by liji HP News | May 31, 2024 | Latest News, കേരളം
മലപ്പുറം: ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എസ്എച്ച്ഒയ്ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍. വളാഞ്ചേരി എസ്എച്ച്ഒ യു എച്ച് സുനില്‍ദാസ് (53), എസ്‌ഐ പിബി ബിന്ദുലാല്‍ (48) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ ബിന്ദുലാലിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. സിഐ സുനില്‍ദാസ് ഒളിവിലാണ്.
സ്‌ഫോടകവസ്തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി എസ്‌ഐ ബിന്ദുലാലും ഇന്‍സ്‌പെക്ടര്‍ സുനില്‍ദാസും ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഭീഷണി.
കേസില്‍ പ്രതിയായ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാന്‍ഡിലാക്കുമെന്ന് എസ്‌ഐയും ഇന്‍സ്‌പെക്ടറും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബിന്ദുലാല്‍ 10 ലക്ഷം രൂപയും സുനില്‍ദാസ് 8 ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇതിനെല്ലാം ഇടനിലക്കാരനായിനിന്ന അസൈനാര്‍ 4 ലക്ഷം രൂപയും കൈപ്പറ്റി.
നിസാര്‍ ഈ വിവരം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, മലപ്പുറം ഡിവൈഎസ്പി ടി മനോജാണു പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂര്‍ ഡിവൈഎസ്പിക്കു കൈമാറി. തിരൂര്‍ ഡിവൈഎസ്പി ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
by liji HP News | May 31, 2024 | Latest News, കേരളം
തിരുവനന്തപുരം: മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കരുത്. അവരാണ് യഥാര്‍ഥ യജമാനന്മാര്‍. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുത്തെന്നും സമയത്ത് വണ്ടി സ്റ്റേഷനില്‍ എത്തിയെന്നും ഉറപ്പാക്കണം. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണം. പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകരുത്. റോഡില്‍ സമാന്തരമായി വാഹനം നിര്‍ത്തണം. റോഡില്‍ ആര് കൈ കാണിച്ചാലും നിര്‍ത്തി കൊടുക്കണമെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു മന്ത്രി.
‘കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അച്ചടക്കം പാലിക്കണം. കെഎസ്ആര്‍ടിസി എല്ലാ കാലത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന ആരോപണമുണ്ട്. ഓരോ ദിവസവും നാലായിരത്തോളം കെഎസ്ആര്‍ടിസി ബസുകളാണ് റോഡില്‍ ഇറങ്ങുന്നത്. അതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ ശ്രമിക്കണം. അടുത്തിടെയായി മദ്യപിച്ച് വാഹനം ഓടിക്കേണ്ട എന്ന നിലപാട് മാനേജ്‌മെന്റ് എടുക്കുകയും സിഎംഡിയുടെ നിര്‍ദേശപ്രകാരം മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്ത ശേഷം വളരെയധികം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നേരത്തെ ഒരാഴ്ച ഏഴും ആറും അപകടമരണങ്ങളാണ് കെഎസ്ആര്‍ടിസി മൂലം സംഭവിച്ചിരുന്നത്. ഇത് ഒന്നും രണ്ടുമായി കുറയ്ക്കാന്‍ സാധിച്ചു. സ്വിഫ്റ്റ് ബസ് ഓടിക്കുന്നത് ചെറുപ്പക്കാരാണ്. മറ്റു കെഎസ്ആര്‍ടിസി ബസ് ഡ്രൈവരുടെ അത്രയും അനുഭവ സമ്പത്ത് കുറവാണ്. അതുകൊണ്ട് കുറച്ചും കൂടി ശ്രദ്ധിക്കണം.’- മന്ത്രി ഓര്‍മ്മപ്പെടുത്തി.
‘അതുകൊണ്ട് വേഗം കൂട്ടിയും മത്സരയോട്ടം നടത്തിയും വാഹനം ഓടിക്കരുത്. കെഎസ്ആര്‍ടിസി ബസിന്റെ യജമാനന്‍, അത് സിഎംഡിയും മന്ത്രിയും ഒന്നുമല്ല. യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ യജമാനന്മാര്‍. അവരെ ഭയപ്പെടുത്തുന്ന രീതിയില്‍ വണ്ടി ഓടിക്കരുത്. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനില്‍ എത്തിക്കുക. സമയത്തിന് ഇറങ്ങി സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും എന്ന് അറിഞ്ഞാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കും. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ഓടിക്കുക. ചെറു വാഹനങ്ങള്‍ മുട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍ ചെറുവാഹനങ്ങള്‍ക്ക് അങ്ങനെയല്ല. സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ അവരെ വിട്ടേക്ക്. അവരെ ക്ഷമിച്ച് വിട്ടേക്ക്. നിങ്ങള്‍ കുറച്ചുംകൂടി പക്വത കാണിക്കണം.’- മന്ത്രി പറഞ്ഞു.
പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകേണ്ട. അങ്ങനെ മത്സരത്തിന് പോകുമ്പോള്‍ പലപ്പോഴും റോഡരികില്‍ നില്‍ക്കുന്ന നിരപരാധിയായ വ്യക്തികളുടെ ജീവനാണ് ഭീഷണിയാവുന്നത്. കെഎസ്ആര്‍ടിസി ബസായാലും പ്രൈവറ്റ് ബസായാലും വാഹനം നിര്‍ത്തുമ്പോള്‍ പരമാവധി ഇടതുവശം ചേര്‍ത്തുനിര്‍ത്താന്‍ ശ്രദ്ധിക്കണം. എതിര്‍വശത്ത് നിന്നു വരുന്ന ബസുമായി സമാന്തരമായി ബസ് നിര്‍ത്താന്‍ പാടില്ല. ചിലപ്പോള്‍ സ്‌റ്റോപ്പ് ആയിരിക്കാം. കുറച്ചു മുന്നോട്ട് മാറ്റി നിര്‍ത്തുക. സമാന്തരമായി വാഹനം നിര്‍ത്തുന്നത് മറ്റു വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറും. ഇത് ഗതാഗതക്കുരുക്കിന് കാരണമാകും. മുന്നില്‍ കൊണ്ടുപോയി ബസ് നിര്‍ത്തുന്നത് പ്രൈവറ്റ് ബസുകാരുടെ ഒരു രീതിയാണ്. മറ്റുള്ള വാഹനങ്ങള്‍ കയറി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും റോഡില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ട്. റോഡിന്റെ നടുവില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തരുത്.’- ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു.
‘ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കരുത്. വണ്ടി ഓടിക്കുമ്പോള്‍ ഒരു കാരണവശാലും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. ഒരേ റൂട്ടിലേക്ക് വരിവരിയായി വണ്ടി ഓടിച്ച് പോകരുത്. കാണുന്ന ആളുകള്‍ക്ക് അത് പരിഹാസമാകും. മുന്നില്‍ അതേ റൂട്ടില്‍ ഓടുന്ന ബസ് ഉണ്ടെങ്കില്‍ വേഗം കുറച്ച് വരിവരിയായി പോകുന്നത് ഒഴിവാക്കുക. വരിവരിയായി ബസ് ഓടുന്നത് നഷ്ടം കൂട്ടാന്‍ ഇടയാക്കും. നാട്ടുകാരും പറയും. കാലിയായി ബസ് ഓടിക്കുന്നു എന്ന്. വെറുതെയല്ല ഇവര്‍ നഷ്ടത്തിലായത് എന്ന് പറഞ്ഞ് പരിഹസിക്കും. ബസില്‍ ആളുകള്‍ കയറി എന്ന് ഉറപ്പാക്കിയ ശേഷം വണ്ടിയെടുക്കുക. കൈ കാണിച്ചാല്‍ വണ്ടി നിര്‍ത്തി കൊടുക്കണം. വണ്ടി നിര്‍ത്തി ആളെ കയറ്റിയാലെ കളക്ഷന്‍ കിട്ടൂ. ആക്‌സിലേറ്ററില്‍ കൂടുതല്‍ കാല് കൊടുത്ത് ഡീസല്‍ അമിതമായി കത്തിച്ചുകളയുന്നത് ഒഴിവാക്കണം. പരമാവധി മൈലേജ് കിട്ടുന്ന രീതിയില്‍ വേണം വണ്ടിയോടിക്കാന്‍.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.
by liji HP News | May 31, 2024 | Latest News, കേരളം
കൊല്ലം: ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം. ഒടുവില്‍ റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയ കാറില്‍നിന്നു ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളവീട്ടില്‍ കെ സാംകുട്ടി(60)യാണു കാറോടിച്ചത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ രാത്രി പത്തരയോടെയാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാര്‍. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയര്‍ ഊരിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല. ഇതിനിടെ ഏതാനും വാഹനങ്ങളില്‍ ഇടിച്ചതായും പരാതിയുണ്ട്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നിലൂടെയും കുതിച്ചുപാഞ്ഞ കാര്‍ കിള്ളൂരിനു സമീപം മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. തലയ്ക്കും മുഖത്തും മുറിവേറ്റ സാംകുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
by liji HP News | May 31, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.
20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞുമാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
by liji HP News | May 31, 2024 | Latest News, കേരളം
കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ
ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.
1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ചെയര്‍പഴ്‌സനും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു.
പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു. ‘ഫൊര്‍ഗോട്ടണ്‍ വിക്ടിം’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.
മക്കള്‍: ഡോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍, നോര്‍വേ), റോണ്‍ സെബാസ്റ്റ്യന്‍ (ഹൈക്കോടതി അഭിഭാഷകന്‍), ഷോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍/ ഡോക്യുമെന്ററി സംവിധായകന്‍). മരുമക്കള്‍: ഡെല്‍മ ഡൊമിനിക് ചാവറ ( നോര്‍വെ), സബീന പി. ഇസ്മയില്‍ (ഗവണ്‍മെന്റ് പ്ലീഡര്‍, ഹൈക്കോടതി).
Recent Comments