കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസർകോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്.

ഇവരുടെ ഫോണുകൾ പൊലീസ് നിരീക്ഷണത്തിലാക്കിയതിനു പിന്നാലെയാണ് പ്രതി കുടുങ്ങിയത്. മാല പിടിച്ചുപറിച്ച കേസുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

‘ഡ്രൈ ഡേ എടുത്തു കളയും, അതിനു കൊടുക്കേണ്ടത് കൊടുക്കണം’- വീണ്ടും ബാർ കോഴ? ശബ്ദ സന്ദേശം പുറത്ത്

‘ഡ്രൈ ഡേ എടുത്തു കളയും, അതിനു കൊടുക്കേണ്ടത് കൊടുക്കണം’- വീണ്ടും ബാർ കോഴ? ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ബാർ കോഴയ്ക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പുറത്തായി. മദ്യ നയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ചു ബാർ ഉടമകളുടെ സംഘടനയായ ഫെഡ‍റേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും (രാത്രി 11 മണി എന്നത് 12 ലേക്ക് ആക്കാൻ) ഒരാൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നു ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തു വന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നിർദ്ദേശമനുസരിച്ചാണ് പിരിവെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.

ഡ്രൈ ഡേ, ബാറുകളുടെ സമയം കൂട്ടൽ എന്നിവയടക്കം ഉടമകൾ മുന്നോട്ടു വച്ച കാര്യങ്ങൾ പരി​ഗണിച്ചുള്ള മദ്യ നയത്തിനു തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്തായത്. ‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം വച്ച് കൊടുക്കാൻ പറ്റുന്നവർ കൊടുക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളുണ്ടാകും. അതു ചെയ്തു തരാൻ കൊടുക്കേണ്ടത് കൊടുക്കണം’- ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇന്നലെ ബാർ ഉടമകളുടെ സംഘടനയുടെ എക്സിക്യൂട്ടിവ് യോ​ഗം കൊച്ചിയിൽ നടന്നിരുന്നു. യോ​ഗ സ്ഥലത്തു നിന്നാണ് ശബ്ദ സന്ദേശമയക്കുന്നതെന്നു അനിമോൻ പറയുന്നു. ഇടുക്കിയിൽ നിന്നു സംഘടനയിൽ അം​ഗമായവരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. പിന്നീട് ഇതു ഡിലീറ്റ് ചെയ്തു.

ശബ്ദരേഖ പുറത്തു വന്നത് അനിമോൻ നിഷേധിച്ചില്ല. എന്നാൽ പരിശോധിക്കണമെന്നു പറഞ്ഞു കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. കൊച്ചിയിൽ സംഘടനയുടെ യോ​ഗം നടന്നതായി പ്രസിഡന്റ് വി സുനിൽ കുമാർ സമ്മതിച്ചു. എന്നാൽ പണപ്പിരിവിനു നിർദ്ദേശം നൽകിയിട്ടില്ലെന്നു വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. മന്ത്രിസഭാ യോ​ഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക.

മഴ: തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു, യാത്രാബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഴ: തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു, യാത്രാബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു. ജനറല്‍ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം വീണത്. മരത്തിനടിയില്‍പ്പെട്ട് ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു.

നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. രാവിലെയാണ് അപകടം. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും മരം പൊട്ടി വീഴുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും, ഞായറാഴ്ച കര തൊടും; കേരളത്തില്‍ അതിശക്തമായ മഴ, ജാഗ്രത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും, ഞായറാഴ്ച കര തൊടും; കേരളത്തില്‍ അതിശക്തമായ മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 30 40 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട മറ്റു സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.