ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്:  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല

ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.

എബ്രഹാമിന്‍റെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. ജഗതിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പിന്നാലെ അദ്ദേഹം ജില്ലാകളക്ടർക്ക് പരാതി നൽകി.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 519 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ PZ 835041എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ മലപ്പുറത്ത് വിറ്റ PT 100777 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളില്‍ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളില്‍ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയത്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

പാലക്കാട് ജില്ലയ്ക്ക് പുറമേ 11 ജില്ലകളില്‍ കൂടി വരുംദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആര്‍ബിഐ നിയന്ത്രണം; കൊട്ടക് മഹീന്ദ്ര ഓഹരികള്‍ കൂപ്പുകുത്തി, 13% ഇടിവ്

ആര്‍ബിഐ നിയന്ത്രണം; കൊട്ടക് മഹീന്ദ്ര ഓഹരികള്‍ കൂപ്പുകുത്തി, 13% ഇടിവ്

മുംബൈ: പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ഓഹരികളില്‍ തകര്‍ച്ച. രാവിലെ വ്യാപാരത്തുടക്കത്തില്‍ 13 ശതമാനത്തോളമാണ് ഓഹരിവില താഴ്ന്നത്.

ബിഎസ്ഇയില്‍ കൊട്ടക് മഹീന്ദ്ര ഓഹരി വില 1620 ആയി താഴ്ന്നു. 52 ആഴ്ചയിലെ താഴ്ന്ന നിലയാണിത്. എന്‍എസ്ഇയില്‍ 13 ശതമാനം ഇടിഞ്ഞ് 1602ല്‍ എത്തി. കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 37,720.8 കോടിയാണ് താഴ്ന്നത്.

പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതില്‍ നിന്ന് ഇന്നലെയാണ് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയെ ആര്‍ബിഐ തടഞ്ഞത്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് എന്നി ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കരുതെന്നും ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35എ പ്രകാരമാണ് ആര്‍ബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് നല്‍കി വരുന്ന സേവനം തുടരാം. നിലവിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും തുടര്‍ന്നും ബാങ്കിങ് സേവനം നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

2022 ലും 2023 ലും കേന്ദ്ര ബാങ്കിന്റെ ഐടി പരിശോധനകള്‍ക്കിടെ ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്നാണ് ആര്‍ബിഐ കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഐടി ഇന്‍വെന്ററി മാനേജ്‌മെന്റ്, യൂസര്‍ ആക്‌സസ് മാനേജ്‌മെന്റ്, ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഐടി അപകടസാധ്യതകള്‍ തടയുന്നതില്‍ പോരായ്മകള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി.

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസം; യുഎഇയില്‍ വായ്പാ തിരിച്ചടവ് നീട്ടി

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസം; യുഎഇയില്‍ വായ്പാ തിരിച്ചടവ് നീട്ടി

ദുബൈ: യുഎഇയില്‍ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസവുമായി യുഎഇ കേന്ദ്രബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ കേന്ദ്ര ബാങ്ക് നോട്ടീസ് നല്‍കി.

അധിക ഫീസോ, പലിശയോ ഈടാക്കാതെ ആറുമാസം വരെ വായ്പാ തിരിച്ചടവ് നീട്ടി നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. വായ്പയുടെ പ്രിന്‍സിപ്പല്‍ തുക വര്‍ദ്ധിപ്പിക്കരുത്. അടുത്തിടെയുണ്ടായ കനത്ത മഴയില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും കേന്ദ്ര ബാങ്ക് സ്ഥിരീകരിച്ചു. വീടും വാഹനങ്ങളും ഇന്‍ഷുര്‍ ചെയ്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നഷ്ടപരിഹാരം നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയായി കണക്കാക്കും. ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ തര്‍ക്കമോ ഉണ്ടായാല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.