ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാര്‍ യാത്രികനായ കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയില്‍ നിന്നുള്ള യാത്രക്കാരുമായി വരികയായിരുന്നു ബസ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ പാലക്കാട്ടെയും പെരിന്തല്‍മണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും

സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും

കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്.

2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം സാധാരണ മരണം എന്ന നിലയിൽ കരുതിയിരുന്ന സംഭവം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.

പണമൊഴുകിയ 13 ദിവസം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി

പണമൊഴുകിയ 13 ദിവസം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി

ഡൽഹി: ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു. പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുക്കാനായി. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്.

സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെര‍ഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്. പതിമൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത്രയും പണമൊഴുകിയെങ്കില്‍ ഇനിയുള്ള ഒന്നര മാസം എത്ര പണമൊഴുകുമെന്നത് ഞെട്ടിക്കുന്നതാണ്.

ഇടവിട്ടുള്ള മഴയത്ത് ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; സ്വയം ചികിത്സ അരുതെന്ന് ആരോഗ്യവകുപ്പ്

ഇടവിട്ടുള്ള മഴയത്ത് ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; സ്വയം ചികിത്സ അരുതെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.