ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ

പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കൊല്ലം പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യത്തിനാണ് പരവൂരിൽ എത്തുന്നത്. കസ്റ്റമർ എത്താൻ വൈകിയതിനാൽ വിശ്രമിക്കാനായിരുന്നു അൻസർ കൊല്ലം താന്നി കടപ്പുറത്തേക്ക് പോയത്. ഈ സമയത്താണ് രണ്ടു പെൺകുട്ടികൾ കടലിലെ ഒഴുക്കിൽ അകപ്പെട്ടത് കാണുന്നത്. കൊട്ടാരക്കര കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു അവർ. അൻസർ ഉടൻ തന്നെ അവരെ രക്ഷിക്കാനായി കടലിലേക്ക് ഇറങ്ങി. ഒരാപത്തും ഇല്ലാതെ പെൺകുട്ടികളെ കരയ്ക്കെത്തിക്കാൻ സാധിച്ചെങ്കിലും അൻസർ തിരയിൽ അകപ്പെടുകയായിരുന്നു. പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അൻസറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമാർട്ടത്തിന് ശേഷം അൻസറിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഖം താങ്ങാനാകാതെ തടിച്ചുകൂടിയത് നിരവധി ആളുകളായിരുന്നു. അൻസറിൻ്റെ ചേതനയറ്റ ശരീരം കണ്ട് ആറു മാസം ഗർഭിണിയായ ഭാര്യ രഹ്ന ഫാത്തിമ കുഴഞ്ഞ് വീണു.ബുധനാഴ്ച ഉച്ചക്ക് ശേഷം അലഞ്ചേരി ജുമാ മസ്ജിദിൽ അൻസറിൻ്റെ ഭൗതിക ശരീരം ഖബറടക്കി.

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും ഒടുവിൽ ലഭിച്ച കുഞ്ഞിൻ്റെ മുഖം ഒരുനോക്ക് കാണാനാകാതെയാണ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനായി ഈ റംസാൻ മാസത്തിൽ അൻസർ തൻ്റെ ജീവൻ ത്യജിച്ചത്.

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5 വര്‍ഷമായി പിരിഞ്ഞു കഴിഞ്ഞ ഭാര്യയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കോടതി

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5 വര്‍ഷമായി പിരിഞ്ഞു കഴിഞ്ഞ ഭാര്യയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കോടതി

ഇന്‍ഡോര്‍: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് കോടതി. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹം കഴിഞ്ഞ ഹിന്ദു സ്ത്രീ സിന്ദൂരം അണിയേണ്ടത് അവളുടെ ബാധ്യതയാണെന്നും വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് ഹിന്ദു വിവാഹ നിയമ പ്രകാരം തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. യുവതി സിന്ദൂരം അണിയാറില്ലെന്ന് സമ്മതിക്കുകയും ചെയ്തു.

ഇന്‍ഡോര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എന്‍ പി സിങ് ആണ് വിധി പുറപ്പെടുവിച്ചത്. സിന്ദൂരം അണിയേണ്ടത് ഭാര്യയുടെ മതപരമായ ബാധ്യതയാണ്. സ്ത്രീ വിവാഹിതയാണെന്നതിന്റെ അടയാളമാണത്. ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതല്ലെന്നും ഭാര്യയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിവാഹമോചനത്തിന് മുന്‍കൈയെടുത്തതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി ആരോപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ യുവതി പൊലീസില്‍ പരാതി കൊടുത്തിട്ടില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് വയസയുള്ള മകനുമുണ്ട്.

മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക്

മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക്

തിംഫു: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ സമ്മാനിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കില്‍ നിന്ന് മോദി ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യ ഭൂട്ടാന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കുവഹിച്ച പങ്കും ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ബഹുമതി.

ഭൂട്ടാനിലെ പാരോ എയര്‍പോര്‍ട്ടില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ നരേന്ദ്രമോദിയ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പിന്നീട് എക്‌സില്‍ കുറിച്ചു. എന്റെ മൂത്ത സഹോദരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭൂട്ടാനിലേക്ക് സ്വാഗതം’ എന്നാണ് ടോബ്‌ഗേ എക്‌സില്‍ കുറിച്ചത്. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഭൂട്ടാന്‍ സന്ദര്‍ശനത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂട്ടാന്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഇന്ത്യഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചിരുന്നു.

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി സാക്ഷം ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി സാക്ഷം ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം പിക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം വരെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാക്ഷം ആപ്പിനാണ് രൂപം നല്‍കിയിരിക്കുന്നത്.

ഇതിനായി ഉപയോക്താവിന് ഒരു സജീവ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി ആയി അടയാളപ്പെടുത്താനുള്ള അഭ്യര്‍ഥന, മൈഗ്രേഷനുള്ള അഭ്യര്‍ത്ഥന (ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് കൈമാറ്റം), തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയുക, വീല്‍ ചെയറിനുള്ള അഭ്യര്‍ത്ഥന, ഇലക്ടറല്‍ റോളില്‍ പേര് തിരയുക, പോളിംഗ് സ്റ്റേഷന്‍ അറിയുക, ബൂത്ത് ലൊക്കേറ്റര്‍, സ്ഥാനാര്‍ത്ഥികളെ അറിയുക, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവക്കായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്ക്

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്ക്

കൊല്ലം: ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. പരിക്കേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്ന് ഉറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സിബിന്‍ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പരിശോധനയും അന്വേഷണവും നടത്താനാണ് പൊലീസ് തീരുമാനം.

പരിക്കേറ്റ ഒന്‍പതുപേരില്‍ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രാജി, സരസ്വതി എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ പോയി മീന്‍ പിടിച്ചുവരുന്നവരില്‍ നിന്ന് മീന്‍ വാങ്ങാനായി ഹാര്‍ബറില്‍ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറ്റിയത്.