by liji HP News | Mar 25, 2024 | Latest News, കേരളം
കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. 22 വയസായിരുന്നു.
ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
by liji HP News | Mar 25, 2024 | Latest News, Uncategorized, കേരളം
കോഴിക്കോട്: ടിപ്പര്‍ ലോറി കയറി ഇറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് അപകടം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്. 20 വയസായിരുന്നു.
മേല്‍പ്പാലത്തിന്റെ പണിനിര്‍മ്മാണത്തിനായ് മണ്ണ് ഇറക്കാന്‍ വന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറരയോടെയിയിരുന്നു സംഭവം. ഈ സമയം സനിഷേക് കുമാര്‍ ഉറങ്ങുകയായിരുന്നു. ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തലയിലൂടെ ലോറി കയറി ഇറങ്ങിയതിനെ തുടര്‍ന്ന് യുവാവ് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
by liji HP News | Mar 25, 2024 | Latest News, കേരളം
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത, അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് താന്‍ വിധേയയായതെന്ന് സത്യഭാമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല താന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതെന്നും താന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്മെന്റിന്റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ നിരവധി അവസരം നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ സത്യഭാമ പറയുന്നു.
കലാമണ്ഡലം സത്യഭാമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
‘ഡി എൻ എ ന്യൂസ് മലയാളം’ എന്ന ഓണ്‍ലൈന്‍ ചാനലില്‍ ഞാന്‍ നടത്തിയ ഒരു പരാമര്‍ശമാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം? ഞാന്‍ ജാതീയമായും വംശീയമായുമൊക്കെ ആക്ഷേപിച്ചു എന്ന തരത്തിലാണ് പലരും എന്റെ വാക്കുകളെ വളച്ചൊടിച്ചത്. എനിക്ക് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്.
ശ്രീകുമാരന്‍ തമ്പിയൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വിധികര്‍ത്താവായിരുന്ന ഷാജിയുടെ ആത്മഹത്യയെക്കുറിച്ചായിരുന്നു പ്രധാനമായും ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍, കലോത്സവത്തിലെ കള്ളക്കളികളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായില്ല. ആരും വിവാദമാക്കിയില്ല. നിങ്ങള്‍ ആ അഭിമുഖം പൂര്‍ണ്ണമായി കാണണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഞാന്‍ മാധ്യമങ്ങളോട് രൂക്ഷമായ തരത്തില്‍ പ്രതികരിച്ചു എന്നാണല്ലോ പലരുടെയും ആരോപണം? ഞാനൊരു കാര്യം നിങ്ങളോട് ചോദിച്ചോട്ടെ….’നിങ്ങള്‍ എന്തെങ്കിലുമൊരു വിവാദത്തില്‍ പെട്ടു എന്ന് കരുതുക. അതിരാവിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നുപറഞ്ഞ് ഒരുകൂട്ടമാളുകള്‍ നിങ്ങളുടെ വീട്ടില്‍ക്കയറി വന്ന്, നിങ്ങളോട് ഒരു കുറ്റവാളിയോട് പോലീസ് പെരുമാറുന്ന രീതിയില്‍ സംസാരിച്ചാല്‍…നിങ്ങളെ പ്രകോപിപ്പിച്ചാല്‍, നിങ്ങളാണെങ്കില്‍ എങ്ങനെ പ്രതികരിക്കും? ഒരു സാധാരണ മനുഷ്യന്‍ ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ.
കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്റെ അമ്മയ്ക്ക് വിളിച്ചു. അറുപത്തിയാറ് വയസ്സുണ്ട് എനിക്ക്. ആ എന്നെയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വന്ന് അധിക്ഷേപിച്ചത്. അതുകൊണ്ടാണ് കുറച്ച് രൂക്ഷമായ ഭാഷയില്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ഒരു മദ്യപാനിയോ തലയ്ക്ക് വെളിവില്ലാത്തയാളോ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍, ഞാനത് ഉള്‍ക്കൊള്ളുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനോടാണെങ്കില്‍ ഇവരിങ്ങനെ ചെയ്യുമായിരുന്നോ? ഞാന്‍ പറഞ്ഞത് പലര്‍ക്കും തെറ്റായി തോന്നിയേക്കാം. അതേക്കുറിച്ച് ഒടുവില്‍ പറയാം.
ചാനല്‍ ചര്‍ച്ചകളില്‍പ്പോലും എന്നെ ക്ഷണിച്ചുവരുത്തി എത്ര ക്രൂരമായ തരത്തിലാണ് അധിക്ഷേപിച്ചതെന്ന് നിങ്ങളും കണ്ടതാണല്ലോ? ഞാന്‍ നടത്തിയ ഒരു പരാമര്‍ശത്തിന്, എന്തിനാണ് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന ‘മാന്യ സ്ത്രീകള്‍’ ഉള്‍പ്പെടെയുള്ളവര്‍ എന്റെ കുടുംബകാര്യങ്ങളെയും, സ്വകാര്യതകളെയും വലിച്ചിഴച്ചത്? എന്തുകൊണ്ടാണ് അവതാരകര്‍ അവരെ തടയാതിരുന്നത്? അപ്പോള്‍, അതൊരു ‘മൃഗയാവിനോദം’ ആയിരുന്നില്ലേ? എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമല്ലേ നമ്മുടേത്? അതോ, ആ അഭിപ്രായ സ്വാതന്ത്ര്യം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണോ? ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത, അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഞാന്‍ വിധേയയായത്.
സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ച്ചകാരെ വര്‍ധിപ്പിക്കാന്‍ എന്നെ കുറിച്ച് ഒന്നും അറിയാത്ത ചിലര്‍ അസഭ്യം വിളിച്ചു പറയുന്നത് കണ്ടു, ഇവര്‍ക്കൊന്നും ഞാന്‍ എന്നെകുറിച്ച് ഒന്നും അറിയാത്തവരാണ്.വായില്‍ വെള്ളിക്കരണ്ടിയുമായിട്ടൊന്നുമല്ല ഞാന്‍ ജനിച്ചത്. കനല്‍ വഴികളില്‍ക്കൂടിയാണ് ഞാനിത്രയും കാലം നടന്നുവന്നത്. ഈ അറുപത്തിയാറാമത്തെ വയസ്സിലും നൃത്ത വിദ്യാലയം നടത്തിയാണ് ഞാന്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്. ആരുടെ മുന്നിലും ഒന്നിനും, ഒരുനേരത്തെ ആഹാരത്തിന് പോലും കൈനീട്ടിയിട്ടില്ല ഇതുവരെ. ഇനിയതിന് താല്‍പ്പര്യവുമില്ല. ഞാന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്മെന്റിന്റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ അവസരം നല്‍കിയിട്ടുണ്ട്.
എന്നെ അതിക്രൂരമായി ആക്ഷേപിച്ചവര്‍ ഒരുനിമിഷം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം…’നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ’ എന്ന്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതൊന്നും.
by liji HP News | Mar 25, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് അയവില്ല. മാർച്ച് 28 വരെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
ഈ വ്യാഴാഴ്ച വരെ (മാർച്ച് 28 വരെ) തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതായത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ഒൻപത് ജില്ലകളിൽ മലയോര മേഖലകളിലൊഴികെ മാർച്ച് 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.
by liji HP News | Mar 25, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6125 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 49,000 ൽ നിൽക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5100 രൂപയാണ്.
വെള്ളിയും ശനിയും തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപയും ശനി ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്.
അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. ഈ മാസം 21നാണ് സ്വർണവില സർവകാല റെക്കോർഡിട്ടത്. ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു റെക്കോർഡ് വില.
Recent Comments