ഭര്‍ത്താവിനെ യാത്രയാക്കാന്‍ എത്തി; മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഭര്‍ത്താവിനെ യാത്രയാക്കാന്‍ എത്തി; മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

കൊച്ചി: ഭര്‍ത്താവിനെ യാത്രയാക്കിയ ശേഷം അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ടു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏലൂര്‍ ഫെറിക്കു സമീപം തൈപ്പറമ്പില്‍ ബെന്നി വര്‍ഗീസിന്റെ ഭാര്യ ജോസ്‌മേരി (54) ആണ് മരിച്ചത്. ജന്മദിനപ്പിറ്റേന്നായിരുന്നു ജോസ്‌മേരിയുടെ മരണം. ഏലൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു ജോസ്‌മേരി.

ഇന്നലെ പുലര്‍ച്ചെ 5.45നാണ് അപകടം ഉണ്ടായത്. രക്തപരിശോധനയ്ക്കു ജീപ്പില്‍ പോയ ഭര്‍ത്താവ് ബെന്നിയെ യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുമ്പോഴായിരുന്നു അപകടം. വശങ്ങളിലേക്കു തള്ളിനീക്കുന്ന ഭാരമുള്ള ഇരുമ്പ് ഗേറ്റാണ് മറിഞ്ഞുവീണത്. ഗേറ്റിന്റെ ഭാരം താങ്ങാനാവാതെ തലയടിച്ചുവീണ ജോസ്‌മേരിക്കു മേല്‍ ഗേറ്റ് പതിക്കുകയായിരുന്നു. ജോസ്‌മേരിയുടെ കൈകളില്‍ ടോര്‍ച്ചും ചായക്കപ്പും ഉണ്ടായിരുന്നതിനാല്‍ ഗേറ്റ് പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല.

വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന മക്കളും അപകടം അറിഞ്ഞില്ല. ഭാര്യയെ ബസ് കയറ്റിവിടാന്‍ വന്ന സമീപവാസിയായ ഷിബുവാണു മറിഞ്ഞുകിടന്ന ഗേറ്റിനടിയില്‍ വസ്ത്രത്തിന്റെ തുമ്പുകണ്ട് അപകടവിവരം സമീപവാസികളെ അറിയിച്ചത്. സമീപവാസികള്‍ ഓടിയെത്തി ഗേറ്റ് ഉയര്‍ത്തിമാറ്റി ജോസ്‌മേരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തെയാണ് അനുവദിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേതനവര്‍ധനവില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റിയാണ് വേതനവര്‍ധനവിന് ശുപാര്‍ശ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലുമായി ശരാശരി 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നാണ് 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തികവര്‍ഷം ആറുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിവഴി തൊഴില്‍ ലഭിച്ചത്.

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: കലാഭവന്‍ മണിക്ക് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: കലാഭവന്‍ മണിക്ക് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു

ചാലക്കുടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കലാഭവന്‍ മണിക്ക് ജന്മനാട്ടിൽ സ്മാരകം യാഥാർഥ്യമാകുന്നു. ചാലക്കുടിക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് കലാഭവൻ മണി സ്മാരക നിര്‍മാണത്തിന് തുടക്കമായത്. സാംസ്‌കാരിക വകുപ്പിന്‍റേയും കേരള ഫോക് ലോര്‍ അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിലാണ് സ്മാരക നിര്‍മാണം.

നിര്‍മാണത്തിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. കുഴല്‍കിണര്‍ നിര്‍മാണവും അടുത്ത ദിവസം ആരംഭിക്കും. നാടൻ കലകളുടെ ഗവേഷണ കേന്ദ്രവും തിയ്യറ്റര്‍ സമുച്ചയവും സ്മാരക മന്ദിരത്തിന്‍റെ ആകര്‍ഷണങ്ങളാണ്.

