‘ക്യാമറ കണ്ടില്ലെങ്കിലും കാണാമറ കാണാതിരിക്കരുത്’; മൂന്ന് തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

‘ക്യാമറ കണ്ടില്ലെങ്കിലും കാണാമറ കാണാതിരിക്കരുത്’; മൂന്ന് തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവയെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ധാരണ ഉണ്ടായിരിക്കണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ ‘ഊളിയിടലി’നും വല്യേട്ടന്മാര്‍ക്കിടയിലൂടെ ‘എട്ടെ’ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു ‘ശല്ല്യമാ’യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി ‘ഷോ’ കാണിക്കുന്ന ഭ്രമയുഗമാണിത്.’- കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും…8.O*

ഇരുചക്രവാഹനയാത്ര ഏറെ ദുഷ്‌കരവും അപകടകരവുമാകുന്നത് എങ്ങിനെയെന്ന് വിശദീകരിക്കുന്ന സംവാദപരമ്പരയുടെ 8-ാം ഭാഗമാണിത്. എല്ലായ്‌പോഴും ഒരു എട്ടിന്റെ പണി തന്നെയാണ് ഇരുചക്രവാഹനഡ്രൈവിംഗ്.

റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. ഇരുചക്രയാത്രക്കാരുടെ ചുറ്റിലും ചുറ്റുന്ന ‘കാലകൈയ്യന്മാരി’ല്‍ മുഖ്യന്‍ ഇതരവാഹനങ്ങളുടെ കാണാമറകളാണ്. ഇരുചക്രവാഹന അപകടമരണങ്ങളില്‍ ഭൂരിഭാഗവും ഈ കാണാമറയത്താണ് സംഭവിക്കുന്നതും..

കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവ മൂന്നുതരമുണ്ട് :

Forward Blind Spot – മുന്‍മറ

Backward Blind Spot – പിന്‍മറ

Sideways Blind Spot വശമറ

വാഹനങ്ങള്‍ക്കും ഡ്രൈവര്‍ക്കും അനുസൃതമായി മാറുന്ന ഈ കാണാമറകള്‍, മുന്നിലേക്കും വശങ്ങളിലേക്കും മാത്രമല്ല പിന്നിലേയ്ക്കും ഒട്ടുമില്ലാത്ത ഏകവാഹനം ഇരുചക്രവാഹനങ്ങളായിരിക്കും. അവയ്ക്ക് ‘മേനിനടിക്കാ’വുന്ന ഏകസുരക്ഷാസംഗതി ഒരു പക്ഷെ ഇത് മാത്രമാകും. സ്വാഭാവികമായി കൂടുതല്‍ സുരക്ഷിതമാകേണ്ട ഇരുചക്ര വാഹനങ്ങളാണ് പക്ഷെ കൂടുതലും അപകടത്തില്‍പ്പെടുന്നത്….

യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ ‘ഊളിയിടലി’നും വല്യേട്ടന്മാര്‍ക്കിടയിലൂടെ ‘എട്ടെ’ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു ‘ശല്ല്യമാ’യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി ‘ഷോ’ കാണിക്കുന്ന ഭ്രമയുഗമാണിത്.

പുതുതലമുറ വാഹനങ്ങളില്‍ ഈ കാണാമറകളെ ‘കൈകാര്യം’ചെയ്യാന്‍ കൂടുതല്‍ കണ്ണാടികള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഈ സന്തതസഹചാരികളുടെ ‘ആളെക്കൊല്ലിനിഴലില്‍’പ്പെടാതെ ചലിക്കുക മാത്രമാണ് സുരക്ഷിതശീലം. *”ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കു തന്നെ”* പഴഞ്ചൊല്ലാണ്, പക്ഷെ ഇന്ന് റോഡിലേറെ പ്രസക്തമായ ‘പഞ്ച്’ ചൊല്ലാണത്.

എല്ലാത്തരം വാഹനങ്ങളുടേയും ‘ആളെക്കൊല്ലി’മറകളെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. ഈ Vulnerability അഥവാ അപകടചുഴികള്‍ക്ക് ഇടയിലാണ് ഇരുചക്ര’ഈയാംപാറ്റകള്‍’ ഭ്രമണം ചെയ്യുന്നത് എന്ന് മറക്കാതിരിക്കുകയും വേണം.

പിന്നിലൂടെ വന്നണയുന്ന കാണാമറ’ഭൂതങ്ങ’ളെ മുന്നില്‍ക്കണ്ട് തിരികെ വീടണയാന്‍, പിന്‍കാഴ്ചദര്‍പ്പണങ്ങള്‍ ഒരു ‘ബുദ്ധിമുട്ടായി’ ചൂഴ്‌ന്നെടുക്കാതെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ ശീലിക്കുക.

കുറുക്കുവഴികളില്‍ നറുക്കുവീഴാതിരിക്കട്ടെ

സുരക്ഷയ്ക്ക് കുറുക്കുവഴികളുമില്ല

ഇന്നത്തെ ചിന്താവിഷയം :

*കാമറ കണ്ടില്ലെങ്കിലും..*

*കാണാമറ കാണാതിരിക്കരുത്*

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്.

രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗത്തിൽപ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി.

കാക്ക പോലെ കറുത്തവൻ, പെറ്റമ്മ കണ്ടാൽ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളു തുടങ്ങിയ പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്.

ജാതീയമായി തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണൻ പരാതി നൽകിയത്. പട്ടികജാതി കലാകാരനു നൃത്ത രം​ഗത്തു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോൺ വിളിച്ചോ, ഓൺ ലൈനായോ അറിയാം; ചെയ്യേണ്ടത്

വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോൺ വിളിച്ചോ, ഓൺ ലൈനായോ അറിയാം; ചെയ്യേണ്ടത്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫോൺ വിളിച്ചോ, ഓൺ ലൈനായോ പേരുണ്ടോ എന്നു പരിശോധിക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കു.

വോട്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1950ലേക്കാണ് ഫോൺ വഴി അറിയാൻ വിളിക്കേണ്ടത്. എസ്ടിഡി കോഡ് ചേർത്താാണ് വിളിക്കേണ്ടത്. ഫോൺ വിളിച്ച് വോട്ടർ ഐഡി കാർഡ് നമ്പർ നൽകിയാൽ വിവരങ്ങൾ ലഭിക്കും.1950 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും വിവരം അറിയാം. ഇസിഐ (ECI) എന്നു ടൈപ്പ് ചെയ്തു സ്പെയ്സ് ഇട്ട ശേഷം ഐഡി കാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്. വിവരങ്ങൾ എസ്എംഎസ് ആയി തന്നെ ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.in ൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐ‍ഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

തുടര്‍ന്ന് ശനിയാഴ്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 1600 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.