by liji HP News | May 31, 2024 | Latest News, കേരളം
തിരുവനന്തപുരം: ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.
ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10ന് വൈകീട്ട് മൂന്നരയ്ക്കും തുടങ്ങും. ഒമ്പതിന് ഐസര്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസര്‍ പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് എന്‍ജിനീയറിങ് പരീക്ഷയെഴുതാനുള്ള ദിവസം മാറ്റിനല്‍കാമെന്ന് അറിയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ. പുതിയ സമയക്രമമനുസരിച്ച് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. പത്തിന് വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെ നടക്കുന്ന ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് ഒരുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.
അഡ്മിറ്റ് കാർഡുകൾ
ജൂൺ 5 മുതൽ 9 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്/ ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
by liji HP News | May 31, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ജ്വാലാകവിതകൾ സാഹിത്യവേദിയുടെ വാർഷികാഘോഷമായ ജ്വാലാമൃതം 2024 ന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ആറ്റിങ്ങൽ എലെഗൻസ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം നടന്നു .
ജ്വാലാകവിതകൾ സാഹിത്യവേദിയുടെ പ്രതിനിധികളായ വി .സന്ദീപ് വാസുദേവൻ (പ്രസിഡന്റ്), മനോജ്. കെ.സി.( അംബാസിഡർ), അഞ്ജലി ജയപാൽ (സെക്രട്ടറി), ആതിരാഷാജി (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ നടന്ന പത്രസമ്മേളനത്തിൽ ജ്വാലയുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 27 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ജ്വാലാമൃതം 2024 ൽ സാംസ്കാരികസമ്മേളനവും ജ്വാല ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്ന കലാ – സാഹിത്യ – പരിസ്ഥിതി പുരസ്കാരങ്ങളുടെ വിതരണവും നടക്കും.
മനോജ്.കെ.സി.,പന്തളം (അംബാസിഡർ, ജ്വാല) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വി.സന്ദീപ് വാസുദേവൻ (പ്രസിഡന്റ്, ജ്വാല) പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
വി.സന്ദീപ് വാസുദേവൻ അദ്ധ്യക്ഷത വഹിക്കുന്ന ജ്വാലാമൃതം 2024 സാംസ്കാരികസമ്മേളനം ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് (വിഴിഞ്ഞം തുറമുഖപദ്ധതി സെക്രട്ടറി) ഉദ്ഘാടനം ചെയ്യും. Live India Live for India പ്രഭാഷണപരമ്പരകളിലൂടെ പ്രശസ്തനായ
ഡോ .എം.എം.ബഷീർ (കുന്നിക്കോട്, പുനലൂർ) മുഖ്യപ്രഭാഷണവും പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരൻ, ഡോ സുനിൽരാജ് (കവി, ഗാനരചയിതാവ്), പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ വാവാ സുരേഷ്, പ്രശസ്ത ഫോക്ക് സോങ്ങ് ഗായകൻ അജിൽ മുത്ത് എന്നിവർ ചടങ്ങിൽ ആശംസാ പ്രസംഗങ്ങൾ നിർവ്വഹിക്കും.
മനോജ്.കെ.സി. മുഖ്യ അവതാരകനായും അഞ്ജലി ജയപാൽ സ്വാഗതവും ആതിരാഷാജി കൃതജ്ഞതയും രേഖപ്പെത്തുന്ന ജ്വാലാമൃതം 2024 സാംസ്കാരിക സമ്മേളനത്തിൽ ജ്വാലാ സി.വി.രാമൻപിള്ള സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരനും, ജ്വാലാ എ ആർ രാജരാജവർമ്മ സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ വി സുനിൽരാജിനും. ജ്വാലാ വി സാംബശിവൻ പുരസ്കാരം പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണനും, ജ്വാലാ ഡോ .സലിംഅലി പരിസ്ഥിതി പുരസ്കാരം പ്രശസ്ത പരിസ്ഥിതി പ്രവർകനായ വാവാ സുരേഷിനും നൽകും.
