയസ്സുകാരന്റെ മരണത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. ദേവനാരായണന് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിഞ്ഞു.