by liji HP News | Mar 21, 2024 | Latest News, ദേശീയ വാർത്ത
സൂര്യനില്‍ നിന്നും ഭൂമിയെ മറച്ചു കൊണ്ട് ചന്ദ്രന്‍ പതിവിലും കൂടുതല്‍ ഭൂമിക്ക് അടുത്തു കൂടി കടന്നു പോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ആ സമയത്ത് സൂര്യന്റെ പ്രകാശം തടഞ്ഞ് ഭൂമിയുടെ ഉപരിതലത്തിലേക്ക് നിഴല്‍വീഴുകയും ചെയ്യും. ഈ പ്രതിഭാസം എപ്പോഴും സംഭവിക്കാറില്ല.
1970ല്‍ ഒഹായോയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുന്‍ പേജ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഇന്ന് കോടിക്കണക്കിന് ആളുകള്‍ സൂര്യഗ്രഹണം കാണുന്നു. ഇനി കാണുക 2024ല്‍’- എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. തലക്കെട്ടിനൊപ്പം സൂര്യഗ്രഹണത്തിന്‍റെ ആറ് ചിത്രങ്ങളും പേജിലുണ്ട്. 54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 2024ല്‍ വരാനിരിക്കുന്ന സൂര്യഗ്രഹണത്തെ പ്രവചിക്കുന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലും കൗതുകമായി.
2024 ഏപ്രില്‍ എട്ടിനാണ് ആ ദിവസം. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം ദൃശ്യമാകാന്‍ സാധ്യതയുള്ള സൂര്യഗ്രഹം നാല് മിനിറ്റും 28 സെക്കറ്റുകളുമാണ് നീണ്ടു നില്‍ക്കുക.
പൂര്‍ണ സൂര്യഗ്രഹണം അപൂര്‍വമായാണ് സംഭവിക്കുന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ മറ്റൊന്ന് കൂടി കാണാനുള്ള ഭാഗ്യമുണ്ട്. 2026 ഓഗസ്റ്റ് 12 ന് ഗ്രീൻലാൻഡ്, ഐസ്‌ലൻഡ്, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളില്‍ മറ്റൊരു സംമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ആകുമെന്നാണ് പ്രവചനം.
എക്‌സിലൂടെ പങ്കുവെച്ച ഈ പഴയ പത്ര വാര്‍ത്ത വളരെ പെട്ടന്ന് തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. ‘അന്ന് ഈ പത്രവാര്‍ത്ത വാർത്ത വായിച്ച ആളുകള്‍ ഒരുപക്ഷേ 2024ല്‍ ലോകം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുണ്ടാവാം’ എന്നായിരുന്നു- ഒരാളുടെ കമന്റ്. ‘ശാസ്ത്രവും ചരിത്രവും ഒരൊറ്റ പത്ര പേജിൽ’- എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ‘അന്ന് പ്രവചിച്ച ദിനം നമ്മള്‍ കാണാന്‍ പോകുന്നു’ എന്നും കമന്റുകളുണ്ടായിരുന്നു.
by liji HP News | Mar 21, 2024 | Latest News, കേരളം
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം കെ ജയരാജിന് തുടരാമെന്ന് ഹൈക്കോടതി. വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം കാലടി സര്‍വകലാശാല വിസി യെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെട്ടില്ല.
വിസി സ്ഥാനം ഒഴിയണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്താണ് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കാലിക്കറ്റ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയത്, യുജിസി ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ് ചാന്‍സലര്‍ ഡോ. ജയരാജിന്റെ നിയമനം അസാധുവാക്കി ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.കാലടി സര്‍വകലാശാല വിസി നിയമനത്തില്‍, ഡോ. എം വി നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്.
തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും, ഏറ്റവും യോഗ്യനായ വ്യക്തി എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി തന്റെ പേര് മാത്രം ശുപാര്‍ശ ചെയ്തതെന്നും ഡോ. എംവി നാരായണന്‍ വാദിച്ചു. അതില്‍ ചട്ടലംഘനമില്ലെന്നാണ് കാലടി വിസി വാദിച്ചത്. എന്നാല്‍ കാലടി വിസിയുടെ നിയമനം റദ്ദാക്കിയ ചാന്‍സലറുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
by liji HP News | Mar 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ എൽ.ഡി.എഫ് വെസ്റ്റ് മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി സുഗുണൻ, ഏരിയാ കമ്മിറ്റിയംഗം സി ദേവരാജൻ, മേഖലാ സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ മുനിസിപ്പൽ ചെയർമാൻ സി.ജെ രാജേഷ് കുമാർ, മേഖല കമ്മിറ്റി അംഗങ്ങളായഎസ് സതീഷ് കുമാർ, സുഖിൽ, രാജേഷ്, ജയചന്ദ്രൻ, എസ്.എസ് ബൈജു, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം വീണ, ബിന്ദു എന്നിവർ പങ്കെടുത്തു.
by liji HP News | Mar 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വെള്ളൂർക്കോണം ലക്ഷ്മി ഭവനിൽ സുരേഷ് (53) അൽഹസ്സയിലെ ഷുക്കൈക്കിൽ
ഹൃദയാഘാതം മൂലം നിര്യാതനായി. 30 വർഷമായി അൽഹസ്സയിൽ നിർമ്മാണമേഖലയിൽ ജോലിചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അൽഹസ്സ ഒഐസീസി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി യുടെ നേതൃത്വത്തിൽ അൽഹസ്സയിലെ സാമൂഹ്യപ്രവർത്തകർ രംഗത്തുണ്ട്.
