സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് ​ഗുരുവായൂർ പാസഞ്ചർ, തെറ്റ് മനസിലാക്കിയപ്പോൾ പിന്നോട്ടെടുത്തു: കുടുങ്ങിയത് യാത്രക്കാർ

സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് ​ഗുരുവായൂർ പാസഞ്ചർ, തെറ്റ് മനസിലാക്കിയപ്പോൾ പിന്നോട്ടെടുത്തു: കുടുങ്ങിയത് യാത്രക്കാർ

കൊച്ചി: എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട് പോയത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ചൊവ്വര സ്റ്റേഷനിൽ നിര്‍ത്താതെ ട്രെയിൻ മുന്നോട്ട് പോവുകയായിരുന്നു.

ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനാണ് ചൊവ്വര. സ്റ്റേഷനിൽ ഇറങ്ങാൻ ആളുണ്ടായിരുന്നെങ്കിലും വണ്ടി നിർത്താതെ പോയത് യാത്രക്കാരെ അങ്കലാപ്പിലാക്കി. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. തുടർന്ന് പാതി വഴിയിൽ വണ്ടി നിർത്തി. ഇതോടെ സ്റ്റേഷനിൽ ഇറങ്ങേണ്ട പലരും ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.

അപ്പോഴും ട്രെയിനിൽ കയറാൻ നിരവധി പേർ സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‌‍ പിന്നോട്ടെടുത്തു. കൂരിരുട്ടിൽ ദൂരെ ഇറങ്ങിയ യാത്രക്കാരിൽ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോൾ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെ ചൊവ്വര സ്റ്റേഷനിൽ എത്തിയ ട്രെയിൻ വൈകിയാണ് പിന്നീട് സ‍ര്‍വീസ് നടത്തിയത്.

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് വേഗത്തില്‍ വിജ്ഞാപനം ഇറക്കണം; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് വേഗത്തില്‍ വിജ്ഞാപനം ഇറക്കണം; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. കേസ് സിബിഐ ഏറ്റെടുക്കുന്നത് വൈകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാര്‍ത്ഥന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാന്‍ ഇതുവരെ കേന്ദ്ര വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് സിബിഐ മറുപടി നല്‍കിയപ്പോഴാണ് കേന്ദ്രസര്‍ക്കാരിന് കോടതിയുടെ ഇടക്കാല ഉത്തരവ്. ആരാണ് ഉത്തരവ് ഇറക്കുന്നതിന് വൈകീയതിന് കാരണമെന്നും കോടതി ചോദിച്ചു.

സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ഗുണകരമാകുമെന്നും കോടതി നിരീക്ഷിച്ചു. വൈകുന്ന ഓരോ നിമിഷവും കേസന്വേഷണത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഫയലുകള്‍ കൈമാറാന്‍ കാലതാമസം ഉണ്ടായതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഇങ്ങനെ കാലതാമസം ഉണ്ടാകുന്നത് കുറ്റവാളികള്‍ക്ക് കേസ് ഇല്ലാതാക്കാന്‍ സഹായകമാകുന്ന നിലപാടായിപ്പോകും.

അതിനാല്‍ സര്‍ക്കാര്‍ എന്തിനാണ് കാലതാമസം ഉണ്ടാക്കിയതെന്ന് കോടതി ചോദിച്ചു. മാര്‍ച്ച് 26 ന് തന്നെ കേസിന്റെ ഫയലുകള്‍ കൈമാറിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എത്രയും വേഗം സിബിഐക്ക് അന്വേഷണം കൈമാറി വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, വിജ്ഞാപന ഉത്തരവ് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.

ബക്കറ്റിന്റെ മൂടിയെടുക്കാൻ 65 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി: യുവാവ് ശ്വാസംമുട്ടി മരിച്ചു

ബക്കറ്റിന്റെ മൂടിയെടുക്കാൻ 65 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി: യുവാവ് ശ്വാസംമുട്ടി മരിച്ചു

തിരുവനന്തപുരം: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 നാണ് സംഭവമുണ്ടായത്. 65 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ബക്കറ്റിന്റെ മൂടി വീഴുകയായിരുന്നു. ഇത് എടുക്കാനായി ഇറങ്ങിയ അൻസർ 4 തൊടി എത്തിയപ്പോഴേക്കും ശുദ്ധവായു കിട്ടാതെ കുഴഞ്ഞ് വീണു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. അഗ്നിരക്ഷാ സേനയെത്തി 2 മണിക്കൂർ കഠിന പരിശ്രമത്തിലാണ് അൻസറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കുവൈറ്റിൽ വിസിറ്റിങ് വിസയിൽ ജോലിതേടി പോയ അൻസർ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനു മുൻപ് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. എൽകെജി വിദ്യാർഥിയായ അയാൻ, നാലുമാസം പ്രായമുള്ള ഹൗവ്വാജന്ന എന്നിവർ മക്കളാണ്.

ഇഎംഐ ഉയരില്ല; പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്‍ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

ഇതോടെ വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി. പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ വ്യക്തമാക്കി.നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.

മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്ക് കത്തി കുത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല.