റഹീമിന് മുന്നിലുള്ളത് ഇനി 6 നാൾ, ഇതുവരെ ലഭിച്ചത് 13 കോടി രൂപ, ഇനി വേണ്ടത് 21 കോടി; കൈകോർത്ത് നാട്

റഹീമിന് മുന്നിലുള്ളത് ഇനി 6 നാൾ, ഇതുവരെ ലഭിച്ചത് 13 കോടി രൂപ, ഇനി വേണ്ടത് 21 കോടി; കൈകോർത്ത് നാട്

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോർത്ത് നാട്. റഹീമിന് മുന്നിലുള്ളത് വെറും 6 നാൾ മാത്രമാണ്. ഇതിനോടകം റഹീമിനമായി 13 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇനി വേണ്ടത് 21 കോടി രൂപയാണ്. ഏപ്രിൽ 16ന് അകം 34 കോടി രൂപയാണ് റഹീമിനായി നൽകേണ്ടത്. ഭീമമായ ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹീമിന്റെ കുടുംബവും നാട്ടുകാരും.

മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമ. മോചന തുകയിൽ 10 ശതമാനം പോലും ഇതുവരെ സ്വരൂപിക്കാൻ സാധിച്ചിട്ടില്ല. നാട്ടുകാർ ഒത്തുചേർന്ന് കൂടുതൽ പണം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അതും മതിയാവില്ല. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമെ അബ്ദുറഹീമിന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകൂ.

അപ്പീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി നൽകിയാൽ മാപ്പ് നാൽകാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്.

കെജ്‌രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദമില്ല; ഹർജി തള്ളി കോടതി

കെജ്‌രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദമില്ല; ഹർജി തള്ളി കോടതി

അരവിന്ദ് കെജ്രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദം നിഷേധിച്ച് കോടതി. അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യു കോടതി തള്ളി. തടവിൽ മുഖ്യമന്ത്രി പരിഗണന സാധ്യമല്ലെന്നും കോടതി അറിയിച്ചു.

അതേസമയം മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാൻ കെജ്രിവാൾ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടി ഉത്തരവിട്ടത്. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിൻറെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ട്.

തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് അറസ്റ്റ് എന്ന കെജ്രിവാളിൻറെ വാദവും ഹൈക്കോടതി തള്ളി. ഇഡിയുടെ സമൻസ് നിരന്തരം തള്ളി കെജ്രിവാളാണ് നടപടികൾ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും നിയമത്തിനു മുന്നിൽ തുല്യരാണെന്നും ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ അരവിന്ദ് കെജ്രിവാൾ ജയിൽ തുടരാനാണ് സാധ്യത.

വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടയം: കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം.
വടയാറില്‍ ഉത്സവം കൂടിയശേഷം വീട്ടിലേക്ക് തിരികെ വരുന്നവഴിയായിരുന്നു അപകടമുണ്ടായത്. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും.

ഫോൺ സര്‍വീസ് സെന്ററില്‍ കൊടുക്കുന്നതിന് മുന്‍പ് ഇത് മറക്കരുത്!, മാര്‍ഗനിര്‍ദേശവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ഫോൺ സര്‍വീസ് സെന്ററില്‍ കൊടുക്കുന്നതിന് മുന്‍പ് ഇത് മറക്കരുത്!, മാര്‍ഗനിര്‍ദേശവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ഡല്‍ഹി: ഇന്ന് ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സുരക്ഷിതമായി ഓണ്‍ലൈന്‍ ബാങ്കിങ് നിര്‍വഹിച്ചില്ലായെങ്കില്‍ ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തെന്ന് വരാം. പാസ് വേര്‍ഡും സ്വകാര്യ വിവരങ്ങളും അപരിചിതരുമായി പങ്കുവെയ്ക്കരുതെന്നും ശരിയായ ഉറവിടത്തില്‍ നിന്നല്ലാതെ ബാങ്കിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സ്ഥിരമായി പറയുന്ന കാര്യമാണ്. ഇക്കാര്യങ്ങള്‍ ഇടപാടുകാര്‍ ശ്രദ്ധിച്ച് തുടങ്ങിയതോടെ പണം തട്ടാന്‍ പുതുവഴികള്‍ തേടുകയാണ് ഹാക്കര്‍മാര്‍. ഇപ്പോള്‍ പുതിയ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.

