പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ അറസ്റ്റില്‍

പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിലാണ് അറസ്റ്റ്.

ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്. ഇവരെ കൂടാതെ ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയ പത്ത് പേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിന്റെ തുടക്കം മുതലുള്ള ആസൂത്രണ ഘട്ടങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ സംഭവത്തിന് പിന്നാലെ ഒരാള്‍ ട്രെയിനില്‍ കയറി രക്ഷപെട്ടിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിസാര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ബോംബ് രാഷ്ട്രീയത്തിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഇന്ന് പാനൂരില്‍ സമാധാന സന്ദേശയാത്ര നടത്തും.

സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്.

മുൻപും ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. പഴയന്നൂർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുപ്രീംകോടതിയുടെ വിരട്ടല്‍ ഏറ്റു, വയനാട്ടില്‍ നാല് ഉദ്യോഗാര്‍ഥികളെ അധ്യാപകരായി നിയമിച്ച് റാണി ജോര്‍ജിന്റെ ഉത്തരവ്

സുപ്രീംകോടതിയുടെ വിരട്ടല്‍ ഏറ്റു, വയനാട്ടില്‍ നാല് ഉദ്യോഗാര്‍ഥികളെ അധ്യാപകരായി നിയമിച്ച് റാണി ജോര്‍ജിന്റെ ഉത്തരവ്

തിരുവനന്തപുരം: വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ വി ഷീമ എം എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്.

നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 10ാം തിയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞത്.

റാണി ജോര്‍ജ് കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് പേരെ വയനാട്ടില്‍ അധ്യാപകരായി നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇരട്ട പുരസ്കാരം തിളക്കത്തിൽ എ.കെ നൗഷാദ്

ഇരട്ട പുരസ്കാരം തിളക്കത്തിൽ എ.കെ നൗഷാദ്

ആറ്റിങ്ങൽ: നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടി എ. കെ. നൗഷാദ് ശ്രദ്ധേയനായി. ജബ്ബാർ സഞ്ജീവി -വിഷവൈദ്യചികിത്സയുടെ നാലുതലമുറകൾ എന്ന ഡോക്യുമെന്ററിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഹൃദയസങ്കീർത്തനം എന്ന ക്രിസ്തീയ ഡിവോഷണൽ സോങ്ങിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. ഹൃദയസങ്കീർത്തനം ആലപിച്ചത് പ്രശസ്ത ഗായകൻ കെ. ജി. മാർക്കോസ് ആണ്.സംഗീതം നൽകിയത് ജി. കെ. ഹരീഷ്മണി ആണ്. ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉൾപ്പെട്ട ജൂറി പാനൽ ആണ് പുരസ്‌കാരം നിർണ്ണയിച്ചത്. ഏപ്രിൽ 30 ന് തിരുവനന്തപുരം ഭാരത്ഭവനിൽ
വച്ചാണ് പുരസ്‌കാരവിതരണം.

മ​ദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മ​ദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്ലിലാണ് സംഭവം. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ തേങ്ങാക്കൽ സ്വദേശി തന്നെയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.