by liji HP News | Apr 16, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു.
ടെമ്പിൾ സ്പെഷ്യൽ ഓഫീസറുടെയും, ദേവസ്വം വിജിലൻസ് & സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഭക്തരിൽ നിന്ന് സമാഹരിച്ച് സൂക്ഷിച്ചിരുന്ന 12000 രൂപയും ഇയാള്‍ താമസിക്കുന്ന സ്റ്റാഫ് കോട്ടേഴ്സ് മുറിയിൽ നിന്ന് 2565 രൂപയും കണ്ടെത്തിയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
by liji HP News | Apr 16, 2024 | Latest News, കേരളം
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ഇഡി. സിഎംആർഎൽ ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ഐ ടി മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ ഹാജരായത്.
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയോട് ഹാജരാക്കാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഹാജരായിട്ടില്ല. വീണാ വിജയൻറെ സോഫ്റ്റ്‌വെയർ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
by liji HP News | Apr 16, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും.
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്.
മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു. നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളില്‍നിന്ന് വെടിക്കെട്ട് കാണാം.
ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.
by liji HP News | Apr 16, 2024 | Latest News, കേരളം
തൃശൂര്‍: വാല്‍പ്പാറയില്‍ ചീങ്കണി ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്. കൈയ്ക്കും കാലിനും പരിക്കേറ്റ മാനാമ്പള്ളി സ്വദേശി അജയിനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. അജയിനെ ചീങ്കണി ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. ആദ്യമായിട്ടാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. അതിനാല്‍ പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
by liji HP News | Apr 16, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പന്‍പാറയിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരാണെന്നും താമസിക്കാന്‍ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കല്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു.
കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ അയല്‍പക്കത്തുള്ള വീടുകളില്‍ ഇരുവരും എത്തി. വൈകീട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്‌സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഇടതു കയ്യില്‍ കിടന്നിരുന്ന വളയും ഊരിയെടുത്തു. സ്വര്‍ണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടമായിരുന്നു. മുറിയില്‍ മുളകുപൊടി വിതറിയ ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
സംഭവത്തില്‍ 18 മണിക്കൂറിനുള്ളിലാണ് പ്രതികളെ ഇടുക്കി പൊലീസ് പിടികൂടിയത്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകന്‍ സുബൈര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയല്‍വാസികളോടും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്പി സാജു വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളായ അലക്‌സും കവിതയും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു സഹപാഠികളായിരുന്നു. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടി. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
Recent Comments