സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

അിതിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പുമുണ്ട്. ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കടുവയ്ക്ക് പാല്‍കൊടുത്ത്, ഉമ്മവെച്ച് ലക്ഷ്മി മേനോന്‍; ‘എന്തൊരു ധൈര്യം’

കടുവയ്ക്ക് പാല്‍കൊടുത്ത്, ഉമ്മവെച്ച് ലക്ഷ്മി മേനോന്‍; ‘എന്തൊരു ധൈര്യം’

സോഷ്യല്‍ മീഡിയയിലെ വമ്പന്‍ താരമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കടുവയ്ക്ക് പാലു കൊടുക്കുന്ന വിഡിയോയുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലക്ഷ്മി മേനോന്‍. തായ്‌ലന്‍ഡ് വെക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. ലക്ഷ്മിയുടെ കയ്യില്‍ നിന്ന് പാല്‍ കുടിക്കുന്ന കടുവയെ ആണ് വിഡിയോയില്‍ കാണുന്നത്. കടുവയുടെ തലയില്‍ തലോടി ഓമനിക്കുകയാണ് ലക്ഷ്മി. അതിനിടയ്ക്ക് ഉമ്മ വെക്കുന്നതും കാണാം. ചെയിനും ഉറക്ക ഗുളികയുമില്ലാത്ത ടൈഗര്‍ വേള്‍ഡ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ.

സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാവുകയാണ് വിഡിയോ. രസകരമായ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആ കടുവയുടെ ഒരു ധൈര്യം എന്നായിരുന്നു ഒരാളുടെ കമന്റുകള്‍. ഇത്രേം വലുതായിട്ടും കുപ്പിപ്പാല് കുടി നിര്‍ത്താറായില്ലേ – എന്നായിരുന്നു എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. കടുവ അറിയുന്നില്ലല്ലോ കൂടെ നില്‍ക്കുന്നത് കടുവയെ പിടിച്ച കിടുവ ആണെന്ന്, ലെ കടുവ- പുലി പോലെ നിന്ന മിഥുന്‍ ചേട്ടനെ പൂച്ച പോലെ ആക്കിയാ കക്ഷിയാ… സഹകരിച്ചേക്കാം. ഇല്ലെങ്കില്‍ വല്ല ഇനാംപേച്ചിയാക്കി മാറ്റും.- എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. മിഥുനും മകള്‍ തന്‍വിക്കുമൊപ്പമാണ് ലക്ഷ്മിയുടെ തായ്‌ലന്‍ഡ് ട്രിപ്പ്.

‘സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരുലക്ഷം രൂപ; സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം’; കോണ്‍ഗ്രസ് പ്രകടനപത്രിക

‘സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരുലക്ഷം രൂപ; സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം’; കോണ്‍ഗ്രസ് പ്രകടനപത്രിക

ഡല്‍ഹി: തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി അവസരങ്ങള്‍ ഒരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെസി വേണുഗോപാല്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് 2019ല്‍ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സര്‍ക്കാര്‍ സ്വീകിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സംവരണപരിധി ഉയര്‍ത്തും. ജാതി സെന്‍സസ് നടപ്പിലാക്കും, എസ്‌സി- എസ്ടി, ഒബിസി സംവരണം അന്‍പത് ശതമാനമെന്നത് മാറ്റുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
സര്‍ക്കാര്‍- പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരുലക്ഷം രൂപ, കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അന്‍പത് ശതമാനം വനിതള്‍ക്കായി നീക്കി വയ്ക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഭരണഘടന സംരക്ഷിക്കാൻ പ്രത്യേക നിർദേശങ്ങളും പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തും എന്ന് പ്രകടനപത്രികയിൽ പറയുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം നടത്താനുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കും എന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

‘ഒരുതരി പൊന്നണിയാതെ ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി’: തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

‘ഒരുതരി പൊന്നണിയാതെ ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി’: തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

ഭീഷ്മപർവ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

“കഥ മാറ്റിയെഴുതും പൊൻ‍തൂവൽ”- എന്ന അടിക്കുറിപ്പിൽ ദേവദത്ത് ഷാജി തന്നെയാണ് വിവാഹചിത്രം പങ്കുവച്ചത്. നടി റൈനയുടെ ഇരട്ടസഹോദരിയാണ് ഷൈന. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റൈന. ഇരട്ടസഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘ആജീവനാന്ത സാക്ഷി ഞാൻ തന്നെ’ എന്ന കുറിപ്പിലായിരുന്നു ചിത്രം.

സിംപിളായി നടന്ന വിവാഹത്തേക്കുറിച്ച് ഷൈനയുടെ അമ്മയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ “ദേവവധുവായി”. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം! ആളുകൾ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന്, എന്റെ ചെറിയ ആശങ്കയ്ക്ക്, അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്!! കൂടെ കട്ടയ്ക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം. സുനന്ദയ്ക്ക് ചെലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദർശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇൻഡിപെൻഡന്റ് ആയ തക്കൂന്റെ കൂടെ നിൽക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.’- എന്നാണ് സുനന്ദ കുറിച്ചത്.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്തായിരുന്നു ദേവരാജ് ഷാജി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ദേവദത്ത് ഷാജിയുടെ സിനിമയിലെ അരങ്ങേറ്റം കുറിച്ചത്.

വീണ്ടും കാട്ടുപോത്ത് ആക്രമണം: വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളി മരിച്ചു

വീണ്ടും കാട്ടുപോത്ത് ആക്രമണം: വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളി മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുറച്ചുനേരം അവിടെ തന്നെ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപോത്ത് പിന്‍വാങ്ങിയത്.അരുണിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ഒന്നുരണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്ന് എത്തുന്ന സ്ഥിതി ഉണ്ട്. കാട്ടുപോത്തിനെയും കാട്ടാനയെയും പേടിച്ച് തൊഴിലാളികളില്‍ ചിലര്‍ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. അതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.