by liji HP News | Apr 8, 2024 | Latest News, കേരളം
തിരുവനന്തപുരം: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകളാണ് നിലവിലുള്ളത്. കേസുമായി ബന്ധപ്പെട്ട പെര്‍ഫോര്‍മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഹൈറിച്ചിനു മുമ്പും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹൈറിച്ച് ഉടമകളായ പ്രതാപന്‍, ശ്രീന എന്നിവർ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിലൂടെ പേരിലുള്ള സ്‌ഥാവര ജംഗമവസ്‌തുക്കൾ ബഡ്‌സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയിൽ മറുപടി നൽകിയിരുന്നു.
ഒടിടി പ്ളാറ്റ് ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
by liji HP News | Apr 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ശാർക്കര മീനഭരണി മഹോൽസവത്തോടനുബന്ധിച്ച് തയ്യാറാക്കിയ
“ദേവി തീർത്ഥം” പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. ശാർക്കര മീന ഭരണി വിശേഷങ്ങൾ, കഥ, കവിത എന്നിവ അടങ്ങിയതാണ് ഈ പ്രത്യേക പതിപ്പ്. രാഹുൽ പ്രകാശ് ഏറ്റുവാങ്ങി. സാംസ്ക്കാരികപ്രവർത്തകനായ അനി.പി.യാണ് പതിപ്പ് തയ്യാറാക്കിയത്. അഭിഷേക് ബി.ആർ, ബി.എസ്. സജിതൻ കെ.നിസാം, തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Apr 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. പ്രതികളെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉപദ്രവിച്ചെന്നാണ് മൊഴി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പതിനേഴുകാരിയെ വര്‍ക്കല വെണ്‍കുളം സ്വദേശിയായ മൂന്നു പേർ ചേര്‍ന്ന് രാത്രി വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി കിളിമാനൂര്‍ പൊലീസ് പറഞ്ഞു.
by liji HP News | Apr 8, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്.
രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
by liji HP News | Apr 8, 2024 | Latest News, കേരളം
തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി എസ് എൻ എൽ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നൽകിയത്.
ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിനാണ് വിവരങ്ങൾ കൈമാറിയത്. സഹകരണ നിയമങ്ങൾ ലംഘിച്ച് വൻ തുക അംഗങ്ങളല്ലാത്തവർക്ക് വായ്പ നൽകി, പുറത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചു തുടങ്ങിയ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ ഡി റിപ്പോര്‍ട്ട് നൽകിയത്. ഉന്നത സി പി എം നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് ഇടപാടുകൾ നടന്നതെന്നും ഓഡിറ്റിംഗിലും ക്രമക്കേട് നടന്നുവെന്നും ഇഡി റിപ്പോർട്ടിലുണ്ട്. നേരത്തെ ഈ വിവരം ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Recent Comments