ശ്വാസതടസം, പിന്നാലെ കുഴഞ്ഞുവീണു; രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു

ശ്വാസതടസം, പിന്നാലെ കുഴഞ്ഞുവീണു; രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌ബുധനാഴ്ച രാത്രിയാണ് സംഭവം. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജിൽ. സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിരുന്നു. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാര്‍: ലിയ, റെന.

പൗരത്വ സംരക്ഷണ റാലി ഇന്ന് കോഴിക്കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, 27ന് കൊല്ലത്ത് സമാപനം

കോഴിക്കോട്: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ ബഹുജനറാലി ഇന്ന് കോഴിക്കോട് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ സംഘടിപ്പിക്കുന്നത്.

കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. ബഹുജന റാലികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും.

ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഏപ്രില്‍ ഒന്നിന് വയനാട്, രണ്ടിന് – മലപ്പുറം, മൂന്നിന് – എറണാകുളം, നാലിന് – ഇടുക്കി, അഞ്ചിന് – കോട്ടയം, ആറിന് – ആലപ്പുഴ, ഏഴിന് – മാവേലിക്കര, എട്ടിന് – പത്തനംതിട്ട, ഒന്‍പതിന് – കൊല്ലം, 10 ന് – ആറ്റിങ്ങല്‍, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂര്‍, 16 ന് ആലത്തൂര്‍, 17 ന് പാലക്കാട്, 18 ന് പൊന്നാനി, 19 ന് കോഴിക്കോട്, 20 ന് വടകര, 21 ന് കാസര്‍കോട്, 22 ന് കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

‘ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്ക് ക്ഷണിക്കും’; വിവാദം ശ്രദ്ധതിരിക്കാനെന്ന് സുരേഷ് ഗോപി

‘ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്ക് ക്ഷണിക്കും’; വിവാദം ശ്രദ്ധതിരിക്കാനെന്ന് സുരേഷ് ഗോപി

തൃശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശൂരിലെ ബിജെപി ലോക്‌സഭ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുടുംബ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്ക് രാമകൃഷ്ണനെ ക്ഷണിക്കുമെന്നും പ്രതിഫലം നല്‍കിയാകും ക്ഷണിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്നും സര്‍ക്കാരിനെതിരായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിയാശാന്റെയും കുടുംബത്തിന്റേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. ”നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമുള്ള” സത്യഭാമയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. ഇതിന് പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനം അപേക്ഷ ക്ഷണിക്കുന്നു

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനം അപേക്ഷ ക്ഷണിക്കുന്നു

ചിറയിന്‍കീഴ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. എക്‌സ് സര്‍വീസ് മിലിട്ടറി, പാരാമിലിട്ടറി, പോലീസ് എന്നീ വീഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പ്രായം- 18 വയസ്സിനും 60 വയസ്സിനും മധ്യേ, താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0470-2640380 എന്ന നമ്പരില്‍ ബന്ധപ്പെടുക.

‘സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; സജി ചെറിയാൻ

‘സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; സജി ചെറിയാൻ

ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്നും മന്ത്രി.മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണന്‍. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ്‌ കേരളത്തിനുള്ളത്.

കല ആരുടേയും കുത്തകയല്ല. ആര്‍എല്‍വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍എല്‍വി രാമകൃഷ്ണനോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.