by liji HP News | Apr 2, 2024 | Latest News, Uncategorized, കേരളം
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്ന് തോന്നിയിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആന്റ് റാഗ്ങ് സ്‌ക്വാഡിന് കോളജിലെ 2020 ബാച്ചിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനത്തിന് വിധേയനായത് അറിഞ്ഞിരുന്നില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഹോസ്റ്റല്‍ അന്തേവാസികള്‍ ആരും വിവരം അറിയിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്തു വന്നതോടെ, കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.
സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് ഡീന്‍ എംകെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ആദ്യയോഗം അടുത്തയാഴ്ച ചേരും. കമ്മീഷന്‍ തലവനായ ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷമാകും യോഗം ചേരുക.

by liji HP News | Apr 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇടുക്കി, വയനാട് ഒഴികെ സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഉഷ്ണം ഉയർന്നു തന്നെ നിൽക്കുക. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇതിനൊപ്പം എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. നേരിയ മഴയാണ് പ്രവചിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാല മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ പ്രവചിക്കുന്നത്.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ മാസം അഞ്ച് വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
by liji HP News | Apr 2, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം.
ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവിഡ് രോഗികൾ, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം.

ആബ്സെന്റി വോട്ടർമാരിൽ ആദ്യ മൂന്ന് വിഭാഗക്കാർക്കു ബൂത്തുതല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ടു ചെയ്യാൻ അവസരം ഒരുക്കും. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്), മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ എന്നിവയാണ് അവശ്യ സേവന വിഭാഗം.
by liji HP News | Apr 1, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ‘അക്ഷരോത്സവം’ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരണത്തെ എതിര്‍ക്കുന്നതായും കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.
‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുള്‍പ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. എന്നാല്‍ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.’ കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.

അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാന്‍ രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നതായും ഈ സാഹചര്യത്തില്‍ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്കാദമിയുടെ രാഷ്ട്രീയ വത്കരണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
by liji HP News | Apr 1, 2024 | Latest News, കേരളം
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ യുവാവിനെതിരെ മരിച്ച യുവതിയുടെ കുടുംബം രംഗത്ത്. ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനുജയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസിലെ അധ്യാപികയാണ് മരിച്ച അനുജ.
അതേസമയം അപകടത്തില്‍ അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തില്‍ അവസാന 15 മിനിറ്റില്‍ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സിഡിആര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.
അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്നും മദ്യക്കുപ്പികളും ഹാഷിമിന്റെയും അനുജയുടേയും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിരുന്നു. രണ്ടു മാസം മുമ്പാണ് ഹാഷിം കാര്‍ വാങ്ങിയത്. എയര്‍ബാഗ് ഉള്ള മോഡല്‍ ആയിരുന്നില്ല കാര്‍. സ്വകാര്യ ബസ് ഡ്രൈവര്‍ ആയിരുന്ന ഹാഷിം, അപകടസമയത്ത് കാര്‍ ബ്രേക്ക് ചെയ്തിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Recent Comments