വോട്ടെടുപ്പ്: വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കും

വോട്ടെടുപ്പ്: വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കുമെന്ന് പാളയം ഇമാം. അന്ന് ഒരു മണിക്ക് തുടങ്ങി 1.20 വരെയായി പ്രാര്‍ത്ഥനാ സമയം ക്രമീകരിക്കുമെന്നാണ് പാളയം ഇമാം വിപി സുഹൈബ് മൗലവി വ്യക്തമാക്കിയത്.

നേരത്തെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനാല്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പോളിങ് മാറ്റണമെന്നാണ് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നത്.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച പോളിങ് നടത്തുന്നത് നിരവധി പോളിങ് ഉദ്യോഗസ്ഥർക്കും പോളിങ് ബൂത്ത് ഏജൻ്റുമാർക്കും വോട്ടർമാർക്കും അസൗകര്യമുണ്ടാക്കും. അതിനാൽ കേരളത്തിലെ പോളിങ് തീയതി മാറ്റണമെന്നാണ് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

‘അവധിക്കാലമാണ്, ആവേശം കൊള്ളിച്ചേക്കാം; പക്ഷേ എടുത്തു ചാടല്ലേ മക്കളേ…’

‘അവധിക്കാലമാണ്, ആവേശം കൊള്ളിച്ചേക്കാം; പക്ഷേ എടുത്തു ചാടല്ലേ മക്കളേ…’

തിരുവനന്തപുരം: വേനലവധിയും ചൂട് വർധിക്കുകയും ചെയ്തതോടെ കുട്ടികളും മറ്റും വെള്ളച്ചാട്ടങ്ങളിലും ജലാശയങ്ങളിലും ഇറങ്ങി കളിക്കുന്നത് നിത്യസംഭവമാണ്. ഇതിനിടെ നിരവധി അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുന്നുണ്ട്. പരിചിതമല്ലാത്ത ജലാശയങ്ങളും നീന്തൽ അറിയാത്ത അവസ്ഥയും അപകട സാധ്യത വർധിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അവധിക്കാലമാണ്. ജലാശയങ്ങൾ ആവേശം കൊള്ളിച്ചേക്കാം. എടുത്ത് ചാടല്ലേ മക്കളേ… എന്നാണ് കേരള ഫയർ ആന്റ് റെസ്കുയ സർവീസസും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നത്.

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.

ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒഴുക്കിൽപ്പെട്ട കൂട്ടുകാരനെ രക്ഷിച്ച അക്ഷയയ്ക്ക് റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ ആദരം

ഒഴുക്കിൽപ്പെട്ട കൂട്ടുകാരനെ രക്ഷിച്ച അക്ഷയയ്ക്ക് റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ ആദരം

കൊച്ചി: പത്തുവർഷം മുമ്പ് ഒഴുക്കിൽപ്പെട്ട കൂട്ടുകാരനെ രക്ഷിച്ച തിരുവനന്തപുരം സ്വദേശി അക്ഷയയ്ക്ക് സ്നേഹാദരവുമായി റിയൽ മഞ്ഞുമ്മൽ ബോയ്സ്. ആറ്റിങ്ങൽ താഴെയിളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയെയാണ് മഞ്ഞുമ്മൽ ബോയ്സ് ആദരിച്ചത്. അക്ഷയ ആറാംക്ലാസിൽ പഠിക്കുമ്പോൾ മഴയിൽ നിറഞ്ഞുകിടന്ന തോട്ടിലേക്ക് വീണ് ഒഴുക്കിൽപ്പെട്ട അഞ്ചാംക്ലാസുകാരനെ ധീരമായി രക്ഷിച്ചിരുന്നു.

