by liji HP News | Apr 11, 2024 | Latest News, ജില്ലാ വാർത്ത
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് തിരുവനന്തപുരത്ത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടു കേന്ദ്ര മന്ത്രിമാർ മത്സരരംഗത്ത് നിൽക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നു.
ഈ മാസം 15-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിന്റെയും വി.മുരളീധരന്റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോത്തൻകോട് എൻഡിഎ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ രീതിയില്‍ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
by liji HP News | Apr 11, 2024 | Latest News, കേരളം
കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങൾ സൂചിപ്പിച്ചു.
മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു.
തെരഞ്ഞെടുപ്പു വേളയിൽ കോടതി വിധി രാഷ്ട്രീയചർച്ചയായി മാറി. ഇതേത്തുടർന്ന് എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും, ദുർബലമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടതെന്നുമാണ് അപ്പീലിൽ പറയുന്നത്.
by liji HP News | Apr 11, 2024 | Latest News, കേരളം
കാലാവസ്ഥ മാറ്റത്തെ തുടർന്ന് റെക്കോർഡ് ചൂടാണ് ഈ വര്‍ഷം ആഗോളതലത്തിൽ രേഖപ്പെടുത്തുന്നത്. അതിതീവ്ര ചൂട് കാരണം പലവിധത്തിവുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് അതിൽ പ്രധാനം. ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍ധിപ്പിക്കേണ്ടതിനും വേനൽക്കാലത്ത് നമ്മുടെ ഹൃദയം കൂടുതല്‍ പണിയെടുക്കേണ്ടി വരും.
ഇത് ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഉഷ്ണ തരംഗം നേരിട്ട് അപകടമുണ്ടാക്കുക മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. വെള്ളം നന്നായി കുടിക്കുന്നത് ചൂടുകാലാവസ്ഥയില്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്താന്‍ സഹായിക്കും. അമിത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നതും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം.
അതിതീവ്ര ചൂടിനെ ചെറുക്കുന്നതിന് ശരീരം ‘തെർമോറെഗുലേഷൻ മെക്കാനിസം’ ഉപയോഗപ്പെടുത്തും. ശരീരം തണുപ്പിക്കുന്നതിന്, വിയർപ്പ് വർധിപ്പിക്കുകയും ചർമ്മത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ആരോഗ്യമുള്ള ഹൃദയമുള്ളവർക്ക് ഈ സമ്മർദ്ദം സഹിക്കാമെങ്കിലും, ഹൃദ്രോഗികൾക്ക് ഈ അവസ്ഥ ഉയർന്ന അപകടസാധ്യതയുണ്ടാക്കും. ഉയർന്ന താപനില ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.
വേനൽക്കാലത്ത് ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വേനൽക്കാലത്ത് ഡൈയൂററ്റിക്സ് പോലുള്ള ചില മരുന്നുകൾ കഴിക്കുന്ന രോഗികളിൽ ക്ഷീണവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഡോക്ടറുടെ നിർദേശപ്രകാരം വേനൽക്കാലത്ത് ഈ മരുന്നുകളുടെ അളവു ക്രമീകരിക്കുന്നത് നല്ലതാണ്.
അതിതീവ്ര ചൂടിൽ കഠിനമായ വ്യായാമമോ ശാരീരിക പ്രവർത്തനമോ ചെയ്യുന്നത് ഒഴിവാക്കാം
അതിതീവ്ര ചൂട് സമയത്ത് പുറത്തിറങ്ങുന്നത് ഹൃദ്രോഗികളിൽ തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമാകും. അത്തരം സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൃത്യമായി മെഡിക്കൽ പരിശോധന നടത്തുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.
കഠിനമായ വിയർപ്പ്, ബലഹീനത, തണുത്തതും ഇറുകിയതുമായ ചർമ്മം, ബോധക്ഷയം, ഛർദ്ദി എന്നിവ ഉഷ്ണ തരംഗത്തിനിടയിലുള്ള ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.
by liji HP News | Apr 11, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ന്യൂഡല്‍ഹി അടക്കം 18 എയിംസ്, പുതുച്ചേരി ജിപ്‌മെര്‍, ബംഗളൂരു നിഹാന്‍സ്, ചണ്ഡിഗഡ് പിജിഐഎംഇആര്‍, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ തുടങ്ങുന്ന പിജി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പൊതു പ്രവേശന പരീക്ഷ ഐഎന്‍ഐ-സിഇടിക്ക് ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) നാളെ വൈകീട്ട് അഞ്ചു മണി വരെ ബേസിക് രജിസ്‌ട്രേഷന്‍ നടത്താം.മെയ് 18 നാണ് പരീക്ഷ. ജൂലൈ ഒന്നിനാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പൂര്‍ണ വിവരങ്ങള്‍ക്ക് https://finalmdmsmch.aiimsexams.ac.in
by liji HP News | Apr 11, 2024 | Latest News, കേരളം
തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികിൽ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സിൽ നിന്ന് ലഭിക്കുന്നത്. ചിറ്റഞ്ഞൂരിൽ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു ലഭിക്കുന്നത്.
ഒരു തെർമ്മോക്കോൾ പെട്ടിക്കുള്ളിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടക വസ്തുവാണെന്ന് അറിയാതെ പ്രദേശവാസി ഇത് എടുത്തുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരുമാണ് ഇത് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിയുന്നത്.
പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ബോംബം സ്ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. 15-ാം തീയതി കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണ് സ്ഫോടക വസ്തു കണ്ടെത്തിയിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അടക്കം കുന്നംകുളത്ത് 15ന് നടക്കും. അതിനാൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തെ അതീവ ഗൗരവമായാണ് പൊലീസ് ഉൾപ്പെടെ നോക്കികാണുന്നത്. പാറമടയിൽ ഉൾപ്പെടെ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
Recent Comments