ഭാര്യ: ഡാനി
മക്കൾ: ജിഷ്ണു, ശ്രീജിത്ത്
by liji HP News | Mar 21, 2024 | Latest News, കേരളം
തൃശൂര്‍: വംശീയ അധിക്ഷേപങ്ങളെ ന്യായീകരിച്ച് നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം സത്യഭാമ. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.
മോഹിനിയാട്ടം അവതരിപ്പിക്കുന്ന മാഡം സുന്ദരിയാണെന്ന് കരുതുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘ഞാന്‍ ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ലേ. അതെനിക്ക് മതി. അതില്‍ റിപ്പോര്‍ട്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒരു മാധ്യമങ്ങള്‍ക്കും പൊള്ളേണ്ട കാര്യമില്ല’.
കോടതിക്കും പൊലീസിനും തെളിവാണ് വേണ്ടത്. താന്‍ ഒരു വ്യക്തിയുടേയും പേരു പറഞ്ഞിട്ടില്ല. പേരു പറഞ്ഞാലാണ് കുഴപ്പമുള്ളത്. നിങ്ങള്‍ എല്ലാവരും കൂടി ആ വ്യക്തിയുടെ കൂടെ കൂടിക്കോളൂ. ഒരു വിരോധവുമില്ല. ‘എന്റെ പേരിനൊപ്പമുള്ള കലാമണ്ഡലം എന്നത് എടുത്തു കളയാനൊന്നും ആര്‍ക്കും പറ്റില്ല. അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. വ്യക്തിപരമായി ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. എന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും അഭിപ്രായം പറയും’.
‘ഞാന്‍ സൗന്ദര്യത്തെക്കുറിച്ചാണ് പറഞ്ഞത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പോലത്തെ തൊഴിലല്ല ഇത്. ഇതിന് അത്യാവശ്യം സൗന്ദര്യം അടക്കമുള്ള കാര്യങ്ങളുണ്ട്. യുവജനോത്സവത്തില്‍ സൗന്ദര്യം എന്ന കോളം എടുത്തു കളയാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കുട്ടിക്ക് മോഹിനിയാട്ടത്തിന് സമ്മാനം കൊടുത്തപ്പോള്‍, ആ കുട്ടിക്ക് എന്തു സൗന്ദര്യമാണുള്ളതെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.’
മാഡത്തിന്റെ മക്കള്‍ കറുത്തതാണെങ്കില്‍ അവര്‍ക്ക് സൗന്ദര്യം ഇല്ല എന്നാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘കറുത്തതല്ല എന്നുള്ളത് ഞാനും എന്റെ ഭര്‍ത്താവും കൂടി തീരുമാനിച്ചോളാം. നിങ്ങള്‍ തീരുമാനിക്കേണ്ടെന്ന്’ സത്യഭാമ മറുപടി പറഞ്ഞു. കറുത്ത കുട്ടി വന്നാല്‍ പഠിപ്പിക്കും. പക്ഷെ മത്സരത്തിന് പോകണ്ടാന്ന് പറയും. തൊഴിലു പഠിച്ചാല്‍ അമ്പലങ്ങളിലും മറ്റും കളിക്കുന്നതിന് കുഴപ്പമില്ല. പക്ഷെ മത്സരത്തിന് പോകുമ്പോള്‍ സൗന്ദര്യം എന്ന കോളമുണ്ട്. സൗന്ദര്യമില്ലെങ്കില്‍ അവര്‍ മാര്‍ക്ക് ഇടില്ലെന്ന് സത്യഭാമ പറഞ്ഞു.
ഇതില്‍ കലാകാരന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അത് സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം. മത്സരത്തിന് സൗന്ദര്യം എന്ന കോളം എടുത്തുകളയണം. ഞങ്ങളൊക്കെ തിയറിയില്‍ ഡിപ്ലോമ ഒക്കെ എടുത്തവരാണ്. തിയറിയില്‍ ഒരു നര്‍ത്തകിക്ക് വേണ്ട ലക്ഷണങ്ങളെക്കുറിച്ചൊക്കെ പറയുന്നുണ്ട്. ആര്‍എല്‍വിയുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല. കലാമണ്ഡലത്തിലാണ് പഠിച്ചതെന്നും സത്യഭാമ പറഞ്ഞു.
‘നിങ്ങളൊന്നും അംഗീകരിച്ചില്ലെങ്കിലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ആരെയും തേജോവധം ചെയ്തിട്ടില്ല. എന്റെ അഭിപ്രായം ഇനിയും പറയും. ഒരു മര്യാദയും മാനദണ്ഡവുമില്ല, എന്റെ സ്വന്തം അഭിപ്രായം അനുസരിച്ചാണ് പറഞ്ഞത്. ഞാന്‍ ഒരു വ്യക്തിയെയും ജാതിയേയും പറഞ്ഞിട്ടില്ല. ഒരു പൊതു വികാരം ഉയര്‍ന്നിട്ടും കാര്യമില്ല. ധാര്‍ഷ്ട്യവും ഒന്നുമല്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. നിങ്ങള്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും’ സത്യഭാമ പറഞ്ഞു.
Recent Comments