1. ആവശ്യമില്ലാത്ത സമയത്ത് ഫോണില്‍ ബ്ലൂടൂത്ത് ഓഫ് ആണെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്ക് അത് അവസരമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു

2. ബാങ്കിങ് ആപ്പുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്. പലരും ഇത് ശ്രദ്ധിക്കാറില്ല. ലോഗ് ഔട്ട് ചെയ്യാതെ ആപ്പ് ക്ലോസ് ചെയ്യുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു.

3. പബ്ലിക് വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഹാക്കര്‍മാരുടെ സ്വര്‍ഗമായാണ് കണക്കാക്കുന്നത്. എയര്‍പോര്‍ട്ട് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വൈ ഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു കാരണവശാലും ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കരുത്. ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത എല്ലായ്‌പ്പോഴും ഓര്‍മ്മ വേണം.

4. ഓരോ ആപ്പിനും വ്യത്യസ്ത പിന്‍ നല്‍കുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. എല്ലാത്തിനും ഒരു പിന്‍ തന്നെ നല്‍കുന്നത് ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഓരോ ആപ്പിനും വ്യത്യസ്ത പിന്‍ നമ്പര്‍ നല്‍കാന്‍ ശീലിക്കുക.

5. ഫോണിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്കിങ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം സര്‍വീസ് സെന്ററില്‍ നല്‍കുക. എല്ലായ്‌പ്പോഴും ഇത് എളുപ്പമാകണമെന്നില്ല. എങ്കിലും ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് ചെയ്യാന്‍ മറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിഷുക്കാലത്ത് സ്ഥാനാർത്ഥിപര്യടന കേന്ദ്രങ്ങളിലും കണിക്കൊന്ന പൂക്കൾ നിറയുന്നു

വിഷുക്കാലത്ത് സ്ഥാനാർത്ഥിപര്യടന കേന്ദ്രങ്ങളിലും കണിക്കൊന്ന പൂക്കൾ നിറയുന്നു

ആറ്റിങ്ങൽ: വിഷുക്കാലത്ത് സ്ഥാനാർത്ഥിപര്യടന കേന്ദ്രങ്ങളിലും കണിക്കൊന്ന പൂക്കൾ നിറയുന്നു. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്വീകരണ കേന്ദ്രങ്ങളിൽ ഒരു സാമ്യമുണ്ട്. അത് സ്വീകരിക്കാനെത്തുന്നവരുടെ കൈകളിലെ കണിക്കൊന്നയാണ്. സ്ഥാനാർത്ഥികൾ പര്യടനം ആരംഭിച്ചത് മുതൽ കണിക്കൊന്നകൾ കൊണ്ടുള്ള വരവേൽക്കൽ പതിവാണ്. വിഷുക്കാലം ആയതിനാലും കൊന്നപ്പൂവിൻ്റെ സീസൺ ആയതിനാലും ഇതിൻ്റെ ലഭ്യതയും സുലഭമാണ്. അതിനാൽ നാട്ടിൻപുറങ്ങളിൽ സ്ഥാനാർത്ഥികളെ സ്വീകരിക്കുവാൻ എത്തുന്നവരുടെ കൈകളിൽ കണിക്കൊന്നയുടെ പൂങ്കുല ദൃശ്യമാണ്.

കാഴ്ച ഭംഗിയ്ക്ക് അപ്പുറം ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായും വിശ്വാസികൾ കണിക്കൊന്ന പൂവിനെ കാണുന്നുണ്ട്. അതും കൊന്നപ്പൂ കൊണ്ടുള്ള വരവേൽക്കൽ വ്യാപകമാകുവാൻ കാരണമായിട്ടുണ്ട്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിക്കും യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിനും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരനും എല്ലാ ദിവസവും നിരവധി പേരാണ് കൊന്നപ്പൂക്കൾ കൊണ്ട് സ്വീകരണം നൽകുന്നത്. കണിക്കൊന്ന പൂക്കൾ നേരിട്ട് നൽകിയും കണിക്കൊന്ന പൂക്കൾ കൊണ്ടുള്ള ഹാരം നിർമിച്ചും കൊന്നപ്പൂ കൊണ്ടുള്ള പൂച്ചെണ്ടു നിർമ്മിച്ചും കൊന്നപ്പൂ കൊണ്ടുള്ള കിരീടവും ചെങ്കോലും നിർമ്മിച്ചും സ്ഥാനാർത്ഥികൾക്ക് കൈമാറുന്നുണ്ട്.