ജ്വാലാ കാളിദാസ സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും പ്രഭാഷകനും സംഘാടകനുമായ മനോജ്.കെ.സി.പന്തളത്തിനും ജ്വാലാ കാവാലം സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത സാഹിത്യകാരനും കവിയുമായ വി.സന്ദീപ് വാസുദേവനും, ജ്വാലാ ഉറൂബ് സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത ചെറുകഥാകൃത്തും മനുഷ്യാവകാശ പ്രവർത്തകയുമായ അഞ്ജലി ജയപാലിനും, ജ്വാലാ തകഴി സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത ചെറുകഥാകൃത്ത് മോഹൻദാസ് എവർഷൈനും, ജ്വാലാ ഇടശ്ശേരി സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും കഥാകൃത്തുമായ മുഹമ്മദ് ലത്തീഫിനും, ജ്വാലാ എൻ എൻ കക്കാട് പുരസ്കാരം പ്രശസ്ത കവയത്രി ആതിരാഷാജിയ്ക്കും സമ്മാനിക്കും.
by liji HP News | May 31, 2024 | Latest News, കേരളം
കോട്ടയം: ജൂലൈ ഒന്നിനു സംസ്ഥാനവ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി ആര്‍ ബിന്ദു . സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. 4 വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും.
സ്‌കൂള്‍ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകള്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു. എംജി സര്‍വകലാശാലയില്‍ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും നോഡല്‍ ഓഫിസര്‍മാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.
ബിരുദ ഓണേഴ്‌സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിര്‍ത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴുള്ള പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണമെന്നും മന്ത്രി പറഞ്ഞു.
ബിരുദ ഓണേഴ്‌സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിര്‍ത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴുള്ള പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കും. പരീക്ഷകള്‍ക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്തു നടത്തും.
by liji HP News | May 31, 2024 | Uncategorized
കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ തൃപ്പൂണിത്തുറ എസ്എച്ച്ഒ ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. എറണാകുളം മരട് സ്വദേശി ഡോ മറിയാമ്മ അനില്‍ കുമാര്‍ സമര്‍പ്പിച്ച എക്‌സിക്യൂഷന്‍ പെറ്റിഷനില്‍ ആണ് ഉത്തരവ്.
ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതല്‍ ജനുവരി 2019 വാട്ടര്‍ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതിയും ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നല്‍കിയിട്ടുണ്ട് എന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. വാട്ടര്‍ അതോറിറ്റിയുടെ മെയിന്‍ ഡിസ്ട്രിബൂഷന്‍ ലൈനിന്റെ അവസാന ഭാഗത്ത് വരുന്നതിനാല്‍ പരാതിക്കാരിയും അയല്‍ക്കാരും ഏറെ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടര്‍ അതോറിറ്റി ബോധിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50 മുതല്‍ 100 ലിറ്റര്‍ വെള്ളം വരെയാണ് ഒരാളുടെ പ്രതിദിന ജല ഉപഭോഗം. എന്നാല്‍ 2018 മെയ് മാസം മുതല്‍ 2019 ജനുവരി വരെയുള്ള എട്ടുമാസം വെറും 26 യൂണിറ്റ് വെള്ളമാണ് വാട്ടര്‍ അതോറിറ്റി പരാതിക്കാരിക്ക് നല്‍കിയത്. പൈപ്പില്‍ നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടര്‍ ചാര്‍ജ് നല്‍കണമെന്നും വെള്ളം കിട്ടാതിരുന്നാല്‍ അതിനെ സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും താന്‍ നല്‍കുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കുന്ന വേളയില്‍ എഴുതി വാങ്ങിയിരുന്നു. കുടിവെള്ളം ലഭിക്കുക എന്നത് ഭരണഘടനയിലെ 21 അനുച്ഛേദപ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഡ്വ ജോര്‍ജ് ചെറിയാന്‍ പരാതിക്കാരിക്കുവേണ്ടി കോടതിയില്‍ ഹാജരായി.
