by liji HP News | Apr 1, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും.
ബിജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഓട്ടോ ഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവെച്ചു കൊല്ലാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണണെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ബിജുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്‌റ്റേഷനു മുന്നില്‍ സമരം തുടങ്ങിയതിന് പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്‌റ്റേഷനിലേക്കെത്തിയത്.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. യോഗതീരുമാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
by liji HP News | Apr 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ഇന്നു മുതല്‍ മുതല്‍ ദിവസേന 2 സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍സ് എന്നിവ ദിവസേന 8 സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സര്‍വീസുകള്‍ 10 ആകും.
ആദ്യ വിമാനം (യുകെ 524) രാവിലെ 5:55 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7:15ന് ബംഗളൂരുവില്‍ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (യുകെ 525) രാവിലെ 8:15 ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബംഗളൂരുവില്‍ എത്തും.
മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയില്‍ രണ്ടു ദിവസം നടത്തിയിരുന്ന സര്‍വീസ് ചൊവ്വാഴ്ച മുതല്‍ 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
by liji HP News | Apr 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ആര് വിളിച്ചാലും ബാങ്കിങ് വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ തേടി വിളിക്കില്ല. അതിനാല്‍ ഇത്തരം കോളുകളില്‍ വഞ്ചിതരാകരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ഷോര്‍ട്ട്ഫിലിം മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍മീഡിയ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കരുതെന്നും നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുതെന്നുമുള്ള കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് ഷോര്‍ട്ട്ഫിലിം കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

by liji HP News | Apr 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വേഗത സെക്കന്‍ഡില്‍ 05 cm നും 20 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Apr 1, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണ വില സകല റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 680 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 50880 രൂപ നൽകണം. ഗ്രാമിന് 85 രൂപ ഉയർന്ന് വില 6360 ആയി. ഏപ്രിൽ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക് ഉയർന്നത് കണ്ട് ആശങ്കയിലാണ് ഉപഭോക്താക്കൾ. വിവാഹ സീസണിൽ വില ഉയർന്ന് നിൽക്കുന്നത് വിപണിയെയും ബാധിച്ചേക്കും.

നേരത്തെ സ്വർണം വാങ്ങാൻ അര ലക്ഷം രൂപ നൽകേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു സ്വർണാഭരണ പ്രേമികൾ. ഇത് ഇരട്ടിപ്പിക്കുന്നതാണ് ഇന്നത്തെ വിലക്കയറ്റം.മാർച്ച് 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കൾ. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.
Recent Comments