കാടും മലയും താണ്ടി നാടും നാട്ടാരെയും കണ്ടു ആഘോഷങ്ങളിലും പര്യടന പരിപാടികളിലും പങ്കെടുത്ത്‌ പ്രചരണത്തിൽ മുന്നേറുകയാണ് അടൂർ പ്രകാശ്. വികസനമില്ലാതെ ഇരുട്ടിലായിരുന്ന പെരിങ്ങമലയെ പ്രകാശപൂരിതമാക്കിയ അടൂർ പ്രകാശിനെ ആഘോഷപൂർവ്വമാണ് പെരിങ്ങമല വരവേറ്റത്. പൂച്ചെണ്ട് നൽകിയും തൊപ്പി സമ്മാനിച്ചും തോർത്ത് ഷാൾ അണിയിച്ചും സ്നേഹ സ്വീകരണമൊരുക്കി. മണ്ഡല പര്യടനത്തിന്റെ ഭാഗമായാണ് രാവിലെ പെരിങ്ങമലയിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് എത്തിയത്. ഇടിഞ്ഞാർ വിട്ടിക്കാവ് പട്ടികവർഗ്ഗ കോളനിയിൽ കെപിസിസി മെമ്പർ ആനാട് ജയനാണ് സ്ഥാനാർത്ഥിപര്യടനം ഉദ്ഘാടനം ചെയ്തത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ പര്യടനകേന്ദ്രങ്ങളിൽ കാത്തുനിന്നു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സോഫി തോമസ്, ഡി രഘുനാഥൻ നായർ, താന്നിമൂട് ഷംസുദീൻ, വാർഡ് മെമ്പർ ഭാസുരാംഗി, എറവം ഷാലിദ്, കെ സി സോമരാജൻ, നജീം പെരിങ്ങമല, എറവം ഷാനവാസ്‌, ആർ ബി കുമാർ തുടങ്ങിയവർ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ജോയിയുടെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പര്യടനം വാമനപുരം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടന്നു. രാവിലെ എട്ടിന് പാലംകോണത്ത് നിന്നും ആരംഭിച്ചു. വെള്ളമണ്ണടി, മരുതുംമൂട്, കൂനൻ മേഘ, ചുള്ളാളം, പനവൂർ, ആറ്റിൻപുറം, പാണയം, വിശ്വപുരം വഴി പേരയെത്തു സമാപിച്ചു. ഉച്ച വിശ്രമത്തിന് ശേഷം പനയ മുട്ടത്തു നിന്നും പുനരാരംഭിച്ചു. തെറ്റിമൂട് കാരിക്കോഴി ചുള്ളിമാനൂർ കോണം ആലംകോട് ദാകച്ചേരി ഇരിഞ്ചയം വേങ്ങവിള കുണ്ടറക്കുഴി പാങ്കോട് വഴി മൂഴിയിൽ സമാപിച്ചു. ആശിർവദിച്ചും ആലിംഗനം ചെയ്തും കൈ കൊടുത്തും ജനങ്ങൾ തങ്ങളുടെ പിന്തുണ അറിയിച്ചു. അവർ നൽകിയ സ്നേഹത്തിലൂടെ മണ്ഡലം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സ്ഥാനാർഥി വി.ജോയ് പറഞ്ഞു.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ചൊവ്വാഴ്ച ആര്യനാടും മലയൻകീഴും നടന്ന വാഹനപര്യടനം ആവേശോജ്വലമായി സമാപിച്ചു. ആര്യനാട് മണ്ഡലത്തിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലും മലയൻകീഴ്
മണ്ഡലത്തിൽ മലയിൻകീഴ്, പള്ളിച്ചൽ പഞ്ചായത്തുകളിലുമാണ് പര്യടനം നടന്നത്.
ആര്യനാട് മണ്ഡലത്തിൽ ചേന്നൻ പാറയിൽ നിന്നും ആരംഭിച്ച പര്യടനം 25 ഇടങ്ങളിൽ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുളിച്ചാമലയിൽ സമാപിച്ചു.

മലയൻകീഴ് മണ്ഡലത്തിലെ പര്യടനം ചപ്പാത്ത് നിന്നും തുടങ്ങി മുക്കം പാലമൂട് സമാപിച്ചു. ചപ്പാത്തിൽ നിന്നും പര്യടനം ആരംഭിച്ചു. ഗോവിന്ദമംഗലം, മണിയറമല, കോവിൽ വിള, ശിവജിപുരം, നരുവാമൂട്, ഗാന്ധി നഗർ, മണലുവിള, ഇടയ്ക്കോട്, പ്രാവചമ്പലം, പള്ളിച്ചൽ, പുന്നമൂട്, താന്നിവിള വഴി മുക്കം പാലമൂടിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. ഷാൾ അണിയിച്ചും പഴവർഗങ്ങളും പൂക്കളും സമ്മാനിച്ചും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.