പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്.

ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

പത്താം ക്ലാസിലേക്ക് കടക്കണോ?; ഒമ്പതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി ‘സേ പരീക്ഷ’യും

പത്താം ക്ലാസിലേക്ക് കടക്കണോ?; ഒമ്പതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി ‘സേ പരീക്ഷ’യും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.

സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും.

വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കണം. 9-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കും മുമ്പായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്സിഇആര്‍ടി പുറത്തിറക്കിയ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ തുടക്കമായാണ് 9-ാം ക്ലാസില്‍ ഇത്തവണ സേ പരീക്ഷ നടത്തുന്നത്. അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ ക്ലാസിലും ഇതു നടപ്പാക്കിയേക്കും. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിയ്ക്കുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിയ്ക്കുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് ദിവസത്തിനിടെ 2300 രൂപയാണ് വര്‍ധിച്ചത്.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

തൃശ്ശൂര്‍: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.

ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തിയത്. ചാലക്കുടിയിലെ പാലസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നീതുവിന് മറ്റു രണ്ട് കുട്ടികൾ കൂടിയുണ്ട്.

പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെച്ചു റെക്കോഡിങ്; യുവാവിനെ കയ്യോടെ പിടിച്ച് പൊലീസ്

പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെച്ചു റെക്കോഡിങ്; യുവാവിനെ കയ്യോടെ പിടിച്ച് പൊലീസ്

തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ. നന്തൻകോട് സ്വദേശി അനിൽദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാൾ ഒളിക്യാമറ വെക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ കാമറ ഉപയോ​ഗിച്ച് റെക്കോഡ് ചെയ്യാൻ ശ്രമിക്കുന്ന വിദ്യാർഥിനികളിൽ ഒരാളുടെ ശ്രദ്ധിയിൽ പെട്ടതാണ് ഇയാളെ കുടുക്കിയത്. പെൺകുട്ടി ബഹളം വെച്ചതോടെ രക്ഷപെടാൻ ശ്രമിച്ച അനിൽ​ദാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി മ്യൂസിയം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.