സ്മാരക നിര്‍മാണത്തിനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിർമിക്കാൻ ഉദ്ദേശിച്ചിരുന്നതിന്‍റെ പകുതി വലിപ്പത്തിലാണ് സ്മാരകം നിർമിക്കുന്നത്. നഗരസഭ വിട്ടു നൽകിയ 20 സെന്‍റ് സ്ഥലത്ത് ആറായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ഇപ്പോൾ സ്മാരകം നിർമിക്കുക.സനീഷ്കുമാർ ജോസഫ് എംഎൽഎ നിരന്തരമായി മന്ത്രിക്ക് നൽകിയ കത്തിന്‍റേയും മറ്റും അടിസ്ഥാനത്തിലാണ് ഇപ്പോഴെങ്കിലും സ്മാരകത്തിന്‍റെ നിർമാണം ആരംഭിക്കുന്നത്. ഫോക് ലോർ അക്കാദമിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല.

വി.ആർ.പുരം സ്വദേശിയാണ് സ്മാരകത്തിന്‍റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 6ന് മണിയുടെ എട്ടാം അനുസ്മരണത്തിന് മുന്നോടിയായി നിർമാണം ആരംഭിക്കാമെന്ന് സനീഷ് കുമാർ എംഎൽഎ, ഫോക് ലോർ അക്കാദമി സെക്രട്ടറി, ഊരാളുങ്കൽ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല

സ്മാരക നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. വിദ്യഭ്യാസ വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലം സാംസ്‌കാരിക വകുപ്പിന് വിട്ടു നൽകിയുള്ള ഉത്തരവ് ലഭിക്കാൻ ഏറെ സമയം എടുത്തതിനാൽ നിർമാണം നീണ്ടു പോവുകയായിരുന്നു.

നിലവില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്തോട് ചേര്‍ന്ന് 15 സെന്‍റ് കൂടി ലഭ്യമായാല്‍ സ്മാരക മന്ദിരത്തില്‍ കൂടതല്‍ സൗകര്യങ്ങളൊരുക്കാനാകും. ഇതിനായി അധിക ഭൂമി വേണമെങ്കിൽ വിട്ടു നൽകാമെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തുക ഇനിയും അനുവദിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നഗരസഭ അധികൃതര്‍ക്ക് ഉറപ്പ് നല്കിയിരുന്നു. നിർമാണം നീണ്ടു പോയപ്പോൾ കലാകാരന്‍മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ സമരങ്ങളാണ് നടത്തിയത്.

ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയുടെ പേരിലുള്ള സ്മാരകം മുൻ തീരുമാനത്തിന് വിരുദ്ധമായി ചെറുതാക്കി പണിയുന്നതിൽ മണിയുടെ ആരാധകർക്ക് പ്രതിഷേധമുണ്ട് എങ്കിലും സാംസ്‌കാരിക വകുപ്പും ഫോക് ലോര്‍ അക്കാദമിയും കലാഭവന്‍ മണി സ്മാരകത്തിന്‍റെ നിര്‍മാണത്തിന് തുടക്കമിട്ടിരിക്കുന്നതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.

മുണ്ടക്കയത്തിന്റെ അഭിനയ പ്രതിഭകൾ… ലഹരിയെ മറികടക്കാൻ ഗവണ്മെന്റ് ഹൈസ്കൂൾ കുഴിമാവ് ഒരുക്കിയ ഷോർട് ഫിലിം നിഴൽ കൈയടി നേടുന്നു

മുണ്ടക്കയത്തിന്റെ അഭിനയ പ്രതിഭകൾ… ലഹരിയെ മറികടക്കാൻ ഗവണ്മെന്റ് ഹൈസ്കൂൾ കുഴിമാവ് ഒരുക്കിയ ഷോർട് ഫിലിം നിഴൽ കൈയടി നേടുന്നു

ഗവണ്മെന്റ് ഹൈസ്കൂൾ കുഴിമാവ് സ്കൂളിന്റെ ലഹരി വിരുദ്ധ നവകേരളത്തിനായി നിർമ്മിച്ച ഷോർട്ട് ഫിലിം നിഴൽ പുറത്തിറങ്ങി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി ഇ ഒ കാഞ്ഞിരപ്പള്ളിയിൽ (രാകേഷ് et (KAS) നിന്നും നിർദേശപ്രകാരം കുഴിമാവ് സ്കൂളിലെ പി ടി എ & സ്റ്റാഫ് ‘നിഴൽ’ എന്ന ചിത്രത്തിനായി രംഗത്തിറങ്ങുകയായിരുന്നു. കുഴിമാവ് സ്കൂളിലെ എച്ച് എം സബീല നിർമ്മാണം നിർവഹിച്ച പ്രസ്തുത ചിത്രം പാർത്ഥസാരഥി കരുണാകരൻ ഡയറക്ഷൻ നിർവഹിച്ചു.

ഗിരി ആരാധ്യ സ്ക്രിപ്റ്റ് എഴുതി, പാർത്ഥസാരഥി സംഗീത സംവിധാനം നിർവഹിച്ച്, അമൽ ഗോപിനാഥ് ക്യാമറയും എഡിറ്റിങ്ങും നടത്തി. ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി. മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്ക് ഗോപകുമാർ, സന്തോഷ് കുമാർ എന്നിവരുടെ സഹായവും ഉണ്ടായി. ഈ സ്കൂളിലെ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ അംഗങ്ങൾ എന്നിവരാണ് കഥാപാത്രങ്ങൾ. സന്തോഷ് കുമാറിന്റെ മകൾ നിഴൽ-നു ഈണം പകർന്നു. B2 ഡിജിറ്റൽ ആറ്റിങ്ങൽ സ്റ്റുഡിയോ കൈകാര്യം ചെയ്തു. കുഴിമാവ്, കണ്ടങ്കയം, മൂഴിക്കൽ എന്നീ പ്രദേശങ്ങളിലാണ് ചിത്രീകരണം നടന്നത്.

പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ബില്‍ തുക കൂടില്ല; നിലവിലെ ബില്ലിങ് രീതി തുടരും

പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ബില്‍ തുക കൂടില്ല; നിലവിലെ ബില്ലിങ് രീതി തുടരും

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ള ബില്ലിങ് രീതി തുടരും.നിലവിലെ ബില്ലിങ് രീതിയില്‍ മാറ്റം വരുത്താന്‍ നടപടികള്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസ് അറിയിച്ചു. ഇത് മാറ്റാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയിട്ടില്ലെന്നും ടി കെ ജോസ് വ്യക്തമാക്കി.

പുനരുപയോഗ സ്രോതസ്സുകളുടെ മീറ്ററിങ് സംബന്ധിച്ച കരട് ചട്ടങ്ങളെപ്പറ്റിയുള്ള തെളിവെടുപ്പിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ലാഭകരമായ നെറ്റ് ബില്ലിങ് രീതി മാറ്റി, വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന ഗ്രോസ് മീറ്ററിങ് നടപ്പാക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആശങ്കയെ തുടര്‍ന്ന് സോളാര്‍ വൈദ്യുതി ഉല്‍പ്പാദകരും കമ്പനി പ്രതിനിധികളുമായി ഒട്ടേറെപ്പേര്‍ തെളിവെടുപ്പിനെത്തിയിരുന്നു.

ഗ്രോസ് മീറ്ററിങ് നടപ്പാക്കണമെന്ന ആവശ്യം ബോര്‍ഡ് ഉന്നയിച്ചാല്‍ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കമ്മീഷന്‍ പറഞ്ഞു. തെളിവെടുപ്പില്‍ പങ്കെടുത്തവരൊക്കെ ബില്ലിങ് രീതി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭേദഗതിയില്‍ ബില്ലിങ് രീതി സംബന്ധിച്ച നിര്‍വചനം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ പിന്തുടര്‍ന്നാണ്. അല്ലാതെ ഈ മാറ്റം നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിശദീകരിച്ചു.

നെറ്റ് ബില്ലിങ് രീതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മറ്റുപല സംസ്ഥാനങ്ങളും ബില്ലിങ് രീതി മാറ്റിയെങ്കിലും സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാലിത് ബോര്‍ഡിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കും. ഇതും സംസ്ഥാനത്തിന്റെ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദന നയവും സംബന്ധിച്ച വിശദമായ പരിശോധന നടത്തിയശേഷമേ ബില്ലിങ് രീതി മാറ്റുന്നതില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.