by liji HP News | May 30, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ ഭര്‍ത്താവും സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയും ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിക്കുന്നു. ആറ്റിങ്ങല്‍ എല്‍.എം.എസ്.ജങ്ഷന്‍ വൈഷ്ണവം വീട്ടില്‍ (കെ.പി.ആര്‍.എ-96) ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട് മെന്റിലെ സീനിയര്‍ ഓഡിറ്റ് ഓഫീസറായ വി.വേണുകുമാറും(60) ഭാര്യ തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പലായ ഡോ.ടി.ആര്‍.ഷീജാകുമാരിയുമാണ് (56) വെള്ളിയാഴ്ച സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്ന് വിരമിക്കുന്നത്. വേണുകുമാറിന് 36 വര്‍ഷത്തെയും ഷീജാകുമാരിക്ക് 26 വര്‍ഷത്തെയും സര്‍ക്കാര്‍ സേവനമുണ്ട്.
വേണുകുമാര്‍ മികച്ച സേവനത്തിന് മൂന്ന് പ്രാവശ്യം മെറിറ്റോറിയസ് വര്‍ക്കിനുള്ള ക്യാഷ്അവാര്‍ഡ് നേടിയിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 12 തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള ഷീജാകുമാരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വി.എച്ച്.എസ്.ഇ അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. പ്രൈമറിസ്‌കൂള്‍ അധ്യാപികയായി വിദ്യാഭ്യാസവകുപ്പില്‍ സ്ഥിരജോലിയില്‍ ചേര്‍ന്ന ഷീജാകുമാരി പടിപടിയായി ഉയര്‍ന്ന് 2020 മുതല്‍ തിരുവനന്തപുരം ഡയറ്റ് പ്രിന്‍സപ്പലിന്റെ പൂര്‍ണ്ണ അധികച്ചുമതല വഹിച്ചു വരികയായിരുന്നു. വിരമിക്കുന്നതിന് മൂന്ന് ദിവസം മാത്രം ബാക്കിനില്ക്കുമ്പോഴാണ് ചൊവ്വാഴ്ച ഷീജാകുമാരിയെ ഡയറ്റ് പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായത്.
മികച്ച ടീച്ചര്‍ എജ്യുക്കേറ്റര്‍ അവാര്‍ഡ് നേടിയിട്ടുള്ളയാളാണ് ഷീജാകുമാരി.
അധ്യാപനരംഗത്തെന്നപോലെ സാഹിത്യരംഗത്തും ശോഭിച്ചിട്ടുള്ള ഡോ.ടി.ആര്‍.ഷീജാകുമാരിക്ക് മികച്ച പരിസ്ഥിതി പുസ്തകത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഒരു കവിതാസമാഹാരവും ബാലസാഹിത്യകൃതികളുമായി 15 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് പുതിയ പുസ്തകങ്ങള്‍ അച്ചടിയിലാണ്. ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.
വിരമിച്ചശേഷം ടാക്സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനിഷ്ടപ്പെടുന്ന വേണുകുമാറും വിദ്യാഭ്യാസ-സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനിഷ്ടപ്പെടുന്ന ഷീജാകുമാരിയും സാമൂഹികപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാനഡയില്‍ ഡേറ്റാഅനലിസ്റ്റായി ജോലി ചെയ്യുന്ന നിതിന്‍വേണു, എഞ്ചിനീയറിങ് ബിരുദധാരിയായ നിരഞ്ജനവേണു എന്നിവര്‍ മക്കളാണ്. ഇരുവരും സാമൂഹ്യ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൃഷ്ണപുരം റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ് വേണുകുമാര്‍. ആറ്റിങ്ങലില്‍സൗജന്യമത്സരപരീക്ഷാപരിശീലനകേന്ദ്രം ഉള്‍പ്പെടെയുള്ള മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ റസിഡന്‍സ് അസോസിയേഷനാണിത്.
Recent Comments