പിന്നീട് പത്തുവർഷത്തിനുശേഷം മഞ്ഞുമ്മൽ ബോയ്സ് സിനിമ വലിയ ഹിറ്റും ചർച്ചാവിഷയവുമായതോടെ പഴയ സംഭവം ഓർത്തെടുത്ത മുദാക്കൽ ഗ്രാമപഞ്ചായത്ത് അക്ഷയെയും ഒഴുക്കിൽപ്പെട്ട കുട്ടിയെയും ആദരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ റിയൽ മഞ്ഞുമ്മൽ ബോയ്സിനെയും അക്ഷയ ടാഗ് ചെയ്തു. തുടർന്ന് മഞ്ഞുമ്മൽ സംഘത്തിലെ എല്ലാവരും വാർത്ത പങ്കുവെയ്ക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്യുകയും നേരിട്ട് കാണാൻ ക്ഷണിക്കുകയുമുണ്ടായി.

ഏപ്രിൽ ഏഴിന് മഞ്ഞുമ്മലിലെ സുഭാഷിന്റെ വീട്ടിൽവെച്ചാണ് അക്ഷയയും മഞ്ഞുമ്മൽ ബോയ്സും തമ്മിൽ കണ്ടത്. അക്ഷയെയെ മെഡൽ അണിയിച്ചും മഞ്ഞുമ്മൽ ബോയ്സിനൊപ്പം മഞ്ഞുമ്മൽ ഗേൾ എന്നെഴുതിയ കേക്ക് മുറിച്ചുമായിരുന്നു സ്നേഹാദരം. റിയൽ സുഭാഷിനെയും കുട്ടേട്ടനെയും കൂട്ടുകാരെയും കണ്ടതിൽ സന്തോഷമുണ്ടെന്നും നേരിട്ട് കാണുന്നതിനപ്പുറം മെഡൽ നൽകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്ഷയ പറഞ്ഞു.

കാൻസർ കേസുകൾ കുതിക്കുന്നു; ഇന്ത്യ രോഗത്തിന്റെ തലസ്ഥാനം, പത്തിലൊരാൾ വിഷാദരോ​ഗി

കാൻസർ കേസുകൾ കുതിക്കുന്നു; ഇന്ത്യ രോഗത്തിന്റെ തലസ്ഥാനം, പത്തിലൊരാൾ വിഷാദരോ​ഗി

ഇന്ത്യയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ നാലാമത്തെ എഡിഷന്റെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയര്‍ന്നു. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ മൂന്നിലൊരാള്‍ പ്രീഡയബറ്റിക്കും മൂന്നില്‍ രണ്ടുപേര്‍ പ്രീ ഹൈപ്പര്‍ടെന്‍സീവും പത്തിലൊരാള്‍ വിഷാദരോഗികളും ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം, സെര്‍വിക്‌സ് കാന്‍സര്‍, ഒവേറിയന്‍ കാന്‍സറും പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദം, വായിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയുമാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്.

കൂടാതെ മറ്റുരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവരുടെ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കാന്‍സര്‍ സ്‌ക്രീനിങ് നിരക്കും വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അമിതവണ്ണക്കാരുടെ നിരക്ക് 2016-ൽ ഒമ്പതുശതമാനത്തിൽ നിന്നും 2023 ആയപ്പോഴേക്കും 20 ശതമാനമായി ഉയർന്നു. ഹൈപ്പർടെൻഷൻ കേസുകൾ ഇതേ കാലയളവിൽ തന്നെ ഒമ്പതിൽ നിന്ന് പതിമൂന്നായി ഉയർന്നു.

കൃത്യമായ ഇടവേളകളിൽ മെ‍ഡിക്കൽ പരിശോധനകളും നേരത്തെയുള്ള
രോ​ഗനിർണയവുമാണ് രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള മാർ​ഗം. അതിനായി രാജ്യമെമ്പാടും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആ​ഗോളതലത്തിൽ 2050 ആകുമ്പോഴേക്കും 77 ശതമാനം കാൻസർ കേസുകളിൽ എത്തിച്ചേരുമെന്നാണ് ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോ​ഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് ​രോ​ഗപ്രതിരോധത്തിന് ​ഗുണം ചെയ്യുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. കൂടാതെ ആരോ​ഗ്യകരമായ ഒരു ജീവിതശൈലിയും പിന്തുടരേണ്ടത് നിർബന്ധമാണ്.