കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 28 മുതൽ ഏപ്രിൽ 01 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോ​ഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.

16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും 4.8 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി.

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം പോയി, വിലപേശാന്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്; അഞ്ചുപേര്‍ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം പോയി, വിലപേശാന്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്; അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ധീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം എടവണ്ണയിലാണ് സംഭവം. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി. വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവാവിനെ പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.

പാലക്കാട്ടെ ഭാരത് അരി വിതരണം: ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

പാലക്കാട്ടെ ഭാരത് അരി വിതരണം: ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി. കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി പ്രചാരണം നടത്തി ഭാരത് അരി വിതരണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 29 ന് രാവിലെ എട്ടുമണിക്ക് കൊടുമ്പ് ജങ്ഷനില്‍ വെച്ച് ഭാരത് അരി വിതരണം ചെയ്യുന്നതാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് സി വിജില്‍ ആപ്പില്‍ ഉടന്‍ തന്നെ പരാതി സമര്‍പ്പിക്കാനും ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റേയും ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നവും ഈ പ്രചരണ പോസ്റ്ററില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍, സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പരസ്യത്തോടെ ഭാരത് അരി വിതരണം നടത്തിയത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അരി വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് നിഗമനം. വർക്കല ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.